ദ്രാവിഡിന്‍റെ പിൻഗാമിയാകാൻ വിദേശ പരിശീലകൻ?

ഇന്ത്യൻ പരിശീലകർക്കു കീഴിൽ മികച്ച ടീമുകൾ രൂപപ്പെട്ടെങ്കിലും ഐസിസി കിരീടങ്ങൾ കിട്ടാക്കനിയായി തുടരുകയാണ്. 2011ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ ഗാരി കേസ്റ്റൻ ആയിരുന്നു കോച്ച്.
ദ്രാവിഡിന്‍റെ പിൻഗാമിയാകാൻ വിദേശ പരിശീലകൻ?
റിക്കി പോണ്ടിങ്, സ്റ്റീഫൻ ഫ്ളെമിങ്.
Updated on

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബിസിസിഐ. നിലവിലുള്ള കോച്ച് രാഹുൽ ദ്രാവിഡിന്‍റെ കാലാവധി ഏകദിന ലോകകപ്പോടെ അവസാനിച്ചിരുന്നു. ട്വന്‍റി20 ലോകകപ്പ് വരെ നീട്ടിക്കൊടുത്ത കാലാവധിയും അവസാനിക്കാൻ പോകുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകനെ അന്വേഷിക്കുന്നത്. ദ്രാവിഡിനു തുടരാൻ താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷ അയച്ച് ഇന്‍റർവ്യൂവിൽ പങ്കെടുക്കണമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. അതായത്, അദ്ദേഹത്തിന്‍റെ കരാർ പുതുക്കാൻ താത്പര്യമില്ലെന്നു തന്നെ അർഥം.

ഇന്ത്യൻ ടീമിനെ മികവിന്‍റെ നെറുകയിലെത്തിച്ച ജോൺ റൈറ്റിനും ഗാരി കേസ്റ്റനും ശേഷം ഇന്ത്യക്ക് വിദേശ പരിശീലകർ വന്നിട്ടില്ല. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോൾ കേസ്റ്റനായിരുന്നു കോച്ച്. 2007ൽ ട്വന്‍റി20 ലോകകപ്പ് നേടുമ്പോൾ ഹെഡ് കോച്ച് ഉണ്ടായിരുന്നതുമില്ല.

ഇടക്കാലത്ത് ഗ്രെഗ് ചാപ്പൽ വന്നത് ടീമിൽ വലിയ പൊട്ടിത്തെറികൾക്കും കാരണമായിരുന്നു. പിന്നീട് അനിൽ കുംബ്ലെ, രവി ശാസ്ത്രി തുടങ്ങി മുൻ ഇന്ത്യൻ താരങ്ങളെ മാത്രമാണ് പരിശീലകരമായി പരിഗണിച്ചിരുന്നത്. എന്നാൽ, ഇവരുടെ കീഴിൽ മികവുറ്റ ടീമുകൾ രൂപപ്പെട്ടെങ്കിലും ഐസിസി ട്രോഫികൾ കിട്ടാക്കനിയായി തുടരുകയാണ്. ഈ കുറവ് നികത്താൻ വീണ്ടും വിദേശ പരിശീലകരെ ആശ്രയിക്കുക എന്ന ആലോചന ബിസിസിഐക്കുണ്ട്. ട്വന്‍റി20 ലോകകപ്പിൽ കൂടി ഇന്ത്യക്ക് കിരീടം നേടാനായില്ലെങ്കിൽ ഈ വാദത്തിനു ശക്തി ഏറുകയും ചെയ്യും.

ഫ്ളെമിങ്ങും പോണ്ടിങ്ങും

ചെന്നൈ സൂപ്പർ കിങ്സിന്‍റെ കോച്ച് സ്റ്റീഫൻ ഫ്ളെമിങ്, ഡൽഹി ക്യാപ്പിറ്റൽസിന്‍റെ കോച്ച് റിക്കി പോണ്ടിങ് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ എന്ന നിലയിലും മികവ് പുലർത്തിയ ആളാണ് ഫ്ളെമിങ്. പോണ്ടിങ് ആകട്ടെ, ലോകകപ്പ് അടക്കം നിരവധി നേട്ടങ്ങളിലേക്ക് ഓസ്ട്രേലിയയെ നയിച്ച ക്യാപ്റ്റനും. ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഐപിഎൽ മികവുകൾക്കു പിന്നിലും ഫ്ളെമിങ്ങിന്‍റെ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ, ഇവരെ ആരെയും ബിസിസിഐ ഔപചാരികമായി അങ്ങോട്ടു സമീപിക്കാൻ സാധ്യതയില്ല. പിൻവാതിൽ ചർച്ചകൾക്കു സാധ്യതയുണ്ടെങ്കിലും, ബയോഡേറ്റ സഹിതം അപേക്ഷ സമർപ്പിച്ചാൽ മാത്രമേ ഔദ്യോഗികമായി പരിഗണിക്കപ്പെടൂ.

