ഡോര്‍ട്ട്മുണ്ട്: യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിന്‍റെ കലാശ പോരാട്ടത്തിൽ സ്പെയിനെ നേരിടാൻ യോഗ്യത നേടിയത് ഇംഗ്ലണ്ട്. ഒന്നിനെതിരേ രണ്ടു ഗോളിന് നെതർലൻഡ്സിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് തുടരെ രണ്ടാം വട്ടവും ഫൈനൽ കളിക്കാൻ അർഹത ഉറപ്പിച്ചത്. സ്പെയ്ൻ ആകട്ടെ, കരുത്തരായ ഫ്രാൻസിനെ തോൽപ്പിച്ച് നേരത്തെ ഫൈനലിൽ ഇടമുറപ്പിച്ചിരുന്നു. കഴിഞ്ഞ തവണ കിരീട പ്രതീക്ഷയുമായെത്തിയ ഇംഗ്ലണ്ടിന് ഫൈനലിൽ ഇറ്റലിയോട് പെനൽറ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടാനായിരുന്നു വിധി.
ഇംഗ്ലണ്ട് - നെതർലൻഡ്സ് മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ ആദ്യം ലീഡ് നേടിയത് നെതർലൻഡ്സാണ്. ബോക്‌സിനു പുറത്തുനിന്ന് സാവി സൈമൺസ് തൊടുത്ത വലങ്കാല്‍ ഷോട്ട്, വിഖ്യാതനായ ഇംഗ്ലിഷ് ഗോളി ജോർഡൻ പിക്ഫോർഡിനെ നിഷ്പ്രഭനാക്കിക്കൊണ്ട് പോസ്റ്റിന്‍റെ ഇടതു മൂലയിൽ പതിച്ചു (0-1). എന്നാൽ, ലീഡ് വഴങ്ങിയതോടെ ഇംഗ്ലണ്ട് കൂടുതൽ ശക്തമായി ആക്രമിച്ചു. ജൂഡ് ബെല്ലിങ്ങാമിന്‍റെ പാസിൽ നിന്ന് ഹാരി കെയ്നും, ഹാരി കെയ്ന്‍റെ പാസില്‍ നിന്ന് ബുകായോ സാകയും നടത്തിയ ശ്രമങ്ങൾ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു.
എന്നാൽ, പതിനെട്ടാം മിനിറ്റിൽ ഹാരി കെയ്‌നെ ഡെന്‍സല്‍ ഡെംഫ്രീസ് ഫൗള്‍ ചെയ്തതിനു കിട്ടിയ പെനൽറ്റി ഇംഗ്ലിഷ് ശ്രമങ്ങൾ സഫലമാക്കി. വാര്‍ പരിശോധനയില്‍ പെനാല്‍റ്റിയും, ഡെംഫ്രീസിന് യെല്ലോ കാര്‍ഡും കിട്ടിയപ്പോൾ, കിക്കെടുത്ത ഹാരി കെയ്ന്‍റെ ശക്തമായ ഗ്രൗണ്ടർ ലക്ഷ്യം കണ്ടു (1-1).
ഇതോടെ ഇംഗ്ലിഷ് താരങ്ങൾ കൂടുതൽ ആക്രമണോത്സുകതയോടെ കളിച്ചു. ബെല്ലിങ്ങാമും സാകയും നിരന്തരം ഡച്ച് ഗോൾ മുഖം റെയ്ഡ് ചെയ്തുകൊണ്ടിരുന്നു. ഫില്‍ ഫോഡനും കൂടെ ചേർന്നതോടെ നെതര്‍ലാന്‍ഡ്‌സ് പ്രതിരോധം കൂടുതൽ ശക്തിമാക്കാൻ നിർബന്ധിതരായി. ഫലപ്രദമായ പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതുമില്ല. 79ാം മിനിറ്റില്‍ ഫോഡനും കൈല്‍ വാക്കറും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവില്‍ ബുകായോ സാക്ക ഇംഗ്ലണ്ടിനു ലീഡ് നേടിക്കൊടുത്തെന്നു തന്നെ തോന്നിച്ചു. എന്നാൽ, ഓഫ്‌സൈഡ് ആയിരുന്നു റഫറിയുടെ വിധി.
റെഗുലർ സമയം സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഫോഡനെയും കെയ്നെയും പിൻവലിച്ച് ഒലി വാറ്റ്കിൻസനെയും കോൾ പാമറെയും ഇംഗ്ലിഷ് കോച്ച് കളത്തിലിറക്കുന്നത്. ഈ തീരുമാനം മത്സരത്തിൽ നിർണായകമാകുകയും ചെയ്തു. വാറ്റ്കിൻസാണ് 90ാം മിനിറ്റിൽ ഇംഗ്ലണ്ടിന്‍റെ ജയമുറപ്പിച്ച ഗോളടിച്ചത്, പാസ് നൽകിയത് പാമറും. ത്രൂ പാസ് പിടിച്ചെടുത്ത വാറ്റ്കിൻസ് ബോക്സിന്‍റെ വലതുമൂലയിൽ നിന്നു തൊടുത്ത ഗ്രൗണ്ടർ, ഡച്ച് ഗോളിയുടെ മുഴുനീള ഡൈവിനെയും അതിജീവിച്ച് വലയിൽ പതിച്ചു. ഇതോടെ, നെതർലൻഡ്സ് ആറാം വട്ടവും സെമിഫൈനലിൽ യൂറോ കപ്പ് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.