'കേരളത്തില്‍വച്ച് കേട്ട വാര്‍ത്ത ഭയാനകമായിരുന്നു'

വീടുകളില്‍ നിന്ന് മാറേണ്ടി വന്ന പലരും അഭയാര്‍ത്ഥി ക്യാമ്പുകളിലോ താല്‍ക്കാലിക താമസസ്ഥലങ്ങളിലോ കുടുങ്ങിക്കിടക്കുകയാണ്
'കേരളത്തില്‍വച്ച് കേട്ട വാര്‍ത്ത ഭയാനകമായിരുന്നു'
Updated on

മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഇന്നലെ 10 മാസം തികഞ്ഞു. ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിട്ട ബംഗളൂരു എഫ്‌സി താരം മണിപ്പൂരില്‍നിന്നുള്ള ഇന്ത്യന്‍ താരം ചിംഗ്ലെന്‍സന സിങ് എന്ന സെന കലാപ കാലത്തെക്കുറിച്ച് പറയുന്നത് വേദനയോടെയേ ശ്രവിക്കാനാവൂ. തനിക്ക് ഏറ്റവും സന്തോഷ് നല്‍കുന്ന ഫുട്‌ബോള്‍ കളിക്കാന്‍ പോലും സാധിക്കില്ലേ എന്ന ആശങ്കയുണ്ടായിരുന്ന കാലമായിരുന്നു അതെന്ന് സെന പറയുന്നു. പത്ത് മാസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍, 2023 മെയ് 3 ന്, ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കലാപത്തില്‍ അവിടെ 175 പേര്‍ കൊല്ലപ്പെടുകയും 5000 വീടുകള്‍ കത്തിക്കുകയും ചെയ്തു. 70,000-ത്തിലധികം ആളുകളെയാണ് അവരുടെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. ഇപ്പോഴും അക്രമം തുടരുന്നു. വീടുകളില്‍ നിന്ന് മാറേണ്ടി വന്ന പലരും അഭയാര്‍ത്ഥി ക്യാമ്പുകളിലോ താല്‍ക്കാലിക താമസസ്ഥലങ്ങളിലോ കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സെന മനസ് തുറക്കുന്നത്.

സെനയും കുടിയിറക്കപ്പെട്ട ആളാണ്. അദ്ദേഹത്തിന്‍റെ കുടുംബവീട് കത്തിനശിച്ചു, ഇന്ത്യന്‍ ഇന്‍റര്‍നാഷണലും നിലവിലെ ബെംഗളൂരു എഫ്സി ഫുട്ബോളറുമായ ചിംഗ്ലെന്‍സന 'സന' സിംഗ് ആണ്. കലാപസമയത്ത് സെനയും കുടുംബവും അനുഭവിച്ച ആഘാതങ്ങള്‍, അതിനുശേഷം കാര്യങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള പോരാട്ടം, ഇതൊക്കെ ഞെട്ടലോടെയേ കേള്‍ക്കാനാകൂ. സെനയുടെ കുടുംബത്തിന്‍റെ എല്ലാ സമ്പത്തും നശിച്ചു. വീട് ഇല്ലാതായി. എന്നാല്‍, കുടുംബത്തിലെ എല്ലാവരും എവിടെയെങ്കിലുമൊക്കെ ജീവനോടെയുണ്ട് എന്നതായിരുന്നു തനിക്ക് ആശ്വാസം നല്‍കിയ കാര്യമെന്ന് സെന പറയുന്നു. 2023 മേയ് 3, എഎഫ്‌സി കപ്പ് പ്ലേഓഫില്‍ മോഹന്‍ ബഗാനെതിരെ കളിക്കാനായി കേരളത്തിലെത്തിയതായിരുന്നു ഞാന്‍. കളി കഴിഞ്ഞയുടനെ, റൂമിലെത്തി ഫോണ്‍ തുറന്നപ്പോള്‍ നിരവധി മിസ്ഡ് കോളുകളും മെസെജുകളും. മണിപ്പൂരിലെ ചുരാചന്ദ്പൂരിലെ എന്‍റെ കുടുംബത്തില്‍ നിന്നുള്ളവരുടെ സന്ദേശങ്ങളായിരുന്നു അധികവും. എന്തോ സംഭവിച്ചിക്കുന്നു എന്നോര്‍ത്ത് ആശങ്കാകുലനായിരുന്നു. വീട്ടിലുള്ളവരെ വിളിച്ച് കിട്ടുന്നതുവരെയുള്ള നിമിഷങ്ങള്‍ ഭയാനകവും ഭീതിദവുമായിരുന്നു.

