ചരിത്രത്തിന്‍റെ തനിയാവർത്തനം: സ്റ്റോക്ക്സ് വന്നപ്പോൾ ബ്രൂക്ക് ഔട്ട്!

ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർക്കും ഇടമില്ല
ബെൻ സ്റ്റോക്ക്സും ഹാരി ബ്രൂക്കും.
ബെൻ സ്റ്റോക്ക്സും ഹാരി ബ്രൂക്കും.File
Updated on

ലണ്ടൻ: 2015ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും അമ്പരപ്പുളവാക്കിയ തീരുമാനം ബെൻ സ്റ്റോക്ക്സിനെ ഒഴിവാക്കിയതായിരുന്നു. എട്ടു വർഷങ്ങൾക്കിപ്പുറം അതേ സ്റ്റോക്ക്സിനെ ടീമിൽ ഉൾപ്പെടുത്താൻ വേണ്ടി ഒഴിവാക്കുന്നത് ഇംഗ്ലണ്ടിലെ മോസ്റ്റ് എക്സൈറ്റിങ് എന്നു തന്നെ വിളിക്കാവുന്ന യുവ താരത്തെയാണ്- പേര് ഹാരി ബ്രൂക്ക്!

മൂന്ന് ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്, അതിൽ ഒരു അർധ സെഞ്ചുറി മാത്രമാണുള്ളത്. പക്ഷേ, ഹാരി ബ്രൂക്കിന്‍റെ പ്രതിഭയെക്കുറിച്ചു പറയാൻ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് പണ്ഡിതർക്ക് ആയിരം നാവാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 91 റൺസിന്‍റെ സ്ട്രൈക്ക് റേറ്റുള്ള ബ്രൂക്കിന് അനായാസം ഏകദിന ക്രിക്കറ്റിലേക്ക് ഗിയർ മാറ്റാൻ സാധിക്കുമെന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയും. ഏറ്റവും കുറവ് പന്തിൽ (1058) ആയിരം ടെസ്റ്റ് റൺസ് തികച്ചതിന്‍റെ റെക്കോഡും ബ്രൂക്കിന്‍റെ പേരിലാണ്.

പക്ഷേ, ഇംഗ്ലണ്ട് സെലക്റ്റർമാരുടെ തീരുമാനം ഈ ഇരുപത്തിനാലുകാരനെതിരായിരുന്നു. 2019 ലോകകപ്പ് ഫൈനലിലെ വിജയശിൽപ്പിയായ ബെൻ സ്റ്റോക്ക്സിനെ അവർക്ക് കിരീട പ്രതിരോധത്തിന് ആവശ്യമായിരുന്നു. അതിനായി റിട്ടയർമെന്‍റിൽ നിന്നു തിരിച്ചുകൊണ്ടുവന്നാണ് സ്റ്റോക്ക്സിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതും സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിൽ. സ്വാഭാവികമായും ഒരാൾ മാറിക്കൊടുക്കണം, അത് ബ്രൂക്കായിരുന്നു.

ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ബ്രൂക്കിനെ ഒഴിവാക്കിയതെന്ന് സെലക്റ്റർ ലൂക്ക് റൈറ്റ് പറയുന്നു. അതേസമയം, പ്രാഥമിക ടീമിനെ മാത്രമാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 28 വരെ ഇതിൽ മാറ്റം വരുത്താൻ സമയമുണ്ട്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ പ്രകടനങ്ങളും പരുക്കുകളുമെല്ലാം ലോകകപ്പിനുള്ള അന്തിമ ടീം കോംബിനേഷനെ സ്വാധീനിക്കാം.

ഇന്ത്യയുടെ വിവിധ മേഖലകളിലായി ആയിരക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ച് 37 ദിവസത്തിനിടെ ഒമ്പത് ഗ്രൂപ്പ് മത്സരങ്ങളാണ് ലോകകപ്പിൽ കളിക്കാനുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത്, ആറു പേസ് ബൗളർമാരെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതാണ് സ്റ്റോക്ക്സിനൊപ്പം ബ്രൂക്കിനെക്കൂടി ഉൾപ്പെടുത്തുന്നതിനു തടസമായത്. പരുക്ക് പറ്റാൻ സാധ്യത കൂടുതൽ പേസ് ബൗളർമാർക്കാണെന്ന യുക്തിയാണ് ഇക്കാര്യത്തിൽ ഇംഗ്ലിഷ് സെലക്റ്റർമാരെ നയിക്കുന്നത്. പരുക്ക് കാരണം സ്റ്റോക്ക്സിന്‍റെ പേസ് ബൗളിങ് മികവ് ഉപയോഗപ്പെടുത്താൻ സാധിക്കുകയുമില്ല.

ജോ റൂട്ട്, സ്റ്റോക്ക്സ്, ക്യാപ്റ്റൻ ജോസ് ബട്ട്ലർ, ലിയാം ലിവിങ്സ്റ്റൺ, ദാവീദ് മലാൻ എന്നിവരാണ് ടീമിലെ മധ്യനിര ബാറ്റർമാർ. സ്പെഷ്യലിസ്റ്റ് ഓപ്പണർമാരായി ജേസൺ റോയിയും ജോണി ബെയർസ്റ്റോയുമുണ്ട്.

ജോഫ്ര ആർച്ചർ
ജോഫ്ര ആർച്ചർ

സ്റ്റോക്ക്സിനു പന്തെറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ സാം കറൻ മാത്രമാണ് ശരിയായ ഓൾറൗണ്ടർ. ക്രിസ് വോക്ക്സിനെയും പേസ് ബൗളിങ് ഓൾറൗണ്ടറായി കണക്കാക്കാമെന്നു മാത്രം. എന്നാൽ, സ്പിൻ ഓൾറൗണ്ടർമാരായി മൊയീൻ അലിയും ആദിൽ റഷീദുമുണ്ട്. റീസ് ടോപ്പ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ് എന്നിവരും പേസ് ബൗളിങ് നിരയിൽ ഉൾപ്പെട്ടപ്പോൾ, ഒഴിവാക്കപ്പെട്ട പ്രധാന പേര് ജോഫ്ര ആർച്ചറുടേതാണ്. പകരം പുതുമുഖം ഗസ് ആറ്റ്കിൻസണെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പരുക്കിൽനിന്നു പൂർണ മുക്തനാവാത്തതാണ് ആർച്ചർക്കു വിനയായത്. 2019ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ആർച്ചർക്കായിരുന്നു. എന്നാൽ, കഴിഞ്ഞ ഐപിഎൽ സീസണിലെ ഏതാനും മത്സരങ്ങൾക്കു ശേഷം സജീവ ക്രിക്കറ്റ് കളിച്ചിട്ടില്ല. അതേസമയം, ആർച്ചറെ റിസർവ് പ്ലെയറായി ടീമിനൊപ്പം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.