ബെൻ സ്റ്റോക്സ് ഐപിഎല്ലിനില്ല

ചെന്നൈ സൂപ്പർ കിങ്സ് 16.25 കോടി രൂപ മുടക്കിയാണ് കഴിഞ്ഞ മെഗാ ലേലത്തിൽ ഇംഗ്ലണ്ടിന്‍റെ ഓൾറൗണ്ടറെ സ്വന്തമാക്കിയിരുന്നത്.
Ben Stokes
Ben Stokes
Updated on

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അടുത്ത വർഷം ഐപിഎല്ലിൽ കളിക്കില്ല. അധ്വാനഭാരം കുറയ്ക്കാൻ വിട്ടുനിൽക്കുന്നു എന്നാണ് വിശദീകരണം. ചെന്നൈ സൂപ്പർ കിങ്സാണ് സ്റ്റോക്സിനെ മെഗാ ലേലത്തിൽ സ്വന്തമാക്കിയിരുന്നത്. എന്നാൽ, കിരീടം നേടിയ കഴിഞ്ഞ സീസണിൽ ഓൾറൗണ്ടർക്ക് കാര്യമായ സംഭാവനകളൊന്നും നൽകാൻ സാധിച്ചിരുന്നില്ല.

സ്റ്റോക്സിന്‍റെ തീരുമാനം അംഗീകരിക്കുന്നതായി ചെന്നൈ സൂപ്പർ കിങ്സ് അധികൃതർ അറിയിച്ചു. ഫ്രാഞ്ചൈസികൾ നിലനിർത്തുകയും പുറത്താക്കുകയും ചെയ്യുന്ന താരങ്ങളുടെ അന്തിമ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 26 ആണ്. സ്റ്റോക്സിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നില്ലെങ്കിൽ തൊട്ടടുത്ത സീസണിലേക്കു നിലനിർത്താൻ സാധിക്കും. ഒഴിവാക്കിയാൽ പകരം ഒരാളെ ഉൾപ്പെടുത്താം.

നേരത്തെ, ഏകദിന ഫോർമാറ്റിൽനിന്നുള്ള വിരമിക്കൽ പിൻവലിച്ച് സ്റ്റോക്സ് ലോകകപ്പിൽ കളിച്ചിരുന്നു. എന്നാൽ, ലോകകപ്പിനു ശേഷം കാൽമുട്ടിൽ ശസ്ത്രക്രിയയ്ക്കു വിധേയനാകാനും സ്റ്റോക്സ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. ശസ്ത്രക്രിയയ്ക്കു ശേഷമായിരിക്കും സ്റ്റോക്സിന്‍റെ അന്താരാഷ‌‌്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുക്കുക.

ചെന്നൈ സൂപ്പർ കിങ്സ് എക്കാലത്തെയും ഉയർന്ന വിലയ്ക്ക് ലേലം കൊണ്ട കളിക്കാരനായിരുന്നു സ്റ്റോക്സ്. 16.25 കോടി രൂപയാണ് മെഗാ ലേലത്തിൽ അവർ മുടക്കിയത്. എന്നാൽ, സീസണിലാകെ രണ്ടു മത്സരത്തിൽ മാത്രമാണ് സ്റ്റോക്സ് കളിക്കാനിറങ്ങിയത്. ആകെ 15 റൺസെടുത്തു. എറിഞ്ഞത് ഒരോവറും. മുട്ടിലെ പരുക്ക് കാരണം സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് സ്റ്റോക്സിനെ കണക്കാക്കിയിരുന്നത്. ലോകകപ്പിലും ബാറ്റർ മാത്രമായി കളിച്ച സ്റ്റോക്സ് ടീമിന്‍റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോററായിരുന്നു. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും നേടി.

Trending

No stories found.

Latest News

No stories found.