കൊമ്പുകുലുക്കി കലിംഗയില്‍; ഐഎസ്എല്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയ്‌ക്കെതിരേ

പോയിന്‍റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സിനേക്കാള്‍ മുന്നിലാണ് ഒഡിഷ എഫ്സി എന്നതിനാലാണ് മത്സരം കലിംഗ സ്റ്റേഡിയത്തിലായത്
കൊമ്പുകുലുക്കി കലിംഗയില്‍; ഐഎസ്എല്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയ്‌ക്കെതിരേ
Updated on

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. എലിമിനേറ്ററില്‍ ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡീഷ എഫ് സിയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

പോയിന്‍റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സിനേക്കാള്‍ മുന്നിലാണ് ഒഡിഷ എഫ്സി എന്നതിനാലാണ് മത്സരം കലിംഗ സ്റ്റേഡിയത്തിലായത്. ഇന്ന് ജയിക്കുന്ന ടീം സെമിയില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ക്ലബ്ബുമായി ഏറ്റുമുട്ടും. ലീഗ് പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്. ഒഡിഷ നാലാമതും. 202324 സീസണില്‍ മികച്ച ജയങ്ങളോടെ കളിച്ചുതുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. 2023 ഡിസംബര്‍ അവസാനം ഒന്നാം സ്ഥാനത്തായിരുന്ന മഞ്ഞപ്പടയ്ക്ക് തിരിച്ചടിയേറ്റത് ടീമിലെ പ്രധാന താരങ്ങള്‍ പരുക്കേറ്റ് പുറത്താകാന്‍ തുടങ്ങിയതോടെയാണ്.

2024 കലണ്ടര്‍ വര്‍ഷം ഐ എസ് എല്‍ രണ്ടാം ഘട്ടത്തിന് തുടക്കമായപ്പോള്‍ മുതല്‍ കാര്യങ്ങള്‍ മഞ്ഞപ്പടയുടെ കൈവിട്ടുപോകാന്‍ തുടങ്ങി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലായിരുന്നു. ഈ വര്‍ഷം ഐ എസ് എല്ലില്‍ ആകെ ഏഴ് പോയിന്‍റ് മാത്രമാണ് മഞ്ഞപ്പടയ്ക്ക് നേടാന്‍ സാധിച്ചത്.

22 ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അക്കൗണ്ടില്‍ 33 പോയിന്‍റാണുള്ളത്. 10 കളികളില്‍ വിജയം നേടിയ അവര്‍ മൂന്ന് സമനിലകള്‍ സ്വന്തമാക്കി ഒന്‍പത് കളികളില്‍ പരാജയപ്പെട്ടു.ഒഡീഷയ്‌ക്കെതിരേ ഏറ്റവും ശക്തമായ നിരയെയാകും വുകമാനോവിച്ച് ഇറക്കുക. പരുക്കേറ്റ് പുറത്തിരിക്കുന്ന ഉറുഗ്വെന്‍ പ്ലേ മേക്കര്‍ അഡ്രിയാന്‍ ലൂണയും ഗ്രീക്ക് സെന്‍റര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമാന്‍റകോസും കളത്തില്‍ തിരിച്ചെത്തുമോ എന്നതിനാണ് മഞ്ഞപ്പട ആരാധകരുടെ കാത്തിരിപ്പ്. എന്നാല്‍, ഇരുവരും കളിക്കുന്ന കാര്യത്തില്‍ വുകമാനോവിച്ച് ഉറപ്പു നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയമിടിപ്പേറും. ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ആയിരുന്ന സച്ചിന്‍ സുരേഷ് പരുക്കേറ്റ് പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വല കാക്കാന്‍ രണ്ട് താരങ്ങള്‍ക്ക് അവസരം ലഭിച്ചു.

38 കാരനായ കരണ്‍ജിത് സിങ്ങിനും 24 കാരനായ ലാറ ശര്‍മയ്ക്കും. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ കരണ്‍ജിത് സിങ് കേരള ബ്ലാസ്റ്റേഴ്‌സ് വല കാത്തപ്പോള്‍ 13 ഗോള്‍ വഴങ്ങിയിരുന്നു. അഥുകൊണ്ട് മികച്ച റെക്കോഡുള്ള ലാറ സിങ്ങിനെ ബ്ലാസ്‌റ്റേഴ്‌സ് ഇറക്കിയേക്കാം. ലീഗ് റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരീക്ഷണ ടീമിനെയാണ് ഇറക്കിയത്.

