വി.കെ. സഞ്ജു
ദേവ്ധർ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ സിക്സ്, വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനം... ഒടുവിൽ പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരവും. റിയാൻ പരാഗിനെക്കുറിച്ചാണ് ഈ പറയുന്നതെന്നു കേട്ടാൽ ഐപിഎൽ മാത്രം ശ്രദ്ധിക്കുന്നവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും. രണ്ടു സീസണുകളിലായി ഇത്രയധികം ട്രോളുകൾ ഏറ്റുവാങ്ങിയ മറ്റൊരു ഐപിഎൽ താരമുണ്ടാകില്ല. അങ്ങനെയൊരാൾ തന്‍റെ പ്രതിഭയോട് നീതി പുലർത്തുന്നതിന്‍റെ നേർസാക്ഷ്യവുമായാണ് ഇത്തവണത്തെ ദേവ്ധർ ട്രോഫി പൂർത്തിയായിരിക്കുന്നത്.
ക്യാച്ചെടുത്ത ശേഷം പുറത്തെടുക്കുന്ന ബിഹു നൃത്തച്ചുവടുകളല്ലാതെ രാജസ്ഥാൻ റോയൽസിനു വേണ്ടി ഓർത്തുവയ്ക്കാൻ അധികം പ്രകടനങ്ങളൊന്നുമില്ലാതിരുന്ന പരാഗിന്‍റെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് ആഭ്യന്തര ക്രിക്കറ്റിലെ ഈ അസാമാന്യ പ്രകടനം. എടുത്തുപറയത്തക്ക ഇന്നിങ്സൊന്നുമില്ലാതിരുന്നിട്ടും കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് പരാഗിനെ നിലനിർത്താൻ തീരുമാനിച്ചപ്പോൾ, മാനേജ്മെന്‍റ് ക്വോട്ട അഡ്മിഷനാണെന്നു വരെ ആക്ഷേപമുയർന്നു. അയാൾക്ക് ഇപ്പോഴും 21 വയസ് മാത്രമേയുള്ളൂ എന്ന കാര്യം പലരും മറന്നു.
ദേവ്ധർ ട്രോഫിയിൽ രണ്ട് സെഞ്ചുറിയും ഒരു 95 റൺസുമാണ് പരാഗിന്‍റെ ക്രെഡിറ്റിലുള്ളത്. ആകെ ലിസ്റ്റ് എ സെഞ്ചുറികളിൽ രണ്ടും ഈ ടൂർണമെന്‍റിൽ പിറന്നത്, അതും ആറാം നമ്പറിൽ ബാറ്റ് ചെയ്തുകൊണ്ട്!
ഉത്തര മേഖലാ ടീമിനെതിരേ പൂർവ മേഖലയുടെ അഞ്ച് വിക്കറ്റുകൾ 57 റൺസെടുക്കുന്നതിനിടെ നിലംപൊത്തിയ ഘട്ടത്തിലായിരുന്നു പരാഗിന്‍റെ ആദ്യ സെഞ്ചുറി. വിക്കറ്റ് കീപ്പർ കുമാർ കുശാഗ്രയുമൊത്ത് 235 റൺസ് കൂട്ടിച്ചേർത്തപ്പോൾ ടീം സ്കോർ അമ്പതോവറിൽ 337/8. പരാഗിന്‍റെ സംഭാവന 102 പന്തിൽ 131 റൺസ്.
പശ്ചിമ മേഖലയ്ക്കെതിരേ ജയം അനിവാര്യമായ മത്സരത്തിലായിരുന്നു രണ്ടാമത്തെ സെഞ്ചുറി. 68 പന്തിൽ പുറത്താകെ 102 റൺസ്, കുശാഗ്രയുമൊത്ത് 150 റൺസിന്‍റെ കൂട്ടുകെട്ട്.
