മിന്നു മാജിക്: 9 റൺസിന് 2 വിക്കറ്റ്, ഇന്ത്യക്ക് വീണ്ടും ജയം

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് നേടാനായത് 95 റൺസ് മാത്രം; പക്ഷേ, 8 റൺസ് വിജയം സ്വന്തമാക്കി.
മിന്നു മണി പരിശീലനത്തിൽ, ഫയൽ ചിത്രം.
മിന്നു മണി പരിശീലനത്തിൽ, ഫയൽ ചിത്രം.
Updated on

മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിൽ ബാറ്റിങ് തകർച്ച നേരിട്ടിട്ടും ഇന്ത്യക്ക് എട്ടു റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ, ബംഗ്ലാ വനിതകൾ 87 റൺസിന് ഓൾഔട്ടായി.

അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തന്‍റെ രണ്ടാം മത്സരം മാത്രം കളിക്കുന്ന കേരള താരം മിന്നു മണിയെ ഉപയോഗിച്ച് നടത്തിയ ബൗളിങ് പരീക്ഷണം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ചെറിയ സ്കോർ പ്രതിരോധിക്കാനിറങ്ങി ആദ്യ ഓവറിൽ പേസ് ബൗളർ പുജ വസ്ത്രാകർ പത്തു റൺസ് വഴങ്ങിയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മറുവശത്ത് ന്യൂബോൾ കൊടുത്തത് മിന്നുവിന്. ക്യാപ്റ്റന്‍റെ വിശ്വാസം കാത്ത മിന്നു രണ്ടാമത്തെ പന്തിൽ തന്നെ ബംഗ്ലാ ഓപ്പണർ ഷമീമ സുൽത്താനയുടെ വിക്കറ്റ് വീഴ്ത്തി. ഷോർട്ട് ഫൈൻ ലെഗ്ഗിൽ ഷഫാലി വർമയ്ക്ക് ക്യാച്ച്.

റൺ വഴങ്ങുന്നതിൽ നന്നായി പിശുക്ക് കാട്ടിയ മിന്നുവിന്‍റെ നാലോവറും ക്യാപ്റ്റൻ തുടർച്ചയായി പൂർത്തിയാക്കുകയും ചെയ്തു. നാലോവറിൽ ആകെ ഒമ്പത് റൺസ് മാത്രമാണ് മിന്നു വഴങ്ങിയത്. നാലാം ഓവറിന്‍റെ അവസാന പന്തിൽ ഋതു മോണിയെ മിന്നു വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ വിക്കറ്റ് നേട്ടം രണ്ടായി. ബംഗ്ലാ ഇന്നിങ്സിലെ നാലാം വിക്കറ്റായിരുന്നു ഇത്.

ഈ തകർച്ചയിൽനിന്ന് ബംഗ്ലാദേശിനു പിന്നെ കരകയറാൻ സാധിച്ചില്ല. സ്പിന്നർമാരായ ദീപ്തി ശർമയും ഷഫാലി വർമയും മൂന്ന് വീക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും മികച്ച ബൗളിങ് ഇക്കോണമി മിന്നു മണിയുടേതായിരുന്നു, ഓവറിൽ ശരാശരി 2.25 റൺസ് മാത്രം.

നേരത്തെ, ഇന്ത്യയുടെ ബാറ്റിങ് തകർച്ച കാരണമാണെങ്കിലും മിന്നുവിന് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ആദ്യമായി ബാറ്റ് ചെയ്യാനും അവസരം കിട്ടി. ഓൾറൗണ്ടർമാർ നിറഞ്ഞ ബാറ്റിങ് ലൈനപ്പിൽ പത്താം നമ്പറിലാണ് ഇറങ്ങിയത്. മൂന്നു പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ അഞ്ച് റൺസെടുത്ത് പുറത്താകാതെ നിൽക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.