വിളിച്ചപ്പോള്‍ കേട്ട വാക്കുകള്‍ അതിലേറെ ഭയപ്പെടുത്തി. കുടുംബത്തിലുള്ളവര്‍ വീടിനുള്ളില്‍ ആയിരുന്നു, സ്വയം പൂട്ടിയിരുന്നു, ശബ്ദമുണ്ടാക്കാതെ സംസാരിച്ചു. റോഡുകളില്‍ തോക്കുകളുമായി ആളുകളുണ്ടെന്നും അതുകൊണ്ട് മെല്ലെ സംസാരിച്ചാല്‍ മതിയെന്ന് അവര്‍ ഇടയ്ക്കിടെ പറഞ്ഞു. വെടിയുതിര്‍ക്കുന്ന ശബ്ദം ഭയപ്പെടുത്തി. ഇങ്ങെ കാതങ്ങള്‍ അകലെ കേരളത്തിലിരുന്ന് അങ്ങേത്തലയ്ക്ക് നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ വളരെ ആശങ്കപ്പെടുത്തുന്നതായിരുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ അത് വളരെ ഭയാനകമായ നിമിഷമായിരുന്നു. എന്‍റെ സഹോദരന്‍റെ മകന്‍, അന്ന് ഒന്നര വയസായിരുന്നു, അവന്‍ വാവിട്ട് നിലവിളിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. അവന്‍ മിണ്ടാതിരിക്കാന്‍ വീട്ടിലുള്ളവര്‍ക്ക് അവന്‍റെ വായ പൊത്തിപ്പിടിക്കേണ്ടി വന്നു. ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടിവന്നു. അപ്പോഴുണ്ടായ വികാരം എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ സൈന്യത്തിലെ എന്‍റെ സുഹൃത്തുക്കള്‍ക്കളെ വിളിച്ചു. ആളുകളെ രക്ഷിക്കാന്‍ ആര്‍മി ട്രക്കുകള്‍ വരുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞു, പക്ഷേ റോഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നതായി മനസിലാക്കി. പുലര്‍ച്ചെ 4.30 വരെ ഞാന്‍ അമ്മയെ വിളിച്ചുകൊണ്ടേയിരുന്നു. ഫോണ്‍ കട്ട് ചെയ്യരുതെനന്ന് ആവശ്യപ്പെട്ടു. അവിടുത്തെ സംഭവങ്ങള്‍ മനസിലാക്കി. പട്ടാളത്തില്‍ ഒരു മേജര്‍ ഉണ്ടായിരുന്നു, മേജര്‍ അജയ്, സുഹൃത്താണ്. അദ്ദേഹത്തോട് സംസാരിച്ചതിന്‍റെ ഫലമായി ദൈവാനുഗ്രഹമെന്നോണം എന്‍റെ ശ്രമഫലമായി അവരെ രക്ഷിക്കാന്‍ സൈന്യമെത്തി. അടുത്ത ദിവസം രാവിലെ ഞങ്ങളുടെ വീടുകളില്‍ നിന്ന് അവരെ രക്ഷപ്പെടുത്തി അടുത്തുള്ള സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകാന്‍ അവര്‍ സൈനിക വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്തു. അവിടെ നിന്ന് അവരെ മറ്റൊരു ജില്ലയായ മൊയ്റാങ്ങിലേക്ക് കൊണ്ടുപോയി. അങ്ങനെ രക്ഷാകേന്ദ്രത്തിലെത്തി. കലാഭൂമിയില്‍നിന്ന് എന്‍റെ കുടുംബം അങ്ങനെ രക്ഷപ്പെട്ടു. അപ്പോഴും ഞങ്ങളുടെ നാട്ടലെ കലാപം അവസാനിച്ചിരുന്നില്ല. മെയ് 4 ന്, ഉച്ചയോടെ, അവരെയെല്ലാം രക്ഷപ്പെടുത്തി. എന്നാല്‍, പിറ്റെദിവസം കലാപകാരികള്‍ ഞങ്ങളുടെ വീടും അഗ്നിക്കിരയാക്കി. സുഹൃത്തുക്കള്‍ അതിന്‍റെ വീഡിയോ അയച്ചുതന്നു.

