ഇസ്‌ലാമാബാദ്: ലോകകപ്പിലെ ദയനയ പ്രകടനത്തിന്‍റെ പശ്ചാത്തലത്തില് ബാബർ അസം പാക്കിസ്ഥാന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഒഴിയും. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ബാബറിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നായകപദി ഒഴിയമമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് വിവരം.
ഏഷ്യാ കപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ബാബറിന്‍റെ ക്യാപ്റ്റന്‍സിയില്‍ മുന്‍ താരങ്ങളടക്കമുള്ളവര്‍ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ടീമിനെ കെട്ടുറപ്പോടെ നയിക്കുന്നതില്‍ ബാബര്‍ പരാജയപ്പെട്ടതായാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. ഡ്രസിങ് റൂമില്‍ ടീം രണ്ട് വിഭാഗമാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പേസ് സൂപ്പര്‍ താരം ഷഹീന്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ വിമത സംഘം ബാബര്‍ അടക്കമുള്ളവര്‍ക്കെതിരെ തിരിഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മികച്ച രീതിയില്‍ തുടങ്ങിയ പാക്കിസ്ഥാന് പിന്നീട് തുടരെ തോല്‍വികള്‍ നേരിട്ടതാണ് തിരിച്ചടിയായത്. ഇന്ത്യയോട് പരാജയപ്പെട്ടത് വലിയ നാണക്കേടുണ്ടാക്കി.
അഫ്ഗാനിസ്ഥാനോടു വരെ അവര്‍ അട്ടിമറി തോല്‍വി വഴങ്ങി. എന്നാല്‍ അവസാന ഘട്ടത്തില്‍ വീണ്ടും വിജയ വഴിയില്‍ എത്തിയെങ്കിലും ന്യൂസിലന്‍ഡിന്‍റെ ശ്രീലങ്കക്കെതിരായ വന്‍ മാര്‍ജിന്‍ വിജയം അവരുടെ നേരിയ സെമി സാധ്യതകളും അടച്ചു.
അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാനെത്തിയപ്പോൾ ഒരാശ്വാസ ജയം കൂടി നേടാനുമായില്ല.