മുൻപ് ബിസിസിഐ താത്പര്യം അറിയിച്ചപ്പോൾ ഒഴിഞ്ഞുമാറിയ ആളാണ് ഫ്ളെമിങ്. ചെന്നൈ ടീമിന്‍റെ ചുമതല ഒഴിയേണ്ടി വരും എന്നതായിരുന്നു കാരണം. എന്നാൽ, ഈ സീസണോടെ ഫ്ളെമിങ് ചെന്നൈ വിടുന്നു എന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇന്ത്യൻ പരിശീലകന്‍റെ റോൾ അദ്ദേഹം സജീവമായി പരിഗണിക്കാനിടയുണ്ട്. പോണ്ടിങ് ആകട്ടെ, നേരത്തെ തന്നെ ഇന്ത്യൻ കോച്ചാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള ആളാണ്. ഇവർ ഇരുവർക്കുമുള്ള ആനുകൂല്യം, ഐപിഎൽ ടീമുകൾക്കൊപ്പം ഇന്ത്യൻ സാഹചര്യങ്ങളുമായും ഇന്ത്യൻ കളിക്കാരുമായും അടുത്തു പരിചയം സ്ഥാപിക്കാനായിട്ടുണ്ട് എന്നതാണ്.

തലമുറ മാറ്റം

അടുത്ത ഏകദിന ലോകകപ്പിനായി ടീമിനെ ഒരുക്കുക എന്നതായിരിക്കും പുതിയ പരിശീലകന്‍റെ പ്രധാന ദൗത്യം. അപ്പോഴേക്ക് ഇന്ത്യയുടെ പല മുതിർന്ന താരങ്ങളും കളി മതിയാക്കിയിട്ടുണ്ടാകാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ഒരു യുവനിരയെ വലിയൊരു ടൂർണമെന്‍റിനായി തയാറാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ലഭ്യമായ വിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുന്നതിന്‍റെ മികവാണ് ചെന്നൈ ടീമിൽ ഫ്ളെമിങ് കാഴ്ചവച്ചിട്ടുള്ളത്. ന്യൂസിലൻഡ് ക്യാപ്റ്റനായിരുന്നപ്പോഴും ഇതേ ശൈലി തന്നെയാണ് അദ്ദേഹം പിന്തുടർന്നിട്ടുള്ളത്. പോണ്ടിങ്ങാകട്ടെ, പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും വളർത്തിയെടുക്കുന്നതിലും മികവ് തെളിയിച്ചിട്ടുണ്ട്. ഡൽഹി ക്യാപ്പിറ്റൽസിന്‍റെ അഭിഷേക് പോറലിനെപ്പോലുള്ള താരങ്ങളെ ഭയമില്ലാതെ ക്രിക്കറ്റ് കളിക്കാൻ പാകത്തിൽ വളർത്തിയെടുത്തതിൽ പോണ്ടിങ്ങിന്‍റെ പങ്ക് നിർണായകമായിരുന്നു. കളിക്കളത്തിൽ കാഴ്ചവച്ചിരുന്ന, ഓസ്ട്രേലിയൻ ടീമിന്‍റെ മുഖമുദ്രയായ, കില്ലർ ഇൻസ്റ്റിങ്റ്റും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്.

മറ്റു സാധ്യതകൾ

ദക്ഷിണാഫ്രിക്കയുടെ മുൻ വെടിക്കെട്ട് ഓപ്പണർ ഹെര്‍ഷല്‍ ഗിബ്‌സും ഇന്ത്യയുടെ പരിശീലകസ്ഥാനത്തില്‍ താത്പര്യം അറിയിച്ചിരുന്നെങ്കിലും ബിസിസിഐ താത്പര്യം കാണിച്ചിരുന്നില്ല.

ഇന്ത്യയിൽ നിന്ന് അപേക്ഷ അയക്കാൻ സാധ്യതയുള്ളത് ആശിഷ് നെഹ്‌റ, ഗൗതം ഗംഭീര്‍, സഞ്ജയ് ബംഗാർ തുടങ്ങിയവരാണ്. മൂവരും നിലവിൽ വിവിധ ഐപിഎൽ ടീമുകളുടെ പരിശീലകസംഘങ്ങളുടെ ഭാഗം. എന്നാൽ, കളിക്കാർക്ക് സ്വാതന്ത്ര്യം കൊടുക്കാത്ത പരിശീലകൻ എന്ന വിശേഷണമാണ് നെഹ്റയ്ക്കുള്ളത്. ഗംഭീറിന്‍റെ കാര്യത്തിൽ മുൻകോപമാണ് പ്രശ്നം. വിരാട് കോലി അടക്കമുള്ള പല മുതിർന്ന താരങ്ങളുമായി പരസ്യമായ സംഘർഷങ്ങൾക്കു മുതിർന്നിട്ടുള്ള ആളാണ് ഗംഭീർ. മുൻപ് സഹപരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കിയപ്പോൾ ബിസിസിഐക്കെതിരേ പരസ്യ പ്രതികരണം നടത്തിയ ബംഗാറിനും ഗുണം ചെയ്യില്ല. ബിസിസിഐ അങ്ങോട്ട് സമീപിക്കാൻ സാധ്യതയുള്ള മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ ആയിരിക്കും. എന്നാൽ, എൻസിഎ ചെയർമാൻ സ്ഥാനം പോലും ലക്ഷ്മൺ ഏറ്റെടുത്തത് രാഹുൽ ദ്രാവിഡിനെയും സൗരവ് ഗാംഗുലിയെയും പോലുള്ളവരുടെ കടുത്ത നിർബന്ധം കാരണമായിരുന്നു. ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ എന്ന നിലയിൽ വർഷം മുഴുവൻ നീളുന്ന തിരക്കേറിയ ഷെഡ്യൂളുകൾ ഏറ്റെടുക്കാൻ അദ്ദേഹത്തിന് വൈമനസ്യമുണ്ട്.

Trending

No stories found.

Latest News

No stories found.