അഹമ്മദാബാദ്: ഓസീസിന് അതേ നാണയത്തില്‍ തിരിച്ചടി നല്കി രോഹിത് ശര്‍മയും കൂട്ടരും. ബാര്‍ഡര്‍ -ഗാവസ്കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ, ഭേദപ്പെട്ട ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സിന് മറുപടിയായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് എന്ന മികച്ച നിലയിലാണ്.
59 റണ്‍സുമായി വിരാട് കോലിയും 16 റണ്‍സോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്. ഏഴ് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താല്‍ ഇന്ത്യക്ക് 191 റണ്‍സ് കൂടി വേണം.
ഇന്നലെ രാവിലെ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും മികച്ച ഷോട്ടുകള്‍ ഉതിര്‍ത്ത് മുന്നേറി. എന്നാല്‍ ടീം സ്കോര്‍ 74-ല്‍ നില്‍ക്കേ രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 58 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത രോഹിത് മാത്യു കുനെമാനിന്റെ പന്തില്‍ പുറത്ത്. മാര്‍നസ് ലബുഷെയ്നിന് ക്യാച്ച്. ആദ്യ വിക്കറ്റില്‍ 74 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രോഹിത് ക്രീസ് വിട്ടത്. അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താകുന്ന രീതി രോഹിത് ഇവിടെയും തുടര്‍ന്നു. പിന്നാലെ വന്ന ചേതേശ്വര്‍ പുജാരയെ കൂട്ടുപിടിച്ച് ഗില്‍ സ്കോര്‍ ഉയര്‍ത്തി.
വൈകാതെ ഗില്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. 90 പന്തില്‍ നിന്നാണ് ഗില്‍ അര്‍ധശതകം കുറിച്ചത്. പിന്നാലെ ടീം സ്കോര്‍ 100 കടന്നു. പുജാരയും നന്നായി ബാറ്റ് വീശാന്‍ തുടങ്ങിയതോടെ മത്സരം ഇന്ത്യയുടെ കൈയ്യിലായി.
ഗില്ലും പുജാരയും ചേര്‍ന്ന് ഓസീസ് സ്പിന്നര്‍മാരെ അനായാസം നേരിട്ടു. വൈകാതെ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഉച്ചഭക്ഷണത്തിനുശേഷം ക്രീസിലെത്തിയ ഗില്ലും പുജാരയും അനായാസമാണ് ബാറ്റുചലിപ്പിച്ചത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഓസീസ് നായകന് സ്റ്റീവ് സ്മിത്തിന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. വൈകാതെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി ഇന്ത്യന്‍ സ്കോറിനു കരുത്ത് സമ്മാനിച്ചു.
പിന്നാലെ 62-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ സെഞ്ചുറിയും തികച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഗില്ലിന്റെ രണ്ടാം സെഞ്ചുറിയാണിത്. എന്നാല്‍ ഓവറിലെ അവസാനപന്തില്‍ പുജാര പുറത്തായി. 121 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 42 റണ്‍സെടുത്താണ് പുജാര മടങ്ങിയത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഗില്‍ 58 റണ്‍സ് ചേര്‍ത്തു.
ലയണിന്റെ കുത്തിത്തിരിഞ്ഞ പന്തില്‍ ഗില്ലിന് പിഴച്ചതോടെ സ്കോര്‍ 245-ല്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. പിന്നീടായിരുന്നു വിരോട് കോലിയും രവീന്ദ്ര ജഡേജയും തമ്മിലുള്ള മികച്ച കൂട്ടുകെട്ട് കഴിഞ്ഞ കുറെക്കാലമായി ഫോമിലല്ലാതിരുന്ന കോലി ഫോമിലേക്കുയര്‍ന്ന് അര്‍ധസെഞ്ചുറി സ്വന്തമാക്കിയത് ഇന്ത്യക്ക് ആത്മവിശ്വാസമേകും.