പാരീസ്: സൂപ്പർതാരം നൊവാക് ജോക്കോവിച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂർണമെന്റിന്റെ ക്വാര്‍ട്ടർ ഫൈനലിൽ കടന്നു. പ്രീക്വാർട്ടറിൽ പെറുവിന്റെ യുവാന്‍ പാബ്ലോ വരില്ലസിനെ തുടർച്ചയായ സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മുന്നേറ്റം. ഒരു മണിക്കൂറും 57 മിനിറ്റും നീണ്ട മത്സരത്തില്‍ 6-3, 6-2, 6-2 എന്ന സ്കോറിന് അനായാസം അവസാന എട്ടിലേക്ക് ജയിച്ചു കയറുകയായിരുന്നു ജോക്കോവിച്ച്.
നിലവിൽ 22 മേജർ കിരീടങ്ങൾ സ്വന്തം പേരിലെഴുതി സ്പെയിനിന്റെ റാഫേൽ നദാലുമായി റെക്കോഡ് പങ്കിടുന്ന സെർബിയൻ താരത്തിന് 94-ാം റാങ്കുകാരനായ പെറുവിയൻ എതിരാളി ഒരു തരത്തിലും അസ്വസ്ഥത സൃഷ്ടിച്ചില്ല.
റോളണ്ട് ഗാരോസില്‍ ഏറ്റവും കൂടുതല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന റാഫേല്‍ നദാലിന്റെ റെക്കോഡ് ഈ ജയത്തോടെ ജോക്കോവിച്ച് തകർത്തെറിഞ്ഞു. നദാലിന്റെ 16 തവണയാണ് ഇവിടെ ക്വാര്‍ട്ടര്‍ കളിച്ചത്. ജോക്കോവിച് ഇനി കളിക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ 17ാം ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറർ ഫൈനല്‍ പോരാട്ടമായിരിക്കും.
നേരത്തെ വനിതാവിഭാഗം ഒന്നാം സീഡുകാരിയായ പോളിഷ് താരം ഇഗാ സ്വിയാടെക് പ്രീക്വാര്‍ട്ടറിൽ സ്ഥാനം പിടിച്ചിരുന്നു. ശനിയാഴ്ച, മൂന്നാംറൗണ്ട് മത്സരത്തില്‍ ചൈനയുടെ വാങ് സിന്യുവിനെ (6-0, 6-0) അനായാസം മറികടന്നാണ് ഇഗ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചത്. പുരുഷവിഭാഗം നാലാംസീഡുകാരനായ നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡും ആറാംസീഡുകാരനായ ഡാനിഷ് താരം ഹോള്‍ഗര്‍ റൂനും ശനിയാഴ്ച പ്രീക്വാര്‍ട്ടറിലെത്തി.
മൂന്നാംറൗണ്ട് മത്സരത്തില്‍ റൂഡ്, ചൈനയുടെ സാങ് സിസേനിനെ (4-6, 6-4, 6-1, 6-4) തോല്‍പ്പിച്ചു. ഹോള്‍ഗര്‍ റൂന് അര്‍ജന്റീനയുടെ ആല്‍ബര്‍ട്ടോ ഒലിവിയേരിയെ മറികടന്നു (6-4, 6-1, 6-3).
ഒന്നാംസീഡുകാരനായ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസ് കഴിഞ്ഞദിവസം കാനഡയുടെ ഡെനിസ് ഷാപ്പൊലോവിനെ തോല്‍പ്പിച്ച് (6-1, 6-4, 6-2) പ്രീക്വാര്‍ട്ടറില്‍ എത്തിയിരുന്നു. അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്സ്മാനെ തോല്‍പ്പിച്ച് (6-2, 6-2, 6-3) ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും അവസാന പതിനാറിലെത്തി.