മുംബൈ: ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ എക്സ്പ്രസ് ഫാസ്റ്റ് ബൗളർ മായങ്ക് യാദവിനു വേണ്ടി ബിസിസിഐ പ്രത്യേക പദ്ധതി തയാറാക്കുന്നു. ഇതിന്‍റെ ആദ്യ പടിയായി ഐപിഎൽ കഴിഞ്ഞാലുടൻ ബംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് അയക്കും. പരുക്ക് പറ്റാനുള്ള സാധ്യതകൾ കുറയ്കുന്ന വിധത്തിൽ റണ്ണപ്പിലും ബൗളിങ് ആക്ഷനിലും അനിവാര്യമായ മാറ്റങ്ങൾ വരുത്തുകയാണ് ലക്ഷ്യം.
21 വയസ് മാത്രം പ്രായമുള്ള മായങ്ക് ഇതിനകം തന്നെ തുടർച്ചയായി 155 കിലോമീറ്ററിലധികം വേഗത്തിൽ പന്തെറിഞ്ഞ് വിസ്മയം തീർത്തുകഴിഞ്ഞു. കശ്മീർ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനെ അപേക്ഷിച്ച് കൂടുതൽ നിയന്ത്രണവും കൃത്യതയുമുണ്ട് എന്നതാണ് മായങ്കിൽ ബിസിസിഐക്കും സെലക്റ്റർമാർക്കും കൂടുതൽ താത്പര്യം ജനിപ്പിക്കുന്നത്.
എന്നാൽ, ഐപിഎല്ലിനിടെ തന്നെ രണ്ടു വട്ടം മായങ്ക് പരുക്കേറ്റ് പുറത്തായിരുന്നു. തുടരെ രണ്ടു കളികളിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ശേഷം അഞ്ച് കളിയാണ് നഷ്ടമായത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലൂടെ തിരിച്ചുവന്നെങ്കിൽ നാലാം ഓവർ പൂർത്തിയാക്കാനാവാതെ വീണ്ടും മടങ്ങേണ്ടിവന്നു.
അതേസമയം, പരിമിത ഓവർ ക്രിക്കറ്റിനു പുറമേ ടെസ്റ്റ് മത്സരങ്ങൾക്കു കൂടി പ്രാപ്തനാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് മായങ്കിനു വേണ്ടി തയാറാക്കുന്നത്. നവംബറില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് സജ്ജനാകും വിധമാണ് ഇത് ആസൂത്രണം ചെയ്യുന്നത്. അതിനു മുൻപ് ഇന്ത്യ എ ടീമിനൊപ്പം വിദേശ പര്യടനത്തിനയയ്ക്കും.
ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടുന്ന ക്രിക്കറ്റ് താരങ്ങൾക്കു നൽകുന്ന വാർഷിക കരാറിനു പുറമേ ബിസിസിഐ ഈ വർഷം മുതൽ ഫാസ്റ്റ് ബൗളർമാർക്കായി പ്രത്യേകം കരാറും ഏർപ്പെടുത്തിയിരുന്നു. ഇതിലേക്കും മായങ്കിനെ പരിഗണിക്കുന്നുണ്ട്.