ന്യൂഡല്‍ഹി: മോഡലും സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സറുമായ സപ്ന ഗില്‍ നല്‍കിയ പീഡന പരാതിയില്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് കോടതി പോലിസിന് നിര്‍ദേശം നല്‍കി. പൃഥ്വിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി ജൂണ്‍ 19-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. .അതേസമയം കേസെടുക്കാത്ത പോലിസിനെതിരേ നടപടിയെടുക്കണമെന്ന സപ്ന ഗില്ലിന്‍റെ ഹര്‍ജി കോടതി തള്ളി.
സപ്നയുടെ ആരോപണം പൃഥ്വി ഷായും തള്ളിയിട്ടുണ്ട്. സബര്‍ബന്‍ അന്തേരിയിലെ പബ്ബില്‍വെച്ച് പൃഥ്വി പീഡിപ്പിച്ചുവെന്നാണ് സപ്ന ഗില്ലിന്‍റെ പരാതി. സെല്‍ഫിയെടുത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പൃഥ്വി ഷായെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന പരാതിയില്‍ സപ്ന ഗില്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു.
തുടര്‍ന്ന് ജാമ്യം ലഭിച്ചതിനു പിന്നാലെ സപ്ന പോലിസ് സ്റ്റേഷനിലെത്തി പൃഥ്വി ഷായും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതി നല്‍കി.
എന്നാല്‍ പരാതിയില്‍ പോലിസ് കേസെടുക്കാതിരുന്നതോടെ സപ്ന കോടതിയെ സമീപിക്കുകയായിരുന്നു. സംഭവം തട്ടിപ്പായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുകയും ചെയ്തു.