'ഖേലോ ഇന്ത്യ': ഇന്ത്യൻ ഒളിംപിക് സ്വപ്നങ്ങളുടെ ഊർജം

കേന്ദ്ര യുവജനകാര്യ- കായിക വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ എഴുതിയ ലേഖനം
Dr Manuskh Mandaviya on Khelo India
'ഖേലോ ഇന്ത്യ': ഇന്ത്യൻ ഒളിംപിക് സ്വപ്നങ്ങളുടെ ഊർജം
Updated on
Dr Manuskh Mandaviya on Khelo India
ഡോ. മൻസുഖ് മാണ്ഡവ്യ (കേന്ദ്ര യുവജനകാര്യ- കായിക വകുപ്പ് മന്ത്രി )

ഡോ. മൻസുഖ് മാണ്ഡവ്യ

2024 ലെ പാരിസ് ഒളിംപിക്‌സിൽ ടീം ഇന്ത്യയുടെ നേട്ടങ്ങൾ, ഇന്ത്യൻ സംഘത്തിന്‍റെ ആകെ പ്രകടനം മെച്ചപ്പെട്ടതായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. 6 മെഡലുകൾ നേടിയതിന് പുറമേ, നമ്മുടെ 8 അത്‌ലറ്റുകൾ നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായെങ്കിലും 4ാം സ്ഥാനത്തെത്തിയിരുന്നു. അവരിൽ 5 പേർ തങ്ങളുടെ കന്നി ഒളിംപിക്സിൽ മത്സരിക്കുകയായിരുന്നു. ഇന്ത്യൻ കായിക ചരിത്രത്തിൽ ആദ്യമായി 15ഓളം അത്‌ലറ്റുകൾ അവരുടെ മത്സരങ്ങളുടെ ക്വാർട്ടർ ഫൈനലിലെത്തുകയും ചെയ്തു.

പാരിസ് ഒളിംപിക്‌സിൽ പുതിയ, ഊർജസ്വലമായ ഇന്ത്യയുടെ മുഖമാണ് കണ്ടത്.117 അംഗ സംഘത്തിൽ 28 "ഖേലോ ഇന്ത്യ' അത്‌ലറ്റുകൾ (കെഐഎ) ഉണ്ടായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ ഒളിംപിക്‌സ് മെഡൽ ജേതാവ് അമൻ സെഹ്‌രാവത്, പിസ്റ്റൾ ഷൂട്ടർ മെഡൽ ജേതാവ് സരബ്ജോത് സിങ് എന്നിവരുൾപ്പെടെ 2,700ലധികം അത്‌ലറ്റുകൾ "ഖേലോ ഇന്ത്യ' പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഒളിംപിക് ഇരട്ട മെഡൽ ജേതാവായ മനു ഭാക്കർ 2022ലെ "ഖേലോ ഇന്ത്യ' യൂണിവേഴ്സിറ്റി ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയിട്ടുണ്ട്. അതേസമയം 2018 ലെ "ഖേലോ ഇന്ത്യ' സ്കൂൾ ഗെയിംസിന്‍റെ ആദ്യ പതിപ്പിലും അവർ പങ്കെടുത്തിട്ടുണ്ട്.

സമീപ വർഷങ്ങളിൽ, കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ ഇന്ത്യ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇതിൽ പ്രധാന പങ്കു വഹിക്കുന്ന "ഖേലോ ഇന്ത്യ' പദ്ധതിക്ക് നന്ദി. 2018ൽ ആരംഭിച്ച ഈ സംരംഭം ഇന്ത്യൻ കായികരംഗത്തെ മാറ്റിമറിക്കുന്ന ഒന്നായി മാറി. ഒരുപക്ഷേ "ഖേലോ ഇന്ത്യ'യുടെ ഏറ്റവും പ്രധാനപ്പെട്ട സ്വാധീനമെന്നത്, ഇന്ത്യയുടെ ഒളിംപിക് അഭിലാഷങ്ങൾക്കുള്ള ഒരു ഫീഡർ സംവിധാനമെന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ്. കായിക പ്രതിഭകളെ വളരെ ചെറു പ്രായത്തിൽ കണ്ടെത്തി സുസ്ഥിരമായ പിന്തുണ നൽകുന്നതിലൂടെ, അന്താരാഷ്‌ട്ര തലത്തിൽ മത്സരിക്കാൻ സജമായ അത്‌ലറ്റുകളുടെ തുടർച്ചയായ ഒരു സംഘത്തെ തന്നെ ഈ പദ്ധതി സൃഷ്ടിക്കുന്നു. ഒളിംപിക്‌സ് ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്‌ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് നിരവധി "ഖേലോ ഇന്ത്യ' അത്‌ലറ്റുകൾ ഇതിനകം തന്നെ ഫലങ്ങൾ നൽകി തുടങ്ങിയിരിക്കുന്നു. പരിശീലനം മാത്രമല്ല, ഭക്ഷണക്രമം, പോഷകാഹാരം, ഉപകരണങ്ങൾ, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ധനസഹായവും ഒരു അത്‌ലറ്റിന് 6.28 ലക്ഷം രൂപ വാർഷിക സ്‌കോളർഷിപ്പും നൽകുന്ന ഈ പദ്ധതിയുടെ സമഗ്രമായ സമീപനം, ഇന്ത്യയുടെ ഭാവി ഒളിംപ്യന്മാർ കായികമത്സര ഇനങ്ങളുടെ സമ്മർദം കൈകാര്യം ചെയ്യാൻ കഴിവുള്ള മികച്ച അത്‌ലറ്റുകളാണെന്ന് ഉറപ്പാക്കുന്നു. പാരീസ് പാരാലിംപിക്‌സിൽ ആകെ 84 പാരാ അത്‌ലറ്റുകളിൽ 25 പേർ "ഖേലോ ഇന്ത്യ' അത്‌ലറ്റുകളാണ്.

