ഇന്ത്യ എതിർത്തു; ചാംപ്യൻസ് ട്രോഫി പാക് അധീന കശ്മീരിൽ കൊണ്ടുപോകില്ല

ട്രോഫിയുടെ പര്യടനത്തിനുള്ള റൂട്ട് ഐസിസി അംഗീകരിക്കും മുൻപു തന്നെ പിസിബി ഇടയ്ക്കു കയറി യാത്രാക്രമം പ്രഖ്യാപിക്കുകയായിരുന്നു
Champions Trophy
ചാംപ്യൻസ് ട്രോഫി
Updated on

ദുബായ്: ഇന്ത്യയുടെ ശക്തമായ എതിർപ്പ് പരിഗണിച്ച്, ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റെ ട്രോഫി പാക് അധീന കശ്മീരിലെ നഗരങ്ങളിൽ കൊണ്ടുപോകുന്നത് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) തടഞ്ഞു. ഇതോടെ സ്കർദു, ഹുൻസ, മുസാഫറാബാദ് എന്നിവിടങ്ങളിലെ ട്രോഫിയുടെ പര്യടനം ഉപേക്ഷിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) നിർബന്ധിതമായിരിക്കുകയാണ്.

യഥാർഥത്തിൽ ട്രോഫിയുടെ പര്യടനത്തിനുള്ള റൂട്ട് ഐസിസി അംഗീകരിക്കും മുൻപു തന്നെ പിസിബി ഇടയ്ക്കു കയറി യാത്രാക്രമം പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത വർഷം നടത്തുന്ന ചാംപ്യൻസ് ട്രോഫിക്ക് ആതിഥ്യം വഹിക്കേണ്ടത് പാക്കിസ്ഥാനാണ്.

അതേസമയം, പാക്കിസ്ഥാനിൽ പോയി ക്രിക്കറ്റ് കളിക്കാൻ ഒരുക്കമല്ലെന്നും, ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്കു മാറ്റണമെന്നുമുള്ള ആവശ്യത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. നിഷ്പക്ഷ വേദി കൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് മോഡൽ സ്വീകാര്യമല്ലെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം ദീർഘകാലമായി ക്രിക്കറ്റ് ബന്ധത്തെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ രണ്ട് മാർഗങ്ങളാണ് ഐസിസിക്കു മുന്നിലുള്ളത്. ഒന്ന്, ഇന്ത്യയുടെ മത്സരങ്ങൾ ദുബായ് പോലുള്ള ഒരു നിഷ്പക്ഷ വേദിയിലാക്കുക. രണ്ട്, ചാംപ്യൻസ് ലീഗിന്‍റെ ആതിഥ്യം അപ്പാടെ മറ്റൊരു രാജ്യത്തേക്കു മാറ്റുക.

നേരത്തെ, ബംഗ്ലാദേശിൽ നടത്തേണ്ടിയിരുന്ന വനിതകളുടെ ട്വന്‍റി20 ലോകകപ്പ്, അവിടത്തെ സർക്കാർ വിരുദ്ധ കലാപം കണക്കിലെടുത്ത് നേരത്തെ യുഎഇയിലേക്കു മാറ്റിയിരുന്നു. ഇതിനിടെ, ചാംപ്യൻസ് ട്രോഫിക്ക് ആതിഥ്യം വഹിക്കാൻ ഇന്ത്യ സന്നദ്ധത അറിയിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Trending

No stories found.

Latest News

No stories found.