ബ്രിജ് ഭൂഷണെതിരേ സമരം ചെയ്യാൻ പ്രേരിപ്പിച്ചത് ബബിത ഫോഗട്ട്: സാക്ഷി മാലിക്

റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷയാകാനുള്ള ബിജെപി നേതാവ് കൂടിയായ ബബിതയുടെ നീക്കത്തിന്‍റെ ഭാഗമായിരുന്നു ഇതെന്നും സാക്ഷിയുടെ വെളിപ്പെടുത്തൽ
Babita Phogat
ബബിത ഫോഗട്ട്
Updated on

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ടാണ് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ സമരം ചെയ്യാൻ ഗുസ്തി താരങ്ങളെ പ്രേരിപ്പിച്ചതെന്ന് സമരത്തിന്‍റെ മുന്നണിയിൽ നിന്ന ഗുസ്തി താരം സാക്ഷി മാലിക്. WFI അധ്യക്ഷയാകാനുള്ള ബബിതയുടെ നീക്കത്തിന്‍റെ ഭാഗമായിരുന്നു ഇതെന്നും സാക്ഷി.

ഗുസ്തി താരങ്ങളുടെ യോഗം വിളിച്ചുകൂട്ടിയാണ് ബ്രിജ് ഭൂഷണെതിരേ പെരുമാറ്റദൂഷ്യവും ലൈംഗിക പീഡനവും അടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ ബബിത പറഞ്ഞത്. അതിനെല്ലാം പിന്നിൽ സ്വാർഥ താത്പര്യങ്ങൾ മാത്രമായിരുന്നു- സാക്ഷി കൂട്ടിച്ചേർത്തു.

Sakshi Malik
സാക്ഷി മാലിക്
സഹായിച്ചത് കോൺഗ്രസല്ല. രണ്ട് ബിജെപി നേതാക്കളാണ് ഹരിയാനയിൽ പ്രതിഷേധം നടത്താൻ അനുമതി നേടിത്തന്നത്.
സാക്ഷി മാലിക്

''ഞങ്ങളുടെ സമരത്തെ കോൺഗ്രസ് പിന്തുണച്ചു എന്നൊരു പ്രചരണമുണ്ട്. അത് ശരിയല്ല. യഥാർഥത്തിൽ രണ്ട് ബിജെപി നേതാക്കളാണ് ഹരിയാനയിൽ പ്രതിഷേധം നടത്താൻ അനുമതി നേടിത്തന്നത്- ബബിത ഫോഗട്ടും തിരത് റാണയുമായിരുന്നു അവർ'', സാക്ഷി വ്യക്തമാക്കി.

സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയുമാണ് ബ്രിജ് ഭൂഷണെതിരേ ഗുസ്തി താരങ്ങളുടെ സമരം നയിച്ചത്. ബജ്റംഗ് പൂനിയയുടെയും വിനേഷ് ഫോഗട്ടിന്‍റെയും അടുപ്പക്കാർ അവരുടെ മനസുകളിൽ അത്യാഗ്രഹം നിറച്ചതോടെയാണ് പ്രക്ഷോഭത്തിൽ വിള്ളലുകളുണ്ടായതെന്നും സാക്ഷി മാലിക് പറയുന്നു. ബബിത - ഗീത ഫോഗട്ട് സഹോദരിമാരുടെ പിതൃസഹോദര പുത്രിയാണ് വിനേഷ് ഫോഗട്ട്.

ബജ്റംഗ് പൂനിയയുടെയും വിനേഷ് ഫോഗട്ടിന്‍റെയും അടുപ്പക്കാർ അവരുടെ മനസുകളിൽ അത്യാഗ്രഹം നിറച്ചതോടെയാണ് പ്രക്ഷോഭത്തിൽ വിള്ളലുണ്ടായത്.
സാക്ഷി മാലിക്

പ്രായപൂർത്തിയാകാത്തവർ അടക്കമുള്ള വനിതാ ഗുസ്തി താരങ്ങളെ ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ഗുസ്തി താരങ്ങളുടെ സമരം. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും ഡൽഹി കോടതിയുടെ പരിഗണനയിലാണ്.

Bajrang Punia and Vinesh Phogat with Rahul Gandhi
ബജ്റംഗ് പൂനിയയും വിനേഷ് ഫോഗട്ടും രാഹുൽ ഗാന്ധിക്കൊപ്പം
സമരത്തിനു പിന്നിലുള്ള കാരണങ്ങൾ യഥാർഥമായിരുന്നെങ്കിലും അതിനു തിരി കൊളുത്തിയത് ബബിത തന്നെയായിരുന്നു.
സാക്ഷി മാലിക്

റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സസ്പെൻഡ് ചെയ്യപ്പെട്ടതിനെത്തുടർന്ന് ഭരണം ഏറ്റെടുത്ത അഡ് ഹോക് കമ്മിറ്റി വിനേഷ് ഫോഗട്ടിനും ബജ്റംഗ് പൂനിയക്കും ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കുന്നതിൽനിന്ന് ഇളവ് നൽകിയിരുന്നു. എന്നാൽ, സാക്ഷി മാലിക് ഈ സൗജന്യം സ്വീകരിച്ചില്ല.

സമരത്തിനു പിന്നിലുള്ള കാരണങ്ങൾ യഥാർഥമായിരുന്നെങ്കിലും അതിനു തിരി കൊളുത്തിയത് ബബിത തന്നെയായിരുന്നു എന്നും സാക്ഷി മാലിക് വിശദീകരിച്ചു.

ഞങ്ങളെ വച്ച് ഇത്രയും വലിയ കളി ബബിത കളിക്കുമെന്നു തീരെ പ്രതീക്ഷിച്ചില്ല.
സാക്ഷി മാലിക്
Brij Bhushan Sharan Singh
ബ്രിജ് ഭൂഷൺ ശരൺ സിങ്

''ഫെഡറേഷനുള്ളിൽ ലൈംഗിക പീഡനം പോലുള്ള സംഭവങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. മുൻ കായികതാരം കൂടിയായ ബബിതയെ പോലൊരു വനിത അധികാരത്തിലെത്തിയാൽ കാര്യങ്ങൾക്ക് മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷ. ഞങ്ങളുടെ പോരാട്ടങ്ങളെ ബബിത മനസിലാക്കുമെന്നായിരുന്നു വിശ്വാസം. ഞങ്ങളെ വച്ച് ഇത്രയും വലിയ കളി അവർ കളിക്കുമെന്നു തീരെ പ്രതീക്ഷിച്ചില്ല'', സാക്ഷി പറഞ്ഞു.

Trending

No stories found.

Latest News

No stories found.