"ഖേലോ ഇന്ത്യ' പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണ് "ഖേലോ ഇന്ത്യ' ഗെയിംസ്. 2018 മുതൽ ആകെ 15 "ഖേലോ ഇന്ത്യ' ഗെയിംസ് നടത്തപ്പെട്ടു - 6 "ഖേലോ ഇന്ത്യ' യൂത്ത് ഗെയിംസ്, 4 "ഖേലോ ഇന്ത്യ' യൂണിവേഴ്സിറ്റി ഗെയിംസ്, 4 "ഖേലോ ഇന്ത്യ' വിന്‍റർ ഗെയിംസ്, 1 "ഖേലോ ഇന്ത്യ' പാരാ ഗെയിംസ് എന്നിവ. ഈ ഗെയിമുകളിൽ നിന്ന്, 1000ലധികം കഴിവുറ്റ അത്‌ലറ്റുകളെ ഞങ്ങൾ കണ്ടെത്തി. കൂടാതെ, മൊത്തം 302 അംഗീകൃത അക്കാദമികൾ, 1,000ലധികം "ഖേലോ ഇന്ത്യ' സെന്‍ററുകൾ, 32 "ഖേലോ ഇന്ത്യ' സ്റ്റേറ്റ് സെന്‍റർ ഓഫ് എക്‌സലൻസ് എന്നിവയോടൊപ്പം, താഴെത്തട്ടിലുള്ള അത്‌ലറ്റുകളെ ഭാവി ചാംപ്യന്മാരാക്കാൻ സാധ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തയാറാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.

പദ്ധതിയുടെ തുടക്കം മുതൽ, ഗവൺമെന്‍റ് ഏകദേശം 3,616 കോടി രൂപ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അടിസ്ഥാന തലത്തിൽ കായിക മേഖല വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ തെളിവാണ്. 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 747 ജില്ലകളെ ഉൾപ്പെടുത്തി 1,059 "ഖേലോ ഇന്ത്യ' കേന്ദ്രങ്ങൾ (കെഐസി) വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രാദേശിക പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള കേന്ദ്രങ്ങളായി ഇവ വർത്തിക്കുന്നു.അവരുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ, സാമ്പത്തിക പശ്ചാത്തലമോ പരിഗണിക്കാതെ, പ്രതിഭയുള്ള ഒരാളും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല എന്ന് ഈ പദ്ധതി ഉറപ്പാക്കുന്നു. ഈ കേന്ദ്രങ്ങൾ മുൻകാല ചാംപ്യൻ അത്‌ലറ്റുകൾക്ക് സുസ്ഥിരമായ ഉപജീവനമാർഗവും നൽകുന്നു.

കൂടാതെ, 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 32 "ഖേലോ ഇന്ത്യ' സ്റ്റേറ്റ് സെന്‍റർ ഓഫ് എക്സലൻസ് (കെഐഎസ്‌സിഇ) സ്ഥാപിച്ചിട്ടുണ്ട്. ഈ അത്യാധുനിക സൗകര്യങ്ങൾ ഓരോ കായിക ഇനത്തിലും പ്രത്യേക പരിശീലനം നൽകുന്നു.അത്‌ലറ്റുകൾക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കുന്നു . ഈ മികവിന്‍റെ കേന്ദ്രത്തിൽ പരിശീലിക്കുന്ന കായിക വിഷയങ്ങൾക്ക് ആവശ്യമായ കായിക ശാസ്ത്ര- സാങ്കേതിക പിന്തുണയും ലഭ്യമാക്കുന്നു . സ്‌പോർട്‌സ് ഉപകരണങ്ങൾ, മികച്ച മാനെജർമാർ, പരിശീലകർ മുതലായവയിലെ വിടവുകളും ഇത് നികത്തുന്നു.

