കൊൽക്കത്ത: സാങ്കേതികമായി മാത്രം സെമി സാധ്യത അവശേഷിക്കുന്ന പാക്കിസ്ഥാന് ഇന്ന് നിലനില്‍പ്പിന്റെ കൂടി പോരാട്ടമാണ്. എട്ട് മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ഇംഗ്ലണ്ടാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. പാക്കിസ്ഥാന് എട്ട് പോയിന്റുണ്ട്.
മികച്ച മാര്‍ജിനില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെയാണ് കിവികള്‍ സെമിക്കരികേയെത്തിയത്. ഇതോടെ പാക്കിസ്ഥാന് സെമിയിലെത്തണമെങ്കില്‍ ചിന്തിക്കാന്‍പോലുമാകാത്ത തരത്തിലുള്ള അദ്ഭുതം സംഭവിക്കണം. നെറ്റ് റണ്‍റേറ്റ് 0.398ല്‍നിന്ന് 0.743ലെത്തിച്ച കിവികള്‍ക്കെതിരേ കുറഞ്ഞത് 284 പന്തുകള്‍ അവശേഷിക്കേയോ അല്ലെങ്കില്‍ 287 റണ്‍സിനോ പാക്കിസ്ഥാന് ജയിക്കേണ്ടിവരും സെമിയിലെത്താന്‍.
മറ്റൊരു വാചകത്തില്‍ പറഞ്ഞാല്‍ ഇംഗ്ലണ്ട് 150 റണ്‍സ് നേടിയാല്‍ പാക്കിസ്ഥാന് 3.4 ഓവറില്‍ ലക്ഷ്യം മറികടക്കേണ്ടിവരും. ഇതോടെ സെമിയിലെത്താമെന്ന പാക്കിസ്ഥാന് മോഹം അസ്തമിച്ചു. ബാബര്‍ അസമിനെതിരേ ഇതിനോടകം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ സെമിയിലെത്താനാകാതെ പോയതോടെ നാട്ടിലും വലിയ പ്രതിഷേധങ്ങളാകും പാക്കിസ്ഥാന് നേരിടേണ്ടിവരിക. കഴിഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയ അതേ ടീമായിരിക്കും ഇന്ന് ഇംഗ്ലണ്ടിനായി ഇറങ്ങുക.
ലോക ചാംപ്യന്മാരായ ഇംഗ്ലണ്ട് നേരത്തെ തന്നെ പുറത്തായ സാഹചര്യത്തില്‍ ആശ്വാസജയം തേടിയാണ് ഇവര്‍ ഇറങ്ങുന്നത്. സമീപകാലത്ത് പാക്കിസ്ഥാനെതിരേ ഏകദിനത്തില്‍ ഏറ്റവും മികച്ച റെക്കോഡുള്ള ടീമാണ് ഇംഗ്ലണ്ട്. കഴിഞ്ഞ ലോകകപ്പിനു ശേഷം കളിച്ച 18 മത്സരങ്ങളില്‍ 16ഉം ഇംഗ്ലണ്ടിന് ജയിക്കാനായി. ചാംപ്യന്‍സ് ലീഗ് ബെര്‍ത്ത് ലഭിക്കണമെങ്കില്‍ ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ജയം അനിവാര്യമാണ്.