ഇംഗ്ലണ്ടിനെ തകർത്ത് വിൻഡീസ്

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 325 റണ്‍സാണ് എടുത്തത്. മറുപടി പറഞ്ഞ വിന്‍ഡീസ് 48.5 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 326 റണ്‍സ് അടിച്ചെടുത്തു.
Shai Hope
Shai Hope
Updated on

ആന്‍റിഗ്വ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന പോരാട്ടത്തില്‍ തകര്‍പ്പന്‍ ചെയ്സിങിലൂടെ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 325 റണ്‍സാണ് എടുത്തത്. മറുപടി പറഞ്ഞ വിന്‍ഡീസ് 48.5 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 326 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ ഷായ് ഹോപിന്‍റെ അതിവേഗ സെഞ്ച്വറിയാണ് വിന്‍ഡീസിനു ത്രില്ലര്‍ ജയം സമ്മാനിച്ചത്. 83 പന്തില്‍ ഏഴ് സിക്സും നാല് ഫോറും സഹിതം ഹോപ് 109 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന പത്തോവറില്‍ വിന്‍ഡീസിനു ജയിക്കാന്‍ 106 റണ്‍സായിരുന്നു വേണ്ടത്. ഷായ് ഹോപിനൊപ്പം മറ്റൊരറ്റത്ത് കൂറ്റനടികളുമായി റൊമാരിയോ ഷെഫേര്‍ഡും നിന്നതോടെ ലക്ഷ്യം അനായാസമായി. 28 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും സഹിതം 48 റണ്‍സെടുത്തു ഷെഫേർഡ് ഹോപിന് മികച്ച പിന്തുണ നൽകി.

ഓപ്പണര്‍ അലിക് ആതന്‍സ് (66) അര്‍ധ സെഞ്ച്വറി നേടി. താരം ഒന്‍പത് ഫോറും രണ്ട് സിക്സും സഹിതമാണ് അര്‍ധ സെഞ്ച്വറി താരം നേടിയത്. ബ്രണ്ടന്‍ കിങ് 35 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 100 കടന്നു. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 32 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സന്‍, രചന്‍ അഹമദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ്, ലിയാം ലിവിങ്സ്റ്റന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഇംഗ്ലണ്ടിനായി ഹാരി ബ്രൂക് 71 റണ്‍സെടുത്ത് ടോപ് സ്കോററായി. സാക് ക്രൗളി (48), ഫില്‍ സാള്‍ട് (45), സാം കറന്‍ (38), ബ്രെയ്ഡന്‍ കര്‍സ് (പുറത്താകാതെ 31) എന്നിവരുടെ ബാറ്റിങാണ് ഇംഗ്ലണ്ടിനു കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.

Trending

No stories found.

Latest News

No stories found.