പൂനെ: ലോകകപ്പില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ന് നെതര്‍ലന്‍ഡ്സിനെ നേരിടും. ഇരുടീമും ഇതിനോടകം ലോകകപ്പില്‍ നിന്ന് പുറത്തായവരാണ്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് ഏഴ് മത്സരങ്ങളില്‍ വിജയിച്ചത് കേവലം ഒരു മത്സരത്തിലാണ്. പട്ടികയിലുള്ളത് രണ്ട് പോയിന്റ് മാത്രം. അതുകൊണ്ടുതന്നെ ജോസ് ബട്ലര്ക്കും കൂട്ടര്‍ക്കും വലിയ നാണക്കേടില്‍നിന്ന് രക്ഷപ്പെടാന്‍ ഇന്ന് വിജയം കൂടിയേ തീരൂ.
ലോകോത്തര ബാറ്റിങ് നിരയുണ്ടായിട്ടും ചെറിയ ടീമുകളോട് വരെ ഇംഗ്ലണ്ട് പരാജയപ്പെട്ടു. അതേസമയം, നെതര്‍ലന്‍ഡ്സ് ഈ ലോകകപ്പില്‍ രണ്ട മത്സരങ്ങളില്‍ വിജയിച്ചു. ബംഗ്ലാദേശും ശ്രീലങ്കയും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിച്ചത്. ഈ സാഹചര്യത്തില്‍ ലോകക്രിക്കറ്റിലെ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്സിന് രണ്ട് മത്സരങ്ങളില്‍ ജയിക്കാനായത് വലിയ നേട്ടമാണ്. അതില്‍ ഒരു വിജയം ഇതിനോടകം സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു എന്നത് ശ്രദ്ധേയമാണ്. 38 റണ്‍സിനായിരുന്നു പ്രോട്ടിയാസിനെതിരായഅഫ്ഗാന്റെ വിജയം. മറ്റൊരു വിജയം ബംഗ്ലാദേശിനെതിരേയായിരുന്നു. 87 റണ്‍സിന്റെ മിന്നും ജയമാണ് അന്ന് നേടിയത്.
ബാറ്റര്‍മാരുടെ ദയനീയ പ്രകടനമാണ് ഇംഗ്ലണ്ടിനെ അലട്ടുന്നത്. ഡേവിഡ് മലനും ജോ റൂട്ടുമൊഴികേ മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായിട്ടില്ല. ടീമിലേക്ക് തിരിച്ചെത്തിയ ബെന്‍ സ്റ്റോക്സ് ഒരു മത്സരത്തില്‍ മാത്രമാണ് അവസരത്തിനൊത്തുയര്‍ന്നത്.
നെതര്‍ലന്‍ഡ്സിന്റെ കാര്യമെടുത്താല്‍ ബാസ് ദേ ലീഡ്സിന്റെ ഓള്‍റൗണ്ട് പ്രകടനവും ഇന്ത്യന്‍ വംശജന് വിക്രംജിത്ത് സിങ്ങിന്റെ മികച്ച ബാറ്റിങ്ങും അവരുടെ കരുത്താണ്.