മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഗൗതം ഗംഭീർ, ബിസിസിഐ സംഘടിപ്പിച്ച അഭിമുഖത്തിൽ പങ്കെടുത്തു. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയാണ് അഭിമുഖം നടത്തിയത്. മുൻ ഇന്ത്യൻ താരങ്ങളായ അശോക് മൽഹോത്ര, ജതിൻ പരഞ്ജ്പെ, സുലക്ഷണ നായിക് എന്നിവരാണ് സമിതി അംഗങ്ങൾ.
ഗംഭീർ അപേക്ഷ അയച്ചു എന്നതിന് ഇതോടെ സ്ഥിരീകരണമായെങ്കിലും എത്ര പേർ അപേക്ഷിച്ചിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. മേയ് 27 ആയിരുന്നു അപേക്ഷ അയയ്ക്കുന്നതിനുള്ള അവസാന തീയതി. ഐപിഎൽ ടീമുകളായ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെയും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും മെന്‍ററായി പ്രവർത്തിച്ചതാണ് പരിശീലന രംഗത്ത് ഗംഭീറിനുള്ള മുൻപരിചയം. ഇതിൽ എൽഎസ്‌ജി രണ്ടു വട്ടം പ്ലേഓഫ് യോഗ്യത നേടിയപ്പോൾ കോൽക്കത്ത് ഇക്കഴിഞ്ഞ സീസണിൽ ചാംപ്യൻമാരുമായിരുന്നു.
മുഖ്യ പരിശീലകന്‍റെ ജോലിയിൽ തനിക്കു താത്പര്യമില്ലെന്ന് വി.വി.എസ്. ലക്ഷ്മൺ കഴിഞ്ഞ വർഷം തന്നെ ബിസിസിഐയെ അറിയിച്ചതോടെയാണ് രാഹുൽ ദ്രാവിഡിനു മറ്റൊരു പിൻഗാമിയെ തേടേണ്ടിവന്നത്. രവി ശാസ്ത്രിയുടെ പിൻഗാമിയായി ഇന്ത്യൻ ടീമിന്‍റെ ചുമതലയേറ്റ ദ്രാവിഡിന്‍റെ കാലാവധി 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ പൂർത്തിയായിരുന്നു. അതിനുശേഷം ബിസിസിഐയുടെ അഭ്യർഥനപ്രകാരം ടി20 ലോകകപ്പ് വരെ നീട്ടുകയാണ് ചെയ്തത്.
മൂന്നര വർഷത്തെ കരാറായിരിക്കും പുതിയ പരിശീലകനു നൽകുക എന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. 2024 ജൂലൈ മുതൽ 2027 ഡിസംബർ വരെയാണിത്. ഇതിനുള്ളിലാണ് അടുത്ത ടി20, ഏകദിന ലോകകപ്പുകളും ടെസ്റ്റ് ലോക ചാംപ്യൻഷിപ്പ് ഫൈനലും വരുന്നത്. മൂന്നു ഫോർമാറ്റിലും ഒറ്റ പരിശീലകൻ മതിയെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിട്ടുള്ളത്.