സങ്കല്‍പ്പിക്കുക... ഇത്രയും വര്‍ഷങ്ങള്‍ ഞങ്ങള്‍ സമാധാനത്തോടെ, സ്‌നേഹത്തോടെ, ഐക്യത്തോടെ ജീവിച്ച വീട്; എന്‍റെ വീട്ടില്‍ നിന്ന് പുകയും തീയും പുറത്തേക്ക് വരുന്നത് എന്‍റെ കണ്ണുകള്‍ കൊണ്ട് എനിക്ക് കാണാമായിരുന്നു, അത് വേദനാജനകമായിരുന്നു. മെയ് 15 ന് ഇന്ത്യന്‍ ദേശീയ ടീം ക്യാമ്പ് ആരംഭിക്കുന്നതിനാല്‍ വരേണ്ടെന്ന് എന്‍റെ വീട്ടുകാര്‍ എന്നോട് പറഞ്ഞു. എന്നാല്‍, പോകാതിരിക്കാന്‍ എനിക്കായില്ല.

ഞാന്‍ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ അവരോടൊപ്പം മൊയ്റാങ്ങില്‍ താമസിച്ചു, നമ്മള്‍ ജീവിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് അവരെ അറിയിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പോയത് പോയി, പക്ഷേ തീര്‍ച്ചയായും എന്‍റെ അമ്മ, അച്ഛന്‍, എന്‍റെ സഹോദരങ്ങള്‍, എന്‍റെ സഹോദരിമാര്‍ എല്ലാവരും ജീവനോടെയുണ്ടല്ലോ. പോയത് പോയി, ഞാന്‍ കൂടെയുണ്ട്. നമുക്ക് മറ്റൊരു വീട് പണിയാം, ജീവിതം മുന്നോട്ട് പോകും. അവര്‍ക്ക് ആത്മവിശ്വാസമേകി. സൈനികക്യാംപില്‍നിന്നു മാറി ദീര്‍ഘകാലം ഒരു സുഹൃത്തിന്‍റെ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചത്.

ഞങ്ങള്‍ ഇപ്പോഴും അഭയാര്‍ഥികള്‍

കൂടെ കളിച്ച, ഒരുപാട് ആദിവാസി സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരെല്ലാം വളരെ നല്ലവരും സ്‌നേഹമുള്ളവരുമാണ്. ഞാന്‍ എന്‍റെ രാജ്യത്തിനായി ഒരു കപ്പ് നേടിയാലും, അല്ലെങ്കില്‍ ഞാന്‍ ഐഎസ്എല്‍ ട്രോഫി നേടിയാലും ഒരു റാലി ഉണ്ടാകും എല്ലാവരും എന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ വരും. അവര്‍ എന്‍റെ വീട്ടില്‍ വന്ന് അവരുടെ ഷാള്‍ എനിക്ക് സമ്മാനിക്കും. കളിക്കളത്തില്‍ ഞാന്‍ നേടിയെടുക്കുന്നതില്‍ എനന്നോടുള്ള ആദരവ്.അത്തരത്തില്‍ സ്‌നേഹസമ്പന്നരാണ് അവര്‍. എന്നാല്‍, ഇന്നും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. അഭയാര്‍ഥികളെപ്പോലെയാണ് അവിടെയുള്ള ഭൂരിഭാഗം പേരും കഴിയുന്നത്.

Trending

No stories found.

Latest News

No stories found.