റിയാദ്: പോര്‍ച്ചുഗല്‍ ഇതിഹാസ താരം അല്‍ നസറിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വിപണി മൂല്യമെത്രയെന്ന് തുറന്നു പറഞ്ഞ് അല്‍ നസര്‍ എഫ് സി പ്രസിഡന്റ് ഖാലിദ് അല്‍ ഘമാദി. 'ക്രിസ്റ്റ്യാനോയുടെ കരാറിന്റെ മൂല്യം അല്‍ നസറിന്റെ എല്ലാ വിദേശ താരങ്ങളുടേതിന്റെയും ഒപ്പമാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 175 മില്യണ്‍ യൂറോ ( ഏകദേശം 1891 കോടി രൂപ ) വാര്‍ഷിക പ്രതിഫലത്തിലായിരുന്നു ക്രിസ്റ്റ്യാനോ അല്‍ അലാമിയിലേക്ക് ചേക്കേറിയത്. 2023 - 2024 സീസണില്‍ 12 മത്സരങ്ങളില്‍ 13 ഗോളുമായി ടോപ് സ്കോറര്‍ സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏഴ് അസിസ്റ്റുമായി അസിസ്റ്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്യുന്നുണ്ട്.
അതേസമയം, സൗദി പ്രൊ ലീഗിലെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ആദ്യ 10 സ്ഥാനത്തിനുള്ളില്‍ ഇടം പിടിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചില്ല. 2023 - 2024 സീസണില്‍ ഇതുവരെ അല്‍ അലാമിക്കുവേണ്ടി ആകെ 19 ഗോളും ഏഴ് അസിസ്റ്റും ക്രിസ്റ്റ്യാനോ നേടിയിരുന്നു. ബ്രസീല്‍ ഐക്കണ്‍ നെയ്മറാണ് ഏറ്റവും മൂല്യമേറിയ താരം. 43 മില്യണ്‍ പൗണ്ട് ആണ് നെയ്മറിന്റെ മാര്‍ക്കറ്റ് വാല്യു.സൗദി പ്രൊ ലീഗ് ഫുട്ബോളിലേക്ക് ലോകത്തിലെ മുന്‍നിര താരങ്ങളെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്. 2023 ജനുവരി ഒന്നിന് അല്‍ നസര്‍ എഫ് സിയിലേക്ക് സി ആര് 7 എത്തിയതോടെയാണ് ക്ലബ് ഫുട്ബോള്‍ ലോകത്ത് മാറ്റത്തിന്റെ മണി മുഴങ്ങിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് സിയില്‍ നിന്ന് പിണങ്ങി പിരിഞ്ഞ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രീ ഏജന്റായാണ് അല്‍ അലാമി എന്നറിയപ്പെടുന്ന അല്‍ നസറിലേക്ക് എത്തിയത്. അഞ്ച് തവണ മികച്ച ലോക ഫുട്ബോളറിനുള്ള ബാലന് ഡി ഓര് സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ഇതിഹാസം സൗദി അറേബ്യയിലേക്ക് എത്തിയത് മറ്റ് മുന്‍നിര താരങ്ങളെയും ആകര്‍ഷിച്ചു. വന്‍ പ്രതിഫലത്തില്‍ കരിം ബെന്‍സെമ, നെയമര്‍, സാദിയൊ മാനെ തുടങ്ങിയവരെല്ലാം സൗദി പ്രൊ ലീഗിലെ വിവിധ ക്ലബ്ബുകളിലേക്ക് ചേക്കേറി.