ബെംഗളൂരു: അങ്ങനെ കാത്തിരിപ്പിനു ശേഷം ഇന്ത്യയുടെ തിളങ്ങും താരം ജസ്പ്രീത് ബുമ്ര ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു. ബൗളിങ് ഡിപ്പാര്‍ട്ട്മെന്റ് തകര്‍ച്ചയെ നേരിടുമ്പോള്‍ ബുമ്ര പരിശീലനം പുനരാരംഭിച്ചു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കേ ആരാധകര്‍ക്ക് ഇത് സന്തോഷ വാര്‍ത്തയായിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പൂര്‍ണമായും ബൗളിങ് ആരംഭിച്ചതായാണ് വിവരം. അതിവേഗം ഫിറ്റ്നസ് വീണ്ടെടുക്കുന്ന താരം അയര്‍ലന്‍ഡിന് എതിരായ ട്വന്റി 20 പരമ്പരയിലൂടെ മടങ്ങിവന്നേക്കുമെന്നാണ് സൂചന. ദീര്‍ഘകാലമായി അലട്ടിയിരുന്ന പുറംവേദനയെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ജസ്പ്രീത് ബുമ്രയുടെ ശസ്ത്രക്രിയ.
ഇതിന് ശേഷമാണ് തുടര്‍ ചികില്‍സയ്ക്കും പരിശീലനത്തിനുമായി താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തിയത്. തുടര്‍ ചികില്‍സകള്‍ക്ക് ശേഷം ബുമ്ര കഴിഞ്ഞ മാസം എന്‍സിഎയില്‍ ബൗളിങ് ആരംഭിച്ചിരുന്നു. ഇപ്പോള്‍ നെറ്റ്സില്‍ പൂര്‍ണരീതിയില്‍ പന്തെറിയുന്ന താരം ഫിറ്റ്നസ് കൈവരിക്കുന്നതിന് തൊട്ടരികെയാണ്.
ഇതോടെ അയര്‍ലന്‍ഡിനെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ബുമ്ര കളിച്ചേക്കും. ഇപ്പോള്‍ 8-10 ഓവറുകള്‍ താരത്തിന് എറിയാനാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണിന്റെ മേല്‍നോട്ടത്തിലാണ് ബുമ്രയുടെ പരിശീലനം.