#സി.കെ. രാജേഷ്കുമാര്‍
ഗ്രാന്‍ഡ്സ്ലാമുകളുടെ ഗ്രാന്‍ഡ്സ്ലാം എന്നറിയപ്പെടുത്തത് വിംബിള്‍ഡണാണ്. അവിടെ ഒരു കിരീടം ഉയര്‍ത്തുക എന്നത് ഏതൊരു ടെന്നീസ് താരത്തെ സംബന്ധിച്ചും വലിയ നേട്ടമാണ്. പീറ്റ് സാംപ്രസും റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലുമൊക്കെ പലവട്ടം പച്ചപ്പുല്ക്കോര്ട്ടിലെ വസന്തങ്ങളായിരുന്നു. എട്ടു കിരീടവുമായി ഇതിഹാസതാരം റോജര്‍ ഫെഡററാണ് ഇവിടെ ഏറ്റവും കൂടുതല്‍ സുഗന്ധം പരത്തിയത്. പിന്നില്‍ ജോക്കോവിച്ചും പീറ്റ് സാംപ്രസുമുണ്ട്. ഇരുവരും ഏഴു വീതം നേടിയിട്ടുണ്ട്. അവരുടെ കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കാളക്കൂറ്റന്റെ നാടായ സ്പെയിനില്‍നിന്ന് മറ്റൊരു താരം,അതെ കാര്‍ലോസ് അല്‍ക്കരാസ് തന്നെ.
നൊവാക് ജോക്കോവിച്ചിനെ അഞ്ചു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തില്‍, അഞ്ചു സെറ്റിലേക്കു നീണ്ട പോരാട്ടത്തില്‍ അല്‍ക്കരാസ് കെട്ടുകെട്ടിച്ചു. സ്കോര്‍ സ്കോര്‍ 1-6, 7-6, 6-1, 3-6, 6-4. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാണ് അല്‍ക്കരാസ്.19-ാം വയസില്‍ 1985ല്‍ കിരീടം നേടിയ ബോറിസ് ബെക്കര്‍ ആണ് ഒന്നാമത്. വിംബിള്‍ഡണിലെ കിരീടനേട്ടത്തോടെ അല്്ക്കരാസിനു ലഭിച്ചത് 168 എടിപി പോയിന്റാണ്. ജോക്കോവിച്ചിന് 166ഉം. ലോക റാങ്കിങ് ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ടെന്നീസ് താരമാണ് അല്‍ക്കരാസ്. സന്താന, റാഫേല്‍ നദാല്‍ എന്നിവരാണ് മറ്റ് രണ്ടു പേര്.
വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ 2013 മുതല്‍ ഒരു മത്സരത്തില്‍പ്പോലും പരാജയപ്പെടാത്ത താരമാണ് ജോക്കോവിച്ച്. ആ ജോക്കോവിച്ചിനെയാണ് അല്‍ക്കരാസ് പരാജയപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഫെഡറര്‍, നദാല്‍, ജോക്കോവിച്ച്, മുറെ എന്നിവരല്ലാതെ വിംബിള്‍ഡണില്‍ മുത്തമിടുന്ന ഏക താരം കൂടിയാണ് കാര്‍ലോസ് അല്‍ക്കരാസ്. അതുകൊണ്ട് പുതിയ നിര്‍വചനം അല്‍ക്കരാസിന്റെ നേട്ടത്തിനു നല്‍കാം. ടെന്നീസ് ലോകത്ത് മറ്റൊരു യുഗപ്പിറവി ഉണ്ടായിരിക്കുന്നു. അല്‍ക്കരാസാണ് ആ സിംഹാസനത്തിലേക്ക് അവരോധിതനായിരിക്കുന്നത്.
അദ്ഭുത നേട്ടം
കേവലം 20 വയസിനുള്ളില്‍ അല്‍ക്കരാസ് കൈവരിച്ച നേട്ടങ്ങള്‍ ഏവരെയും അദ്ഭുതപ്പെടുത്തുന്നതാണ്. രണ്ട് ഗ്രാന്‍ഡ്സ്്ലാം കിരീടങ്ങള്‍ (2022 യുഎസ് ഓപ്പണ്‍, 2023 വിംബിള്‍ഡണ്‍), 12 കിരീടങ്ങള്‍ അതില്‍ ആറ് കിരീടങ്ങളും ഈ വര്‍ഷം തന്നെ.
ഈ സീസണില്‍ പുല്‍ക്കോര്‍ട്ടില്‍ ഒരു മത്സരം പോലും അല്‍ക്കരാസ് പരാജയപ്പെട്ടിട്ടില്ല എന്നതും നേട്ടമാണ്. 12 മത്സരങ്ങളാണ് പുല്‍ക്കോര്‍ട്ടില്‍ അല്‍ക്കരാസ് ഈ വര്‍ഷം കളിച്ചത്.
