8 റൺസിന് 7 വിക്കറ്റ്: ട്വന്‍റി20യിൽ പുതിയ റെക്കോഡ്

പുരുഷൻമാരുടെ അന്താരാഷ്ട്ര ട്വന്‍റി20 മത്സരത്തിൽ ഏഴ് വിക്കറ്റ് നേടുന്ന ആദ്യ ബൗളർ
Syazrul Idrus
Syazrul Idrus
Updated on

ക്വലാലംപുർ: അന്താരാഷ്‌ട്ര ട്വന്‍റി20 ക്രിക്കറ്റിൽ പുതിയ റെക്കോഡുമായി മലേഷ്യൻ പേസ് ബൗളർ. എട്ട് റൺസ് മാത്രം വഴങ്ങി ഏഴു വിക്കറ്റാണ് സിയാസ്റുൾ ഇദ്രുസ് സ്വന്തമാക്കിയത്. ഇതിന്‍റെ ബലത്തിൽ മലേഷ്യ ചൈനയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു. മുപ്പത്തിരണ്ടുകാരൻ വീഴ്ത്തിയ ഏഴു വിക്കറ്റും ക്ലീൻ ബൗൾഡാണ്. തന്‍റെ 23ാം ടി20 മത്സരത്തിലാണ് ഇദ്രുസിന്‍റെ റെക്കോഡ് പ്രകടനം.

2021ൽ സിയേറ ലിയോണിനെതിരായ മത്സരത്തിൽ അഞ്ച് റൺസ് വഴങ്ങി ആറു വിക്കറ്റ് നേടിയ നൈജീരിയൻ പേസ് ബൗളർ പീറ്റർ അഹോയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് പഴങ്കഥയായത്.

ഐസിസി ഫുൾ മെംബർ ടീമുകളുടെ കൂട്ടത്തിൽ ഈ റെക്കോഡ് ഇന്ത്യൻ സ്വിങ് ബൗളർ ദീപക് ചഹറിന്‍റെ പേരിലാണ്. 2019ൽ ബംഗ്ലാദേശിനെതിരേ ഏഴു റൺസ് വഴങ്ങി ആറു വിക്കറ്റ് നേടിയിരുന്നു. ആകെ അന്താരാഷ്‌ട്ര മത്സരങ്ങൾ പരിഗണിക്കുമ്പോൾ ചഹറിന് ഇദ്രുസിനും അഹോയ്ക്കും പിന്നിൽ സംയുക്ത മൂന്നാം സ്ഥാനം മാത്രമാണുള്ളത്. 2021ൽ ഉഗാണ്ട ബൗളർ ദിനേശ് നകാർണി ലെസോത്തോയ്ക്കെതിരേയും ഏഴു റൺസിന് ആറു വിക്കറ്റ് നേടിയിട്ടുണ്ട്.

പുരുഷൻമാരുടെ ട്വന്‍റി20 ക്രിക്കറ്റിൽ ആകെ 12 ബൗളർമാർക്കാണ് ഒറ്റ മത്സരത്തിൽ ആറ് വിക്കറ്റ് നേടാൻ സാധിച്ചിട്ടുള്ളത്. ഇന്ത്യയുടെ യുസ്‌വേന്ദ്ര ചഹൽ, ഓസ്ട്രേലിയയുടെ ആഷ്ടൺ അഗർ, ശ്രീലങ്കയുടെ അജന്ത മെൻഡിസ് എന്നിവരാണ് മറ്റുള്ളവർ. എന്നാൽ ഏഴു വിക്കറ്റ് പ്രകടനം ഇദ്രുസിനു മാത്രം സ്വന്തം.

Trending

No stories found.

Latest News

No stories found.