ലഖ്നൗ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഓള് റൗണ്ടര്‍ ദീപ്തി ശര്‍മയെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസായി നിയമിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 26 കാരിയായ താരം ഇന്ത്യന്‍ ടീമിനായി നടത്തുന്ന സംഭാവനകള്‍ പരിഗണിച്ച് സര്‍ക്കാര്‍ മുന്ന് കോടി രൂപ പാരിതോഷികവും നല്കി. നിയമന ഉത്തരവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപ്തിക്ക് കൈമാറി.
സര്‍ക്കാരിന്റെ അംഗീകാരത്തിന് നന്ദി അറിയിച്ച ദീപ്തി, സംസ്ഥാനത്ത് വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹം അറിയിക്കുകയും ചെയ്തു. കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ആഗ്രയിലെ മറ്റ് കായികതാരങ്ങളെയും ചടങ്ങില്‍ ആദരിച്ചു. പാരാ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ജതിന് കുശ്വാഹയ്ക്കും യാഷ് കുമാറിനും അഞ്ച് ലക്ഷം രൂപ വീതവും ദേശീയ ഗെയിംസിലെ വിജയത്തിന് സ്നൂക്കര്‍ ചാംപ്യന്‍ പരാസ് ഗുപ്തയെയും റൈഫിള്‍ ഷൂട്ടര്‍ ആയുഷി ഗുപ്തയെയും ആദരിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ ദീപ്തി ശര്‍മ്മ അംഗമായ ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലായിരുന്നു നേട്ടം. 2023 ഡിസംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ദീപ്തി ശര്‍മ്മയാണ് സ്വന്തമാക്കിയത്.