ബാർബഡോസ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. ട്വന്റി20 ക്രിക്കറ്റിൽ ഇന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർ എന്നു നിസംശയം വിശേഷിപ്പിക്കാവുന്ന സൂര്യകുമാർ യാദവിന് 50-ഓവർ ഫോർമാറ്റിലെ നിരാശ മറികടക്കാൻ സാധിക്കുമോ എന്നായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. മലയാളികളെ സംബന്ധിച്ച്, വിക്കറ്റിനു പിന്നിൽ എത്തുന്നത് സഞ്ജു സാംസണോ ഇഷാൻ കിഷനോ എന്നതും പ്രധാന ചോദ്യം.
ടെസ്റ്റ് പരമ്പര 1-0 എന്ന നിലയിൽ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. ലോകകപ്പിനു മുൻപ് ടീമിന്റെ ഘടനയ്ക്ക് അന്തിമ രൂപം നൽകുന്നതിനുള്ള തയാറെടുപ്പ് കൂടിയാണ് ഇന്ത്യയ്ക്ക് ഈ പരമ്പര. ഏഷ്യ കപ്പ് കൂടി കളിക്കാനുണ്ടെങ്കിലും, ലോകകപ്പിനുള്ള ടീം ലിസ്റ്റ് നൽകാനുള്ള അവസാന തീയതി അതിനു മുൻപാണ്. ഈ സാഹചര്യത്തിൽ, ലോകകപ്പ് കളിക്കാനുള്ള ടീം തന്നെയാകും ഏഷ്യ കപ്പിനും ഇറങ്ങുക.
യുസ്വേന്ദ്ര ചഹലിനെയും ഉമ്രാൻ മാലിക്കിനെയും പോലുള്ള ബൗളർമാർക്കും ലോകകപ്പ് ടീമിൽ ഇടമുറപ്പിക്കാൻ അവസാന അവസരം ഈ പരമ്പരയായിരിക്കും. ഋഷഭ് പന്തിന്റെ പരിക്ക് ഭേദമായിട്ടില്ലാത്ത സാഹചര്യത്തിൽ കിഷന്റെ സ്ഥാനത്തിനു വലിയ ഭീഷണിയില്ല. കെ.എൽ. രാഹുൽ ലോകകപ്പിൽ വിക്കറ്റ് കീപ്പറായാലും ബാക്കപ്പ് എന്ന നിലയിലെങ്കിലും കിഷന് ടീമിലെത്താം. ഈ സ്ഥിതിക്കു മാറ്റം വരണമെങ്കിൽ സഞ്ജുവിന്റെ ബാറ്റിൽനിന്ന് അസാമാന്യ ഇന്നിങ്സുകൾ തന്നെ ഉണ്ടാകണം. 11 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജുവിന് നിലവിൽ 66 റൺസ് എന്ന മികച്ച ബാറ്റിങ് ശരാശരിയുണ്ട്. കിഷനാകട്ടെ, കീപ്പിങ്ങിൽ മെച്ചപ്പെട്ടെന്നു തെളിയിക്കുന്ന പ്രകടനമാണ് ടെസ്റ്റ് അരങ്ങേറ്റത്തിൽ നടത്തിയത്. ബാറ്റിങ്ങിലും മോശമാക്കിയില്ല. ആദ്യ ഏകദിനത്തിൽ കിഷൻ തന്നെ വിക്കറ്റ് കീപ്പറും അഞ്ചാം നമ്പർ ബാറ്റ്സ്മാനുമാകാനാണ് സാധ്യത. അങ്ങനെ വന്നാൽ സൂര്യയും സഞ്ജുവും തമ്മിലാകും നാലാം നമ്പർ ബാറ്റിങ് പൊസിഷനു വേണ്ടിയുള്ള മത്സരം.
