മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും പുറത്താക്കിയത് അച്ചടക്ക നടപടിയുടെ ഭാഗമായിരുന്നു എന്ന് സൂചന. ടെസ്റ്റ് ക്രിക്കറ്റിനെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെയും ഗൗരവമായെടുക്കാത്ത കളിക്കാരെ കർക്കശമായി തന്നെ കൈകാര്യം ചെയ്യാനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും അറിയുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്ന കിഷൻ, പരമ്പര കളിക്കാതെ വ്യക്തിപരമായ അത്യാവശ്യം പറഞ്ഞ് ടീമിൽ നിന്ന് സ്വയം ഒഴിവാകുകയായിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കയിൽ നിന്ന് കിഷൻ പോയത് ദുബായിലേക്കാണ്. അവിടെ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കൊപ്പം ആഘോഷ പാർട്ടിയിൽ പങ്കെടുത്തതായി ബിസിസിഐ അധികൃതർക്ക് വിവരം കിട്ടി. പിന്നാലെ ഇന്ത്യയിലെത്തി പ്രശസ്തമായ ടിവി ക്വിസ് ഷോയിലും പ്രത്യക്ഷപ്പെട്ടു. കെ.എൽ. രാഹുൽ ഒന്നാം നമ്പർ കീപ്പറായ സാഹചര്യത്തിൽ തനിക്ക് പ്ലെയിങ് ഇലവനിൽ അവസരം കിട്ടില്ലെന്നു മനസിലായതുകൊണ്ടാണ് കിഷൻ ടീം വിട്ടതെന്ന് ഇതോടെ വ്യക്തമായിരുന്നു.
കിഷന്‍റെ ഇത്തരത്തിലുള്ള സമീപനം ഗുരുതരമായ അച്ചടക്കലംഘനമായാണ് ബിസിസിഐ കാണുന്നത്. ഈ സാഹചര്യത്തിൽ ട്വന്‍റി20 ലോകകപ്പിനുള്ള ടീമിലേക്കും പരിഗണിക്കാൻ സാധ്യതയില്ലെന്നുമാണ് റിപ്പോർട്ട്. സമീപകാലത്ത് ട്വന്‍റി20 ക്രിക്കറ്റിൽ കിഷന്‍റെ ഫോമും മോശമാണ്. അവസാന പത്ത് ടി20 മത്സരങ്ങളിൽ രണ്ട് അർധ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും 170 റൺസ് മാത്രമാണ് സമ്പാദ്യം, അതും ഓപ്പണറായിരുന്നിട്ടു പോലും. സമീപകാലത്ത് ഇതിലും മികച്ച ബാറ്റിങ് ശരാശരിയും സ്ഥിരതയുമുള്ളതിനാലാണ് അഫ്ഗാനിസ്ഥാനെതിരേ മലയാളി താരം സഞ്ജു സാംസണ് അവസരം നൽകാൻ സെലക്റ്റർമാർ തീരുമാനിച്ചത്.
അതേസമയം, ശ്രേയസ് അയ്യരുടെ കാര്യത്തിൽ അനുസരണക്കേടാണ് വിനയായത്. ദക്ഷണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം ഷോട്ട് സെലക്ഷനായിരുന്നു ശ്രേയസിന്‍റെ ബാറ്റിങ് പരാജയങ്ങൾക്കു കാരണം. ഷോർട്ട് ബോളുകൾ നേരിടുന്നതിലുള്ള ദൗർബല്യം വ്യക്തമായിരുന്നെങ്കിലും ഒരിക്കലും ഇത് അംഗീകരിക്കാൻ ശ്രേയസ് തയാറായിരുന്നില്ല. ഇതെത്തുടർന്ന് നാട്ടിൽ തിരിച്ചു പോയി മുംബൈക്കു വേണ്ടി രഞ്ജി ട്രോഫി കളിച്ച് ബാറ്റിങ് ടെക്നിക് മെച്ചപ്പെടുത്താനാണ് സെലക്റ്റർമാർ ആവശ്യപ്പെട്ടത്. എന്നാൽ, രഞ്ജി ട്രോഫി കളിക്കാനാവില്ലെന്നും തനിക്ക് വിശ്രമം വേണമെന്നുമായിരുന്നു ശ്രേയസിന്‍റെ നിലപാട്. ഇതോടെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് ശ്രേയസിനെ ഒഴിവാക്കി. വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് സെലക്റ്റർമാർ വിശദീകരണവും നൽകി.
സ്ഥിതിഗതികളുടെ ഗൗരവം ബോധ്യപ്പെട്ട ശ്രേയസ് ഇതോടെ സെലക്റ്റർമാരുടെ വഴിക്കു വരുകയും, മുംബൈ രഞ്ജി ടീമിനൊപ്പം ചേരുകയും ചെയ്തു. ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സർഫറാസ് ഖാന്‍റെയും ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശിവം ദുബെയുടെയും അഭാവത്തിൽ ശ്രേയസിന്‍റെ വരവ് മുംബൈ ടീമിന് അനുഗ്രഹവുമായി.
അതേസമയം, റിങ്കു സിങ്ങിന്‍റെയും ശുഭ്‌മൻ ഗില്ലിന്‍റെയും അച്ചടക്കത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും കാര്യത്തിൽ സെലക്റ്റർമാർക്ക് വലിയ സംതൃപ്തിയാണുള്ളതെന്നും, റിങ്കുവിന് വൈകാതെ ടെസ്റ്റ് ടീമിലും ഇടം ലഭിക്കുമെന്നുമാണ് അറിയുന്നത്.