എന്നാല്‍, എലിമിനേറ്ററില്‍ ഏറ്റവും കരുത്തുറ്റ പ്രതിരോധ നിരയെയായിരിക്കും ഇവാന്‍ വുകമാനോവിച്ച് ഇറക്കുക. സന്ദീപ് സിങ്, റൂയിവ ഹോര്‍മിപാം, മിലോസ് ഡ്രിന്‍സിച്ച്, പ്രീതം കോട്ടാല്‍ എന്നിവര്‍ ആയിരിക്കാം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം പിടിക്കുക. സെന്‍റര്‍ ഡിഫെന്‍സില്‍ മിലോസ് ഡ്രിന്‍സിച്ചിന് ഒപ്പം മാര്‍ക്കൊ ലെസ്‌കോവിച്ചിനെ ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.മധ്യനിരയിലേക്ക് അഡ്രിയാന്‍ ലൂണ തിരിച്ചെത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന അഡ്രിയാന്‍ ലൂണ രണ്ട് ആഴ്ചയായി ബ്ലാസ്റ്റേഴ്‌സ് ടീമിന് ഒപ്പം പരിശീലനം ആരംഭിച്ചിരുന്നു. അഡ്രിയാന്‍ ലൂണ പകരക്കാരുടെ നിരയിലുണ്ടാകുമെന്നാണ് കരുതേണ്ടത്. അങ്ങനെ എങ്കില്‍ ഡൈസുകെ സകായ്, വിബിന്‍ മോഹനന്‍, ജീക്‌സണ്‍ സിങ്, കെപി രാഹുല്‍ എന്നിവര്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ എത്തും.ഫെഡോര്‍ ചെര്‍ണിച്ച് ഒഡീഷ എഫ് സിക്ക് എതിരേ തിരിച്ചെത്തും എന്നതാണ് പോസിറ്റീവ് ആയ കാര്യം. ദിമിത്രിയോസ് ഡയമാന്‍റകോസ് പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയില്ലെങ്കില്‍ ചെര്‍ണിച്ചും മുഹമ്മദ് ഐമന്‍, നിഹാല്‍ സുധീഷ് എന്നിവരില്‍ ആരെങ്കിലുമായിരിക്കും ബ്ലാസ്റ്റേഴ്‌സ് ആക്രമണം നയിക്കുക. ദിമിത്രിയോസ് ഡയമാന്‍റകോസ് - ഫെഡോര്‍ ചെര്‍ണിച്ച് ആക്രമണ സഖ്യമാകും ഇന്ന് ഒഡീഷയ്‌ക്കെതിരേ ഇറങ്ങുന്നത്.

അതേസമയം, മത്സരത്തിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് ബ്ലാസ്റ്റേഴ്സിന്‍റെ ലൂണയുടെയും ദിമിത്രിയോസിന്‍റെയും പരുക്കുതന്നെയാണ്. ദിമിത്രിയോസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. താരത്തിന്‍റെ പരിക്ക് അത്ര ഗുരുതരമില്ലെന്നാണ് സൂചന. സസ്‌പെന്‍ഷന്‍ ലഭിച്ച മഞ്ഞപ്പടയുടെ സൂപ്പര്‍ പ്രതിരോധ താരം നവോച്ച സിങ്ങിന് എലിമിനേറ്റര്‍ മത്സരം നഷ്ടമാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ മറ്റൊരു തലവേദന. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിടെ നടത്തിയ ഗുരുതര അച്ചടക്ക ലംഘനത്തിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക സമിതിയാണ് നവോച്ചയ്‌ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചത്. മൂന്നു മത്സരവിലക്കുള്ള നവോച്ചയ്ക്ക്് ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെത്തിയാല്‍ കളിക്കാനാകും.

കണക്കില്‍ മുന്നില്‍ പക്ഷേ,

ഒഡീഷയ്‌ക്കെതിരേ കണക്കില്‍ മുമ്പന്‍ കേരള ബ്ലാസ്റ്റേഴ്സാണ്. അവസാന ഏഴ് മത്സരങ്ങളില്‍ രണ്ട് തവണ മാത്രമാണ് ഒഡീഷ വിജയിച്ചത്. എന്നാല്‍, ഇരുവരും അവസാനം കളിച്ചപ്പോള്‍ ജയം 2-1 ന് ഒഡീഷയ്‌ക്കൊപ്പം നിന്നു. പ്ലേ ഓഫ് ചരിത്രത്തില്‍ ഇരുടീമുകളും തമ്മിലുള്ള ആദ്യ മത്സരമാണിത്. എന്നിരുന്നാലും, ലൊബേര പരിശീലിപ്പിക്കുന്ന ടീം അവസാനത്തെ രണ്ട് കളികളിലും പരാജയപ്പെട്ടു. ഒഡീഷയുമായി ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ 22 മത്സരങ്ങളില്‍ കളിച്ചു ഒമ്പതില്‍ ബ്ലാസ്റ്റേഴ്‌സും ആറില്‍ ഒഡിഷയും ജയിച്ചു. ഏഴു മത്സരം സമനിലയിലായി. അമെയ് റണവാഡെയാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരന്‍.

Trending

No stories found.

Latest News

No stories found.