ഭുവനേശ്വറിനും ചഹറിനും തിരിച്ചുവരവ്; ഇന്ത്യൻ പേസർമാർക്ക് വൻ ഡിമാൻഡ്
ജിദ്ദ: ഐപിഎൽ താരലേലത്തിന്‍റെ രണ്ടാം ദിനം ഇന്ത്യൻ പേസ് ബൗളർമാർക്ക് വൻ ഡിമാൻഡ്. ഭുവനേശ്വർ കുമാർ, ദീപക് ചഹർ, ആകാശ് ദീപ്, തുഷാർ ദേശ്പാണ്ഡെ, മുകേഷ് കുമാർ എന്നിവർക്കെല്ലാം വേണ്ടി വാശിയേറിയ ലേലം വിളി നടന്നു.
ഇന്ത്യൻ ടീമിൽ നിന്നു പുറത്തായെങ്കിലും ഭുവനേശ്വർ കുമാറിനെ 10.75 കോടി രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയിരിക്കുന്നത്. ലഖ്നൗ സൂപ്പർ ജയന്‍റ്സും മുംബൈ ഇന്ത്യൻസും കടുത്ത മത്സരം നടത്തിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിലായിരുന്നു ഭുവി.
ഭുവനേശ്വറിനെ കിട്ടാതെ വന്ന മുംബൈ അദ്ദേഹത്തിന്‍റെ പിൻഗാമിയായി കരുതപ്പെട്ടിരുന്ന ദീപക് ചഹറിനെ സ്വന്തമാക്കിയാണ് ആശ്വാസം കണ്ടെത്തിയത്. 9.25 കോടി രൂപയും മുടക്കി. ദീപക് ചഹറിനു വേണ്ടി പഞ്ചാബ് കിങ്സും ചെന്നൈ സൂപ്പർ കിങ്സും രംഗത്തുണ്ടായിരുന്നു. മുൻ ടീമായ ചെന്നൈ സൂപ്പർ കിങ്സ് എട്ട് കോടി വരെ വിളിച്ചെങ്കിലും മുംബൈക്കു മുന്നിൽ പരാജയം സമ്മതിച്ചു.
ഇന്ത്യയുടെ ലേറ്റസ്റ്റ് ടെസ്റ്റ് ബൗളിങ് സെൻസേഷൻ ആകാശ് ദീപിനെ എട്ട് കോടിക്കു സ്വന്തമാക്കിയ പഞ്ചാബ് കിങ്സ് പരിഹാരം കണ്ടു. ലഖ്നൗ സൂപ്പർ ജയന്‍റ്സും ചെന്നൈ സൂപ്പർ കിങ്സും ആകാശ് ദീപിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.
മുകേഷ് കുമാറിനു വേണ്ടി ചെന്നൈ സൂപ്പർ കിങ്സ് ആറരക്കോടി രൂപ വരെ വിളിച്ചെങ്കിലും പഞ്ചാബ് എട്ട് കോടി വാഗ്ദാനം ചെയ്തു. എന്നാൽ, ഡൽഹി ക്യാപ്പിറ്റൽസ് റൈറ്റ് ടു മാച്ച് ഓപ്ഷൻ ഉപയോഗിച്ച് ആ തുകയ്ക്ക് മുകേഷിനെ ടീമിൽ തിരിച്ചെത്തിച്ചു.
ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും കാലിടറുന്നതാണ് തുഷാർ ദേശ്പാണ്ഡെയുടെ കാര്യത്തിലും കണ്ടത്. രാജസ്ഥാൻ റോയൽസ് ആറരക്കോടി രൂപയ്ക്കാണ് ചെന്നൈയുടെ മുൻ പേസറെ സ്വന്തമാക്കിയത്.
അതേസമയം, വിദേശ ഫാസ്റ്റ് ബൗളർമാരുടെ കാര്യത്തിൽ ഇത്രയും വാശി ലേലത്തിലുണ്ടായില്ല. ദക്ഷിണാഫ്രിക്കൻ താരം ജെറാൾഡ് കോറ്റ്സി 2.4 കോടി രൂപയ്ക്കും, ന്യൂസിലൻഡിന്‍റെ ലോക്കി ഫെർഗൂസനെ അടിസ്ഥാന വിലയായ രണ്ട് കോടിക്കും പഞ്ചാബ് സ്വന്തമാക്കി.
ക്യാപ്പ്ഡ് സ്പിന്നർമാരുടെ കാര്യത്തിൽ ആറു പേർ ലേലത്തിലെത്തിയപ്പോൾ വാങ്ങാൻ ആളുണ്ടായത് അഫ്ഗാനിസ്ഥാന്‍റെ കൗമാര താരം അല്ലാ ഗസൻഫാറിനു മാത്രം. 4.80 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് ഗസൻഫാറിനെ സ്വന്തമാക്കിയത്. അക്കീൽ ഹുസൈൻ (വെസ്റ്റിൻഡീസ്), കേശവ് മഹാരാജ് (ദക്ഷിണാഫ്രിക്ക), മുജീബ് ഉർ റഹ്മാൻ (അഫ്ഗാനിസ്ഥാൻ), ആദിൽ റഷീദ് (ഇംഗ്ലണ്ട്) എന്നിവർക്ക് ആവശ്യക്കാരുണ്ടായില്ല.