അഹമ്മദാബാദ്: വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യ ട്വന്റി20 പരമ്പര (2-1) തൂത്തുവാരി. മത്സരത്തിൽ കിവീസിനെ 168 റണ്‍സിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യയുടെ ഒന്നാന്തരം ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ബൗളർമാരും കരുത്ത് കാണിച്ചതോടെ ഇന്ത്യയ്ക്ക് മുന്നിൽ കിവീസ് തരിപ്പണമായി. നേരത്തെ ഏകദിനത്തിലും ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയിരുന്നു.
ഇന്ത്യ ഉയർത്തിയ 235 റൺസെന്ന കൂറ്റൻ സ്കോർ ലക്ഷ്യവുമായി എത്തിയ ന്യൂസീലൻഡ് 12.1 ഓവറിൽ വെറും 66 റൺസിന് പുറത്തായി. 25 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ മാത്രമാണ് കിവീസ് ഇന്നിങ്സില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നർ 13 റൺസിൽ പുറത്തായി.
നാല് ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ്, ഉമ്രാന് മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഫിന് അലൻ (3), ഡെവോണ്‍ കോണ്‍വെ (1), മാര്‍ക്ക് ചാപ്മാന് (0), ഗ്ലെന്‍ ഫിലിപ്സ് (2), മൈക്കല്‍ ബ്രെയ്സ്വെൽ (8), ഇഷ് സോധി (0), ലോക്കി ഫെര്ഗൂസന് (0), ബ്ലെയര്‍ ടിക്നര്‍ (1) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി.
ഓപ്പണർ ശുഭ്മാന്‍ ഗില്ലിന്റെ അവിസ്മരണീയ ഇന്നിങ്സാണ് ലോകം സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഗില്ലിന്റെ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് അടിച്ചുകൂട്ടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ (63 പന്തില്‍ പുറത്താവാതെ 126) സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44) മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യക്ക് തുടക്കത്തിലേ ഇഷാന് കിഷനെ 1(3) നഷ്ടമാകുമ്പോള്‍ ടോട്ടല്‍ വെറും ഏഴ് റണ്‍സ്. തുടര്‍ന്ന് ഒന്ന് ചേര്‍ന്ന രാഹുല്‍ ത്രിപാഠി കൂറ്റന്‍ അടികളോടെ ഗില്ലിന് പിന്തുണ കൊടുത്തതോടെ ആതിഥേയരുടെ സ്കോര്‍ കുതിച്ച് പാഞ്ഞു. ത്രിപാഠി 22 ബോളില്‍ 44 റണ്‍സെടുത്ത് പുറത്തായി. 4 ഫോറും, മൂന്ന് സിക്സും നിറം ചാര്‍ത്തിയ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ സൂര്യ കുമാര്‍ യാദവ് 24 (13), ഹര്‍ദ്ദിക് പാണ്ഡ്യ 30 (17) മികച്ച പ്രകടനം കാഴ്ചവെച്ചു.
ഗില്‍- ത്രിപാഠി സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. ത്രിപാഠിയായിരുന്നു കൂടുതല്‍ അപകടകാരി. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ത്രിപാഠിയുടെ ഇന്നിംഗ്സ്. ഇഷ് സോധിയുടെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ത്രിപാഠി മടങ്ങി. നാലാമതായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് അധികനേരം ക്രീസില്‍ തുടരാനായില്ല.
രണ്ട് സിക്സും ഒരു ഫോറും നേടിയ താരം ബ്ലെയര്‍ ടിക്നറുടെ പന്തില്‍ ബ്രേസ്വെല്ലിന് ക്യാച്ച് നല്കി. നാലാമനായി ഹാര്‍ദിക് പാണ്ഡ്യ എത്തിയതോടെ ഇന്ത്യയുടെ റണ്‍നിരക്ക് കുതിച്ചു. ഇതിനിടെ ഗില്‍ തന്റെ ആദ്യ ടി20 സെഞ്ചുറി പൂര്‍ത്തിയാക്കി. ഏഴ് സിക്സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഹാര്‍ദിക്കിന്റെ പിന്തുണയും ഗില്ലിനുണ്ടായിരുന്നു. ഇരുവരും 103 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 17 പന്തില്‍ ഒരു സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്സ്. ഹാര്‍ദിക്കിന് ശേഷമെത്തിയ ദീപക് ഹൂഡ (2) പുറത്താവാതെ നിന്നു.
ശുഭകരം ഗില്ലിന്'
ഏകദിനത്തിലെന്നതുപോലെ ട്വന്റി20യിലും നിറഞ്ഞാടുന്ന ഇന്നിങ്സായിരുന്നു ശുഭ്മാന്‍ ഗില്ലിന്റേത്. അതും റെക്കോഡ് ബുക്കില്‍ ഇടം നേടുന്ന പ്രകടനം. മത്സരത്തില്‍ 63 പന്തില്‍ 12 ഫോറും 7 സിക്സും സഹിതം പുറത്താവാതെ 126* റണ്‍സ് നേടിയ ഗില്‍ രാജ്യാന്തര ടി20യില്‍ ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ റെക്കോര്‍ഡ് പേരിലാക്കി. അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷം 122* റണ്‍സ് നേടിയ വിരാട് കോലിയെയാണ് ഗില്‍ പിന്തള്ളിയത്.
ഹിറ്റ്മാന് രോഹിത് ശര്‍മ്മയാണ്(118) മൂന്നാമത്. 35 പന്തിലാണ് ഗില്‍ 50 തികച്ചത് എങ്കില്‍ പിന്നീടുള്ള 19 പന്തുകളില്‍ താരം മൂന്നക്കം തികച്ചു. ഗില്ലിന്റെ കന്നി രാജ്യാന്തര ട്വന്റി 20 ശതകമാണിത്.