ഫൈനലിൽ ദക്ഷിണ മേഖല മുന്നോട്ടു വച്ച 329 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പൂർവ മേഖല ഒരിക്കൽക്കൂടി തകർച്ച നേരിടുമ്പോൾ ഒരിക്കൽക്കൂടി പരാഗ് - കുശാഗ്ര സഖ്യത്തിന്‍റെ രക്ഷാപ്രവർത്തനം. പക്ഷേ, 65 പന്തിൽ 95 റൺസെടുത്ത പരാഗ് പുറത്തായതോടെ വിജയപ്രതീക്ഷ അസ്തമിക്കുകയും ചെയ്തു.
പാർട്ട് ടൈം ബൗളർമാർക്ക് പഞ്ഞമില്ലാത്ത ഇന്ത്യൻ ടീം ഓർമ മാത്രമായ പശ്ചാത്തലത്തിൽ റിയാൻ പരാഗിന്‍റെ ബൗളിങ് മികവും കൗതുകത്തോടെ വീക്ഷിക്കപ്പെടുന്നുണ്ട്. സച്ചിൻ ടെൻഡുൽക്കറും വീരേന്ദർ സെവാഗും യുവരാജ് സിങ്ങും സുരേഷ് റെയ്നയുമൊക്കെയുള്ള കാലത്ത്, ചേഞ്ച് ബൗളറായോ പാർട്ട്ണർഷിപ്പ് ബ്രേക്കറായോ ബ്രേക്ക്ത്രൂ സ്പെഷ്യലിസ്റ്റായോ ഇവരിൽ ആരെ വേണമെങ്കിലും ഉപയോഗിക്കാവുന്ന ആഡംബരമുണ്ടായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻമാർക്ക്. ഇന്നത്തെ അവസ്ഥയിൽ, ടോപ് സിക്സിലുള്ള ബാറ്റർമാരിൽ ആരെയും വിശ്വസിച്ച് പന്തേൽപ്പിക്കാൻ കഴിയില്ല എന്നതാണ് സത്യം.
ഇങ്ങനെയൊരു സാഹചര്യത്തിൽ, ബാറ്റിങ്ങിൽ പറ്റില്ലെങ്കിലും ബൗളിങ്ങിൽ സച്ചിൻ ടെൻഡുൽക്കറോട് താരതമ്യം ചെയ്യാവുന്ന ക്രിക്കറ്ററായി പരാഗ് മാറുന്നുണ്ട്. ഓഫ് സ്പിന്നും ലെഗ് ബ്രേക്കും എറിയും. ആർ. അശ്വിന്‍റെ മേൽനോട്ടത്തിൽ കാരം ബോളും പരിശീലിച്ചിരുന്നു എന്നാണ് രാജസ്ഥാൻ റോയൽസ് ക്യാംപിൽ നിന്നു വരുന്ന വാർത്ത. ഇതൊന്നും പോരാഞ്ഞ്, ഇടങ്കൈ സ്പിന്നും വശമാക്കിയ പരാഗ്, ഇന്ത്യൻ ക്രിക്കറ്റിൽ അത്യപൂർവതയായ 'ആംബിഡെക്സ്ട്രസ്' വിഭാഗത്തിൽപ്പെടുന്ന ബൗളറായി മാറാനുള്ള ശ്രമത്തിലുമാണ്. എസിസി എമർജിങ് ടീംസ് കപ്പിൽ പരാഗിന്‍റെ ബൗളിങ് ഇന്ത്യയുടെ ഗെയിം പ്ലാനിൽ നിർണായകവുമായിരുന്നു.
2018ൽ അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു പരാഗ്. ഇത്തവണത്തെ ആഭ്യന്തര സീസൺ പ്രകടനങ്ങൾ എന്തിന്‍റെയെങ്കിലും സൂചനയാണെങ്കിൽ, തന്‍റെ പ്രതിഭയോട് അയാൾ നീതിപുലർത്തിത്തുടങ്ങിയിരിക്കുന്നു എന്നു കരുതാം.