'ഖേലോ ഇന്ത്യ' റൈസിങ് ടാലന്‍റ് ഐഡന്‍റിഫിക്കേഷൻ പ്രോഗ്രാം (കീർത്തി), പ്രതിഭകളെ താഴെത്തട്ടിൽ നിന്നും കണ്ടെത്തുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. ഇന്ത്യയിലുടനീളമുള്ള തിരിച്ചറിയപ്പെടാത്ത കായിക പ്രതിഭകളെ കണ്ടെത്താനും കായിക അവബോധത്തിന്‍റെ സംസ്കാരം വളർത്തിയെടുക്കാനും കീർത്തി ലക്ഷ്യമിടുന്നു. 9 നും 18 നും ഇടയിൽ പ്രായമുള്ള സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ പ്രതിഭകളെ ഈ പദ്ധതിയിലൂടെ കണ്ടെത്തുന്നു. പ്രതിഭാ നിർണയ സംവിധാനം തടസമില്ലാത്ത വിധത്തിൽ നിർവഹിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയും മികച്ച രീതികളും ഇത് ഉപയോഗിക്കുന്നു. പ്രതിഭകളെ അടിസ്ഥാനതലത്തിൽ കണ്ടെത്തുന്ന മുഴുവൻ പ്രക്രിയയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കാര്യക്ഷമമാക്കുക എന്നതാണ് ഈ പദ്ധതിയുടെ കാഴ്ചപ്പാട്. രാജ്യത്തുടനീളമുള്ള 93 സ്ഥലങ്ങളിലായി 10 കായിക ഇനങ്ങളിലായി ഒരു ലക്ഷത്തോളം പ്രതിഭാ നിർണയ മത്സരങ്ങൾ ഇതുവരെ വിജയകരമായി നടത്തി.

കായിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് പ്രത്യേക പ്രോത്സാഹനം നൽകുന്നതിനായി 'അസ്മിത' വനിതാ ലീഗുകൾ രാജ്യത്തുടനീളം നടത്തപ്പെടുന്നു. ഇന്നുവരെയുള്ള കണക്കനുസരിച്ച്, 2021 മുതൽ അസ്മിതയുടെ നാല് സീസണുകൾ നടന്നിട്ടുണ്ട്. ഇതിൽ 35 സംസ്ഥാനങ്ങളിൽ / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് 20 കായിക ഇനങ്ങളിലായി ആകെ 83,615 വനിതകൾ പങ്കെടുത്തു. കിരീടം ലഭിച്ച ചാംപ്യന്മാരേക്കാൾ വളരെയധികം നേട്ടങ്ങൾ ഈ ലീഗുകൾ കൈവരിക്കുന്നു. ഈ പരിപാടി കായിക മേഖലയോട് ഇഷ്ടവും, സാധ്യതയുള്ള കരിയറും വളർത്തിയെടുക്കുകയും ഒപ്പം വനിതാ അത്‌ലറ്റുകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

'ഖേലോ ഇന്ത്യ' പദ്ധതി സ്ഥാപിച്ച അടിത്തറ പ്രതീക്ഷ നൽകുന്നതാണ്. ഈ യുവ അത്‌ലറ്റുകൾ പക്വത പ്രാപിക്കുകയും റാങ്കുകളിലൂടെ മുന്നേറുകയും ചെയ്യുമ്പോൾ, ഇനിയും നിരവധി 'ഖേലോ ഇന്ത്യ' അത്‌ലറ്റുകൾ ഒളിംപിക് ചാംപ്യന്മാരായി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ പദ്ധതി, ഇന്ത്യയുടെ കായിക ഭാവിയുടെ അടിസ്ഥാന ശിലയായി മാറിയിട്ടുണ്ട്. യുവ അത്‌ലറ്റുകൾക്ക്, താഴെത്തട്ടിലുള്ള പങ്കാളിത്തം മുതൽ ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രകടനത്തിന് വരെ, അനുയോജ്യമായ ഒരു ഘടനാപരമായ പാത നൽകിക്കൊണ്ട്, ഇത് നാളത്തെ ഒളിംപിക് ചാംപ്യന്മാരെ പരിപോഷിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.