ശ്രേയസ് അയ്യർ തിരിച്ചുവന്നാലും മധ്യനിരയിൽ സ്ഥാനം നിൽനിർത്താൻ സാധിക്കണമെങ്കിൽ സൂര്യകുമാറും കാര്യമായി തന്നെ അധ്വാനിക്കേണ്ടിവരും. ഓസ്ട്രേലിയയ്ക്കെതിരേ തുടരെ മൂന്ന് ഏകദിനങ്ങളിൽ, നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു സൂര്യ.
ടെസ്റ്റിൽ വൺ ഡൗൺ പൊസിഷനിലേക്കു മാറിയെങ്കിലും ഏകദിനത്തിൽ ശുഭ്മാൻ ഗിൽ തന്നെയാകും ക്യാപ്റ്റൻ രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളി. ഋതുരാജ് ഗെയ്ക്ക്വാദ് ടീമിലുണ്ടെങ്കിലും ഈ പരമ്പരയിൽ അവസരം കിട്ടാൻ സാധ്യത വിരളം. മൂന്നാം നമ്പറിൽ വിരാട് കോഹ്ലി തന്നെ വരും.
ആറും ഏഴും സ്ഥാനങ്ങളിൽ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയെയും രവീന്ദ്ര ജഡേജയെയും പ്രതീക്ഷിക്കാം. അക്ഷർ പട്ടേലും ശാർദൂൽ താക്കൂറുമാണ് ടീമിലുള്ള മറ്റ് ഓൾറൗണ്ടർമാർ. ചഹലിനെ കൂടാതെ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും ടീമിലുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ചഹലിനു മുകളിൽ പരിഗണന ലഭിച്ചത് കുൽദീപിനായിരുന്നു.
മുഹമ്മദ് സിറാജ് തന്നെയാകും പേസ് ബൗളിങ് നിരയെ നയിക്കുക എന്നു കരുതാം. ജയദേവ് ഉനദ്കത്, മുകേഷ് കുമാർ എന്നിവരുടെ പരിചയക്കുറവ് കണക്കിലെടുക്കുമ്പോൾ ഇവർ ഒരുമിച്ച് ആദ്യ ഇലവനിലെത്താൻ സാധ്യതയില്ല. ഉമ്രാൻ മാലിക്, ശാർദൂൽ താക്കൂർ എന്നിവരിലൊരാൾക്കോ, ഒരുപക്ഷേ, ഇരുവർക്കും ഒരുമിച്ചോ അവസരം ലഭിക്കാം.
മറുവശത്ത്, ഏകദിന ലോകകപ്പിന് യോഗ്യത ലഭിക്കാതിരുന്ന വെസ്റ്റിൻഡീസ്, ഇന്ത്യയ്ക്കെതിരായ പരമ്പരയിലൂടെ പുതിയൊരു തുടക്കമാണ് ലക്ഷ്യമിടുന്നത്. ഷിമ്രോൺ ഹെറ്റ്മെയരുടെയും ഒഷേൻ തോമസിന്റെയും തിരിച്ചുവരവ് ടീമിനെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. 2021ലാണ് ഇരുവരും അവസാനമായി ഏകദിന ക്രിക്കറ്റ് കളിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ മികവ് പുലർത്തിയ അപൂർവം വിൻഡീസ് ബാറ്റ്സ്മാൻരിലൊരാളായ അലിക് അത്തനേസിനെ ഏകദിന മത്സരങ്ങളിലും ഇന്ത്യൻ ബൗളർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്വാദ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശാർദൂൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കത്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റിൻഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ (വൈസ് ക്യാപ്റ്റൻ), അലിക്ക് അത്തനേസ്, യാനിക് കാരിയ, കേസി കാർട്ടി, ഡൊമിനിക് ഡ്രേക്ക്സ്, ഷിമ്രോൺ ഹെറ്റ്മെയർ, അൽസാരി ജോസഫ്, ബ്രാൻഡൻ കിങ്, കൈൽ മെയേഴ്സ്, ഗുദാകേശ് മോട്ടി, ജേഡൻ സീൽസ്, റൊമാരിയോ ഷെപ്പേർഡ്, കെവിൻ സിങ്ക്ലെയർ, ഒഷേൻ തോമസ്.