മുംബൈ: സച്ചിൻ ടെൻഡുൽക്കറിന്റെ ഡീഫ് ഫെയ്ക്ക് വിഡിയൊ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പേജിനും ഗെയിമിങ് ആപ്പിനുമെതിരേ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സച്ചിൻ നേരിട്ട് ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചതിനെത്തുടർന്നാണു നടപടി. സച്ചിന്റെ പെഴ്സണൽ അസിസ്റ്റന്റ് മുംബൈ വെസ്റ്റ് റീജ്യൻ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അപകീർത്തി ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണു കേസ്.
സ്കൈവാഡ് ഏവിയേറ്റർ ക്വസ്റ്റ് എന്ന ഗെയിമിങ് ആപ്പിന്റെ പരസ്യമാണ് സച്ചിന്റെ ഡീപ് ഫേക്ക് വിഡിയൊ ഉപയോഗിച്ച് പ്രചരിപ്പിച്ചത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വിജിയോയിൽ തന്റെ മകൾ സാറ ഇതിലൂടെ നേട്ടങ്ങളുണ്ടാക്കുന്നുവെന്നും പറയുന്നുണ്ട്. വിഡിയൊ വ്യാജമാണെന്നും സാങ്കേതിക വിദ്യയെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്നും സച്ചിൻ എക്സിൽ കുറിച്ചു.
ഇത്തരത്തിൽ പ്രചരിക്കുന്ന വിഡിയോ, ആപ്പ്, പരസ്യങ്ങൾ എന്നിവയെ പരമാവധി റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഡീപ് ഫേക്ക് വിഡിയൊ പ്രചരിക്കുന്നതായി അറിയിച്ചിരുന്നു.