മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവസാന ഏഴാം നമ്പർ താരമായിരിക്കും മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. അദ്ദേഹത്തിലൂടെ ഐതിഹാസിക പരിവേഷം ലഭിച്ച ഈ ജെഴ്സി നമ്പറിന് ബിസിസിഐ വിരമിക്കൽ പ്രഖ്യാപിച്ചു. ഫലത്തിൽ, ഇനിയാർക്കും ഈ നമ്പർ കൊടുക്കില്ല.
ഇന്ത്യക്ക് ട്വന്‍റി20, ഏകദിന ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും നേടിത്തന്ന ക്യാപ്റ്റനോടുള്ള ആദരസൂചകമായാണ് ഈ നടപടി. 2019ലെ ഏകദിന ലോകകപ്പിന്‍റെ സെമിഫൈനലായിരുന്നു ധോണിയുടെ അവസാന അന്താരാഷ്‌ട്ര മത്സരം. 2020 ഓഗസ്റ്റ് 15ന് സമൂഹ മാധ്യമത്തിലൂടെ വിരമിക്കലും പ്രഖ്യാപിച്ചു. അന്നുമുതൽ ദേശീയ ടീമിലെ ആരും ഇതുവരെ ഏഴാം നമ്പർ ഉപയോഗിച്ചിട്ടില്ല.
സച്ചിൻ ടെൻഡുൽക്കറുടെ പത്താം നമ്പർ ജെഴ്സിക്കും നേരത്തെ ബിസിസിഐ ഇതേ വിരമിക്കൽ അനുവദിച്ചിരുന്നു. 2013ൽ സച്ചിൻ വിരമിച്ച ശേഷം 2017ലാണ് ഒരാൾ ഇന്ത്യൻ ടീമിൽ പത്താം നമ്പർ ജെഴ്സി ഉപയോഗിക്കുന്നത്. അത് ശാർദൂൽ ഠാക്കൂറായിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് പത്താം നമ്പർ ജെഴ്സിക്ക് ബിസിസിഐ വിരമിക്കൽ പ്രഖ്യാപിച്ചത്.