ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം സ്കോട്ട്ലൻഡിനെതിരായ മത്സരത്തിനിടെ.
ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം സ്കോട്ട്ലൻഡിനെതിരായ മത്സരത്തിനിടെ.

യൂറോപ്പിന്‍റെ താരമാകാൻ ജൂഡ് ബെല്ലിങ്ങാം

ജർമൻ ലീഗിൽ നിന്ന് സ്പാനിഷ് ലീഗിലേക്കു മാറിയ ബെല്ലിങ്ങാം അവിടെ റയൽ മാഡ്രിഡിനു വേണ്ടി നാലു മത്സരങ്ങളിൽ അഞ്ച് ഗോൾ നേടിയിരുന്നു
Published on

ഗ്ലാസ്ഗോ: അന്താരാഷ്‌ട്ര ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ ശത്രുതകളിലൊന്നാണ് ഇംഗ്ലണ്ടും സ്കോട്ട്ലൻഡും തമ്മിലുള്ളത്. അത് പുതുക്കിയ മത്സരത്തിൽ ഇംഗ്ലണ്ടിന് ഒന്നിനെതിരേ മൂന്നു ഗോൾ ജയം.

കഴിഞ്ഞ ലോകകപ്പിന്‍റെ കണ്ടെത്തലായ ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിന്‍റെ വിജയശിൽപ്പി. ഒരു ഗോളും ഒരു അസിസ്റ്റുമായി ബെല്ലിങ്ഹാം തിളങ്ങിയ മത്സരം, സ്കോട്ടിഷ് ഫുട്ബോൾ അസോസിയേഷന്‍റെ 150ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചതായിരുന്നു. ആതിഥേയർക്ക് ആഹ്ലാദിക്കാൻ വക നൽകിയത് ഇംഗ്ലീഷ് ഡിഫൻഡർ ഹാരി മഗ്വയറുടെ പേരിൽ കുറിക്കപ്പെട്ട സെൽഫ് ഗോൾ മാത്രം.

കഴിഞ്ഞ ജൂണിൽ ജർമൻ ലീഗിൽ നിന്ന് സ്പാനിഷ് ലീഗിലേക്കു മാറിയ ബെല്ലിങ്ങാം അവിടെ റയൽ മാഡ്രിഡിനു വേണ്ടി നാലു മത്സരങ്ങളിൽ അഞ്ച് ഗോൾ നേടിയിരുന്നു. അതേ ഫോം അന്താരാഷ്‌ട്ര മത്സരത്തിലും ആവർത്തിക്കുകയായിരുന്നു ഇരുപതുകാരൻ. അടുത്ത വർഷത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്‍റെ കരുത്തായി ബെല്ലിങ്ങാം മാറുമെന്നു തന്നെയാണ് ഇതുവരെയുള്ള പ്രകടനങ്ങൾ നൽകുന്ന പ്രതീക്ഷ.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമെല്ലാം യൂറോപ്യൻ ലീഗുകളോടു വിട പറഞ്ഞ പശ്ചാത്തലത്തിൽ വരും വർഷങ്ങളിൽ ഇവിടത്തെ ക്ലബ് വിപണി അടക്കി ഭരിക്കാൻ പോകുന്നത് ബെല്ലിങ്ങാം ആയിരിക്കുമെന്നു കരുതാം.

ബെല്ലിങ്ങാമും ഫിൽ ഫോഡനും നേടിയ ഗോളുകളിലൂടെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് രണ്ടു ഗോളിനു മുന്നിലെത്തിയിരുന്നു. ക്യാപ്റ്റൻ ഹാരി കെയ്ൻ 81ാം മിനിറ്റിൽ ബെല്ലിങ്ങാമിന്‍റെ പാസിൽ നിന്ന് മൂന്നാം ഗോളും നേടി.