2008ല്‍ സാക്ഷാല്‍ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിക്കൊണ്ട് സ്പെയിനില്‍നിന്ന് മറ്റൊരു താരം ടെന്നീസിന്റെ വലിയ വിഹായസിലേക്ക് ഉയര്‍ന്നു വന്നു. റാഫേല്‍ നദാലായിരുന്നു അത്. നദാലിന്റെ വരവിനു സമാനമാണ് അല്ക്കരാസിന്റെയും ഉദയം. അഞ്ചു സെറ്റ് നീണ്ട എപ്പിക് മത്സരത്തിലായിരുന്നു അന്ന് ഫെഡററെ നദാല്‍ പരാജയപ്പെടുത്തിയത്. ഇവിടെ ജോക്കോവിച്ചിനെ പരാജയപ്പെടുത്തി അല്‍ക്കരാസും ഉയര്‍ന്നിരിക്കുന്നു. രണ്ട് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ അടക്കം നേടിയ നദാല്‍ പിന്നീട് ലോക ടെന്നീസിന്റെ ചക്രവര്‍ത്തി പദത്തിലേക്ക് ഉയര്‍ന്നു. അതുപോലെ തന്നെ ഉയരാനുള്ള പ്രതിഭ അല്ക്കരാസിലുമുണ്ട്. വരും കാലത്ത് അതു തെളിയിക്കപ്പെടുകതന്നെ ചെയ്യും.
സ്പെയിനിലെ എല്പാമറില് 2003 മേയ് അഞ്ചിനാണ് അല്‍ക്കരാസിന്റെ ജനനം. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ യുവാന്‍ കാര്‍ലോസ് ഫെറേറോയുടെ നാട്ടില്‍ നിന്ന് ഉയര്‍ന്നുവന്നതിനാല്‍ അദ്ദേഹത്തിന്റെ സ്വാധീനം അല്‍ക്കരാസിന്റെ കരിയറിലുടനീളമുണ്ടായിരുന്നു. പിന്നീട് ഫെറേറോ തന്നെ അല്‍ക്കരാസിന്റെ പരിശീലകനയി. ചെറുപ്പംമുതല്‍ ടെന്നീസ് റാക്കറ്റിനെ സ്നേഹിച്ച അല്‍ക്കരാസിനെ പിതാവ് കാര്‍ലോസ് അല്‍ക്കരാസ് ഗോണ്‍സാലസ് ടെന്നീസ് കോര്‍ട്ടിലേക്ക് ഇറക്കിവിട്ടു. പിതാവ് ടെന്നീസ് അക്കാദമി ഡയറക്ടര്‍ ആയതിനാല്‍ അല്‍ക്കരാസിന് കോര്‍ട്ടില്‍ ദീര്‍ഘനേരം പരിശീലനം നടത്താനായി. മകന് മെച്ചപ്പെട്ട് പരിശീലനം നല്‍കണമെന്ന് ആഗ്രഹിച്ച ഗോണ്‍സാലസ് അല്‍ക്കരാസിനെ ഫെറേറോയുടെ ജെ.സി ഫെറേറോ സ്പോര്‍ട് അക്കാദമിയില്‍ ചേര്‍ത്തു. അവിടെനിന്നാണ് കാര്‍ലോസ് അല്‍ക്കരാസ് എന്ന ലോകോത്തര താരത്തിന്റെ പിറവിയുണ്ടാകുന്നത്.
റോജര്‍ ഫെഡറര്‍ 2003ല്‍ വിംബിള്‍ഡണ്‍ നേടുമ്പോള്‍ അല്‍ക്കരാസ് ജനിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. നദാല്‍ തന്റെ ആദ്യ വിംബിള്‍ഡണ്‍ നേടുമ്പോള്‍ അല്‍ക്കരാസിന് പ്രായം വെറും അഞ്ച്. ആ ഇതിഹാസങ്ളുടെ പട്ടികയിലേക്കാണ് അല്‍ക്കരാസ് ഉയരുന്നത്. സന്താനയ്ക്കും നദാലിനും ശേഷം വിംബിള്‍ഡണ്‍ നേടുന്ന മൂന്നാമത്തെ സ്പാനിഷ് താരം മാത്രമാണ് അല്‍ക്കരാസ്.
അല്‍ക്കരാസിന്റെ കളിയിലെ ഏറ്റവും വലിയ കരുത്താണ് അദ്ദേഹത്തിന്റെ ഡ്രോപ്പ് ഷോട്ടുകള്‍. ഫൈനലില്‍ അത്തരം ഡ്രോപ് ഷോട്ടുകളള് നിരവധി തവണ ജോക്കോവിച്ചിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അതുപോലെ ബാക്ക് ഹാന്‍ഡ് റിട്ടേണുകളിലെ കൃത്യതയും സെക്കന്‍ഡ് സര്‍വീസിലെ കരുത്തും അല്‍ക്കരാസിന്റെ പ്രത്യേകതയാണ്. മണിക്കൂറില്‍ 150 മുതല്‍ 170 കിലോമീറ്റര്‍ വരെ വേഗതയില്‍ വരുന്ന അല്‍ക്കരാസിന്റെ സെര്‍വുകള്‍ പലതും ജോക്കോവിച്ചിനെ കുടുക്കി. 16 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അല്‍ക്കരാസ് പ്രഫഷണല്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം നടത്തി. 2020 ഫെബ്രുവരിയില്‍ നടന്ന റിയോ ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കളിക്കാനെത്തിയ താരം ആദ്യ റൗണ്ടില്‍ അല്ബെര്ട്ട് റാമോസ് വിനോലാസിനെ കീഴടക്കി അരങ്ങേറ്റം ഗംഭീരമാക്കി.പിന്നീട് നിരവധി വിജയങ്ങളിലൂടെ അല്‍ക്കരാസ് മുന്നേറി.