ബംഗളൂരു: ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയ പാക്കിസ്ഥാൻ 62 റൺസിനു പരാജയപ്പെടുത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഹൈ സ്കോറിങ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസെടുത്തപ്പോൾ, പാക്കിസ്ഥാൻ 45.3 ഓവറിൽ 305 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ഓപ്പണർമാരായ ഡേവിഡ് വാർനറുടെയും മിച്ചൽ മാർഷിന്‍റെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 33.5 ഓവറിൽ 259 റൺസാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. 124 പന്ത് നേരിട്ട വാർനർ 14 ഫോറും ഒമ്പത് സിക്സും സഹിതം 163 റൺസെടുത്തു. 108 പന്ത് നേരിട്ട മാർഷ് 10 ഫോറും ഒമ്പത് സിക്സും സഹിതം 121 റൺസും നേടി. എന്നാൽ, തുടർന്നെത്തിയവരിൽ മാർക്കസ് സ്റ്റോയ്നിസും (21) ജോഷ് ഇംഗ്ലിസും (13) മാത്രമാണ് രണ്ടക്കം കണ്ടത്. ഇതോടെ 450 എത്തുമെന്ന തോന്നിച്ച സ്കോർ നാനൂറിൽ താഴെ ഒതുക്കാൻ പാക്കിസ്ഥാനു സാധിച്ചു.
ഷഹീൻ ഷാ അഫ്രീദി 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫിന്‍റെ എട്ടോവറിൽ 83 റൺസ് പിറന്നെങ്കിലും മൂന്ന് വിക്കറ്റ് കിട്ടി.
മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാനും തകർപ്പൻ തുടക്കം തന്നെ കിട്ടി. അബ്ദുള്ള ഷഫീക്കും ഇമാം ഉൽ ഹക്കും ചേർന്ന് ഒന്നാം വിക്കറ്റിൽ 134 റൺസ് കൂട്ടിച്ചേർത്തു. 21.1 ഓവറിൽ ഷഫീക്ക് (61 പന്തിൽ 64) പുറത്തായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. 71 പന്തിൽ 70 റൺസുമായി ഇമാമും മടങ്ങി. ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസാണ് ഇരുവരെയും പുറത്താക്കിയത്. ഇതു മത്സരഫലത്തിൽ നിർണായകമാകുകയും ചെയ്തു.
തുടർന്നെത്തിയവരിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനാണ് (40 പന്തിൽ 46) ടോപ് സ്കോറർ. സൗദ് ഷക്കീലും (30) ഇഫ്തിക്കർ അഹമ്മദും (26) നന്നായി തുടങ്ങിയെങ്കിലും റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ മുട്ടുകുത്തി.
53 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ ആഡം സാംപ ഒരിക്കൽക്കൂടി ഓസ്ട്രേലിയൻ ബൗളിങ് നിരയുടെ നെടുന്തൂണായി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും സാംപ നാലു വിക്കറ്റ് നേടിയിരുന്നു. ഉപഭൂഖണ്ഡത്തിൽ, സ്പിൻ കളിച്ച് ശീലിച്ച ടീമുകൾക്കെതിരേ നടത്തിയ ഗംഭീര പ്രകടനങ്ങൾ വരും മത്സരങ്ങളിൽ സാംപയെ കൂടുതൽ അപകടകാരിയാക്കാനാണ് സാധ്യത.
തുടരൻ തോൽവിക്കു ശേഷം ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഓസ്ട്രേലിയ, തുടരെ രണ്ടാം ജയമാണ് സ്വന്തമാക്കിയത്. പാക്കിസ്ഥാനാകട്ടെ ഇതിനു മുൻപത്തെ മത്സരത്തിൽ ഇന്ത്യയോടും തോറ്റ് തുടരെ രണ്ടാം പരാജയം ഏറ്റുവാങ്ങി.