ഇംഗ്ലണ്ടിനെ പുറത്താക്കാൻ ഓസീസ്

ആഷസിലെ ചിര വൈരികളായ ഇംഗ്ലണ്ടിനെ 2023 ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കാനുള്ള സുവർണാവസരമാണ് മഞ്ഞപ്പടയ്ക്ക് മുന്നിൽ വന്നിരിക്കുന്നത്
Jos Butler, Pat Cummins
Jos Butler, Pat Cummins
Updated on

അഹമ്മദബാദ്: ലോകകപ്പ് പോരാട്ടത്തിൽ ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വമ്പൻ പോരാട്ടത്തിന് അരങ്ങുണരുന്നു. ആഷസിലെ ചിര വൈരികളായ ഇംഗ്ലണ്ടിനെ 2023 ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കാനുള്ള സുവർണാവസരമാണ് മഞ്ഞപ്പടയ്ക്ക് മുന്നിൽ വന്നിരിക്കുന്നത്. മറിച്ച് ഓസ്ട്രലിയയെ തോൽപ്പിച്ച് 2025 ൽ പാക്കിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫിയ്ക്കുള്ള യോഗ്യത നേടാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. ഇന്ന് വൻമാർജിനിൽ ജയിച്ചാൽ ഇംഗ്ലണ്ടിന് അവസാന നാലിൽ എത്താനുള്ള വളരെ നേരിയ സാധ്യത നിലനിർത്താനാകും.

രണ്ട് തകർപ്പൻ തോൽവികളോടെ തുടങ്ങിയ ഓസ്‌ട്രേലിയ പിന്നീട് തുടർച്ചയായ നാല് വിജയങ്ങളുമായി ലോകകപ്പിൽ കളംനിറഞ്ഞ് കളിക്കുകയാണ്. നിലവിൽ പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് അവർ, ഇംഗ്ലണ്ടിനെതിരേ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ജയിച്ചാൽ സെമിഫൈനൽ ബെർത്തിലേക്ക് ഒരു പടി കൂടി അവർ അടുക്കും.

അഞ്ച് തവണ ചാംപ്യന്മാരായ ഓസീസ് അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് 367, 399, 388 സ്കോർ ചെയ്തതിനാൽ ഇന്നും വലിയ സ്കോർ പ്രതീക്ഷിക്കാം. പരുക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ട്രെവിസ് ഹെഡ്ഡും ഓപ്പണിങ് പങ്കാളിയായ ഡേവിഡ് വാർണറും മിന്നുന്ന ഫോമിലാണ്. ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിൽ ഹെഡ് വെടിക്കെട്ട് സെഞ്ചുറി സ്വന്തമാക്കി. വാണർ ആറ് മത്സരങ്ങളിൽ നിന്ന് 68.83 ശരാശരിയിൽ 413 റൺസാണ് നേടിയത്. പന്ത് കൊണ്ട് ആദം സാമ്പ ആറ് കളികളിൽ നിന്ന് 19.06 ശരാശരിയിൽ 16 വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നു. സ്റ്റാർക്ക്, ഹെയസൽ വുഡ്, നായകൻ പാറ്റ് കുമ്മിൻസ് എന്നിവർ ഏത് നിമിഷവും അപകടകാരികളാകും. എന്നാൽ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരുക്കേറ്റ് ഗ്ലെൻ മാക്സ്വെല്ലും സ്വകാര്യ ആവശ്യത്തിന് നാട്ടിലക്ക് പറന്ന മിച്ചൽ മാർഷും ഇല്ലാതെയാകും ഇന്ന് ഓസീസ് കളത്തിൽ എത്തുക. മാർക്കസ് സ്റ്റോയിനിസ്, കാമറൂൺ ഗ്രീൻ എന്നിവർ അന്തിമ ഇലവനിൽ എത്തിയേക്കും.

മറുവശത്ത്, ഇംഗ്ലണ്ട് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യയിൽ നടത്തിയത്. ആറ് കളികളിൽ ഏകപക്ഷീയമായ ഒരു ജയത്തോടെ, ഇംഗ്ലണ്ട് ടേബിളിന്‍റെ റ്റവും അവസാന സ്ഥാനത്താണ്.

ഇന്ത്യയ്‌ക്കെതിരായ അവരുടെ അവസാന മത്സരത്തിൽ അവർ നന്നായി ബൗൾ ചെയ്യുകയും ആതിഥേയത്തെ 229 റൺസിൽ ഒതുക്കുകയും ചെയ്തു. എന്നിരുന്നാലും, ബാറ്റർമാർ കളിമറന്നപ്പോൾ ഇന്ത്യക്ക് 100 റൺസിന്‍റെ ജയം.

ഡേവിഡ് മലന് ടൂർണമെന്‍റിൽ മികച്ച തുടക്കം ലഭിച്ചിരുന്നുവെങ്കിലും മത്സരങ്ങൾ മുന്നോട്ട് പോയപ്പോൾ അയാൽ തീർത്തും പരാജയമായി മാറി. ജോണി ബെയർസ്റ്റോയും ഫോമിലല്ല, ആറ് കളികളിൽ നിന്ന് ഒരു ഫിഫ്റ്റി മാത്രമാണ് നേടിയത്. ജോ റൂട്ട്, ബെൻ സ്റ്റോക്‌സ്, ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച റെക്കോഡുള്ള ക്യാപ്റ്റൻ ജോസ് ബട്ട്‌ലറും ഇതുവരെ മികച്ച ഒരു ഇന്നിങ്സ് കാഴ്വച്ചിട്ടില്ല.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലി പുതിയ പന്തിൽ നിർണായക പങ്ക് വഹിക്കും. ഇതുവരെ മധ്യനിരയിൽ ബാറ്റർമാരെ നിയന്ത്രിക്കാൻ ആദിൽ റഷീദിന് കഴിഞ്ഞിട്ടില്ല.

നേർക്കുനേർ

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പരസ്പരം 155 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ ഓസ്‌ട്രേലിയ 87 മത്സരങ്ങൾ ജയിച്ചപ്പോൾ ഇംഗ്ലണ്ട് 63 തവണ വിജയിച്ചു. ഏകദിന ലോകകപ്പിൽ, ഇരു ടീമുകളും ഒമ്പത് മത്സരങ്ങളിൽ ഏറ്റുമുട്ടി, അതിൽ ഓസ്‌ട്രേലിയ ആറ് വിജയങ്ങളും ഇംഗ്ലണ്ട് മൂന്ന് കളികളും മാത്രമാണ് വിജയിച്ചത്.

Trending

No stories found.

Latest News

No stories found.