ലോകകപ്പ് ഫൈനൽ: പരാജയത്തിനു കാരണം ദ്രാവിഡിന്‍റെയും രോഹിതിന്‍റെയും ഇടപെടൽ?

ഐസിസിയുടെ സ്വതന്ത്ര പിച്ച് കൺസൾട്ടന്‍റ് ഫൈനലിനു മുൻപ് അഹമ്മദാബാദിൽ ഉണ്ടായിരുന്നില്ല
പിച്ച് പരിശോധിക്കുന്ന രാഹുൽ ദ്രാവിഡും രോഹിത് ശർമയും.
പിച്ച് പരിശോധിക്കുന്ന രാഹുൽ ദ്രാവിഡും രോഹിത് ശർമയും.File photo
Updated on

മുംബൈ: കഴിഞ്ഞ വർഷം ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ഉപയോഗിച്ച പിച്ചിനെച്ചൊല്ലിയുള്ള വിവാദം വീണ്ടും ഉയരുന്നു. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് നടത്തിയ ചില പരാമർശങ്ങളാണ് അഹമ്മദാബാദിലെ പിച്ചിനെ വീണ്ടും ചർച്ചയാക്കുന്നത്.

ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും നടത്തിയ ഇടപെടലുകൾ പിച്ചിന്‍റെ സ്വഭാവം മാറാൻ കാരണമായെന്നാണ് കൈഫ് പറയുന്നത്. ഒരു മത്സരം പോലും തോൽക്കാതെ ഫൈനൽ വരെയെത്തിയ ഇന്ത്യയെ അവിടെ ഓസ്ട്രേലിയ നിഷ്പ്രസായം കീഴടക്കുകയായിരുന്നു.

ഇന്ത്യൻ ക്യാപ്റ്റന്‍റെയും കോച്ചിന്‍റെയും ആവശ്യപ്രകാരം ക്യുറേറ്റർ പിച്ചിനെ ആതിഥേയർക്ക് അനുകൂലമാക്കാനാണ് ശ്രമിച്ചത്. പക്ഷേ, ഫലം വിപരീതമായിരുന്നു. ഇതിലേക്കു നയിച്ച സംഭവങ്ങൾക്ക് മൂന്നു ദിവസം താൻ സാക്ഷിയായിരുന്നു എന്നാണ് കൈഫ് അവകാശപ്പെടുന്നത്.

''മൂന്നു ദിവസം ഞാൻ അവിടെയുണ്ടായിരുന്നു. രോഹിത് ശർമയും രാഹുൽ ദ്രാവിഡും ഫൈനലിനു മുൻപുള്ള മൂന്നു ദിവസവും പിച്ച് പരിശോധിച്ചിരുന്നു. ഓരോ ദിവസവും ഓരോ മണിക്കൂർ ഇരുവരും പിച്ചിനടുത്ത് ചെലവഴിച്ചു. പിച്ചിന്‍റെ നിറത്തിൽ വരുന്ന മാറ്റം ഞാൻ നേരിട്ടു കണ്ടതാണ്. പിച്ചിൽ വെള്ളം തളിക്കുന്നത് നിർത്തി, ഒരു തരി പുല്ല് പോലും ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയയെ സ്ലോ ട്രാക്കിൽ തളയ്ക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. ആളുകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം'', കൈഫ് പറയുന്നു.

ഫൈനലിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ, മത്സരം പുരോഗമിക്കുന്തോറം പിച്ച് മെച്ചപ്പെടുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ, ടോസ് കിട്ടിയാൽ ഫീൽഡിങ് തെരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പിന്നീട് വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയൻ നിരയിൽ കമ്മിൻസും സ്റ്റാർക്കും ഉള്ളതിനാൽ പേസ് ബൗളിങ്ങിന് പിച്ച് അനുകൂലമാകരുത് എന്നായിരുന്നു ഇന്ത്യൻ ടീം മാനെജ്മെന്‍റിന്‍റെ ചിന്ത എന്നും കൈഫ് ചൂണ്ടിക്കാട്ടുന്നു.

പിച്ച് തയാറാക്കുന്നത് ക്യുറേറ്ററാണെന്നും, ആതിഥേയ ടീം അതിൽ ഇടപെടാറില്ലെന്നുമൊക്കെ പറയുന്നത് വെറുതേയാണ്. അതിന് ദീർഘമായ ചർച്ചകളൊന്നും നടക്കണമെന്നില്ല. പിച്ചിനടുത്തു കൂടി പോകുന്ന ക്യാപ്റ്റനോ കോച്ചോ ഒന്നോ രണ്ടോ വാചകം മാത്രം പറഞ്ഞാൽ മതിയാകും. വെള്ളം തളിക്കേണ്ടെന്നോ, പുല്ല് നീക്കണമെന്നോ ഉള്ള ചെറിയ നിർദേശങ്ങൾ തന്നെ വലിയ സ്വാധീനം ചെലുത്തും- കൈഫ് കൂട്ടിച്ചേർക്കുന്നു. അതേസമയം, പിച്ചിന്‍റെ സ്വഭാവം നിർണയിക്കാൻ ആതിഥേയ ടീം ഇടപെടുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതു ചെയ്യേണ്ടതുമാണ്. എന്നാൽ, നമ്മൾ ചെയ്തത് കുറച്ച് കൂടിപ്പോയി- അദ്ദേഹം വിശദീകരിച്ചു.

മുഹമ്മദ് കൈഫ്
മുഹമ്മദ് കൈഫ്

സ്ലോ വിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്യാനായിരിക്കും ബുദ്ധിമുട്ടെന്ന് കമ്മിൻസ് ചെന്നൈ പിച്ചിൽ നിന്നു മനസിലാക്കിയിരുന്നു. പൊതുവേ ഫൈനലുകളിൽ ആരും ആദ്യം ഫീൽഡ് ചെയ്യാൻ തയാറാവില്ലെങ്കിലും, ഓസ്ട്രേലിയ അതിനു സജ്ജമായിരുന്നത് അതുകൊണ്ടാണെന്നും കൈഫ് പറഞ്ഞു.

ഐസിസിയുടെ സ്വതന്ത്ര പിച്ച് കൺസൾട്ടന്‍റ് ഫൈനലിനു മുൻപ് അഹമ്മദാബാദിൽ ഉണ്ടായിരുന്നില്ല എന്നും ഇതിനിടെ വ്യക്തമായിരുന്നു. എന്നാൽ, അങ്ങനെ കൺസൾട്ടന്‍റ് ഉണ്ടായിരിക്കണമെന്ന് നിയമമൊന്നുമില്ലെന്നും, തന്‍റെ ജോലി കഴിഞ്ഞപ്പോൾ അദ്ദേഹം മടങ്ങിപ്പോയതാണെന്നുമാണ് ബിസിസിഐ ഇതെക്കുറിച്ചു വിശദീകരിച്ചിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.