കോൽക്കത്ത: ലോകകപ്പിലെ തീപാറും പോരാട്ടത്തിന് ഇന്ന് കോൽക്കത്ത ഈഡൻ ഗാർഡൻസ് വേദിയാകുന്നു. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കരും നേർക്കുനേർ എത്തുമ്പോൾ ഇതിനെ ഫൈനലിന് മുൻപൊരു ഫൈനൽ എന്ന് വിശേഷിപ്പിക്കാം. പ്രാധമിക മത്സങ്ങളിൽ തോൽവിയറിയാതെയാണ് ഇന്ത്യ ഇന്ന് കളത്തിൽ എത്തുന്നത്. എന്നാൽ ലീഗ് ഘട്ടത്തിൽ താരതമ്യേന കുഞ്ഞന്മാരായ നെതർലൻഡ്സിനോട് മാത്രം തോൽവി വഴങ്ങിയാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. മത്സരത്തിലെ വിജയി പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം അലങ്കരിക്കുമെന്നതിനാൽ ഇരുകൂട്ടർക്കും ഇത് അഭിമാന പോരാട്ടം തന്നെയാണ്. ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.
തോൽക്കാൻ തീരെ താത്പര്യമില്ലാത്ത ഒരു താരനിരയായി ടീം ഇന്ത്യ രൂപപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് ഉൾപ്പെടെ ലോകകപ്പിലെ കരുത്തന്മാരെല്ലാം ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിന് മുന്നിൽ പത്തിമടക്കി. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയെങ്കിലും രോഹിത് ശർമ നൽകുന്ന സ്ഫോടനാത്മക തുടക്കമാണ് ടീം ഇന്ത്യയുടെ കരുത്ത്. പനി ബാധിച്ച് കുറച്ച് മത്സരങ്ങളിൽ നിന്ന് മാറി നിന്ന ശുഭ്മൻ ഗില്ലും കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറിയുമായി മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. വിരാട് കോലിയുടെ പ്രകടനവും ഇന്ത്യക്ക് മുതൽക്കൂട്ടാണ്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ചുറി റെക്കോഡ് മറികടക്കാനുള്ള ഒരു സമ്മർദം ഒഴിവാക്കിയാൽ വിരാട് ഇന്ന് മൈതാനത്ത് കത്തിക്കയറുമെന്ന് ഉറപ്പ്. മുംബൈയിൽ സ്വന്തം കാണികൾക്ക് മുൻപിൽ അർധസെഞ്ചുറി പ്രകനവുമായി തിരിച്ചുവന്നു. കെ.എൽ. രാഹുലിനും സൂര്യകുമാർ യാദവിനും ഇതുവരെ വലിയൊരു ഇന്നിങ്സ് കളിച്ചിട്ടില്ല. എന്തായാലും കഗിസോ റബാഡ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ബൗളിങ്നിരയെ തകർത്തെറിയുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ബുംമ്ര, സിറാജ്, ഷമി ത്രയത്തിലാണ് ഇന്ത്യൻ ബൗളിങ്ങിന്‍റെ പ്രതീക്ഷ. ആദ്യ 15 ഓവറുകളിൽ മൂവരും എതിരാളികൾക്ക് മേൽ നൽകുന്ന സമ്മർദം വളരെ വലുതാണ്. ലോകകപ്പിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ മൊഹമ്മദ് ഷമിയെ നേരിടാൻ ദക്ഷിണാഫ്രിക്ക പ്രത്യേക പദ്ധതികളുമായാകും എത്തുക. സ്പിന്നർമാരായ കുൽദീപ് യാദവും, രവീന്ദ്ര ജഡേജയും മധ്യഓവറുകളിൽ റണ്ണൊഴുക്ക് കുറയ്ക്കുകയും നിർണായക വിക്കറ്റുകൾ നേടുകയും ചെയ്യുന്നുണ്ട്.
പരുക്കേറ്റ ഹാർദിക് പാണ്ഡ്യയെ മാറ്റി സീമർ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്തിയ വാർത്ത ഇന്നലെ രാവിലെ പുറത്തുവന്നത്. ടീമിന്‍റെ ഓൾറൗണ്ട് ബാലൻസ് താളം തെറ്റിയെന്നാണ് കരുതുന്നത്. അതുകൊണ്ട് മാനെജ്മെന്‍റ് വ്യക്തമായും ആക്രമണാത്മക 'ആറ് ബാറ്റർമാർ, അഞ്ച് ബൗളർമാർ' സിദ്ധാന്തം ഇന്ന് മൈതാനത്ത് തുടരുമെന്ന് ഉറപ്പ്.
ഒരു തോൽവി മാറ്റിനിർത്തിയാൽ ടെംബ ബാവുമയും സംഘവും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യൻ മണ്ണിൽ നടത്തുന്നത്. ആദ്യം ബാറ്റ്ചെയ്ത മത്സരങ്ങളിൽ ശ്രീലങ്കയെ (102 റൺസിന്), ഓസ്‌ട്രേലിയ (134), ഇംഗ്ലണ്ട് (229), ബംഗ്ലാദേശ് (149), ന്യൂസിലൻഡ് (190) എന്നിവരെ പരാജയപ്പെടുത്തി. നാല് സെഞ്ചുറിയുമായി 545 റൺസ് നേടിയ ഓപ്പണർ ക്വിന്‍റൺ ഡി കോക്ക് മികച്ച പ്രകടനമാണ് നടത്തുന്നത്. മധ്യനിരയിൽ എയ്ഡൻ മാർക്രം, റാസി വാൻ ഡെർ ഡസ്സൻ എന്നിവരും വലിയ സ്കോർ സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ അവസാന ഓവറുകളിൽ ഹെൻറിച്ച് ക്ലാസന്‍റെയും ഡേവിഡ് മില്ലറുടേയും വെടിക്കെട്ട് കൂടി ചേരുമ്പോൾ ഏത് ബൗളർമാരയും അടിച്ചുടയ്ക്കാനുള്ള ശേഷിയുണ്ട് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയ്ക്ക്.
എന്നാൽ നെതർലൻഡ്‌സിനെതിരായ തോൽവിയിലും പാക്കിസ്ഥാനെതിരായ ഒരു വിക്കറ്റിന്‍റെ നേരിയ വിജയത്തിലും വ്യക്തമാകുന്നത് ചേസിങ് ഇവർക്ക് ഒരു വലിയ പ്രശ്നം തന്നെയാണെന്നാണ്. ബൗളർമാരിൽ മാർക്കോ ജാൻസൻ, ജെറാൾഡ് കോട്‌സി, കേശവ് മഹാരാജ്, കാഗിസോ റബാഡ എന്നിവർ കൃത്യമായി ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുന്നുണ്ട്. ഇതിൽ കേശവ് മഹാരാജ് ഇന്ത്യൻ മണ്ണിൽ നിലവിൽ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നത്.