ഹെഡിഗ് ലി: ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം എന്നു പറഞ്ഞാല്‍ ഇതാണ്. ഓരോ നിമിഷത്തിലും മത്സരത്തിന്റെ ഗതിവിഗതികള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍, ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസിനെതിരേ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റിന്റെ ആവേശജയം. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായി, ആഷസ് ആവേശത്തിലായി. 251 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ പരാജയപ്പെടുമെന്നു തോന്നിയെങ്കിലും വാലറ്റത്തിന്റെ അവസരോചിതമായ പോരാട്ടം ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു. സ്കോര്‍ ഓസ്ട്രേലിയ 263, 224.ഇംഗ്ലണ്ട് 237, ഏഴിന് 254.
രണ്ട് ഇന്നിങ്സുകളിലുമായി ഏഴ് വിക്കറ്റ് നേടുകയും നിർണായക ബാറ്റിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത മാർക്ക് വുഡാണ് മാൻ ഓഫ് ദ മാച്ച്.
വിക്കറ്റ് നഷ്ടപ്പെടാതെ 27 എന്ന നിലയില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്‍മാരായ സാക് ക്രൗളിയും ബെന്‍ ഡെക്കറ്റും ചേര്‍ന്ന് നല്‍കിയത്. സ്കോര്‍ബോര്‍ഡില്‍ 42 റണ്‍സുള്ളപ്പോള്‍ ഡക്കറ്റിനെ എല്‍ബി ഡബ്ലുവില്‍ കുടുക്കിക്കൊണ്ട് മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനു ബ്രേക് ത്രൂ നല്കി. പിന്നാലെ കൂറ്റനടി നടത്താനെത്തിയ മൊയീന്‍ അലിലെയും (5) പുറത്താക്കി സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം നല്കി. 55 പന്തില്‍ 44 റണ്‍സെടുത്ത സാക് ക്രൗളിയുടെതായിരുന്നു അടുത്ത ഊഴം.
മാര്‍ഷിന്റെ പന്തില്‍ അലക്സ് ക്യാരി പിടിച്ച് ക്രൗളി പുറത്ത്. പിന്നീട് ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരെ കൂട്ടുകിടിച്ച് ഹാരി ബ്രൂക്ക് മികച്ച ഇന്നിങ്സ് കാഴ്ചവച്ചു. സ്ട്രോക് പ്ലെയിലൂടെ ഇംഗ്ലണ്ടിന് ഹാരി ബ്രൂക്സ് പ്രതീക്ഷ നല്കി. എന്നാല്‍, വേഗത്തില്‍ സ്റ്റോക്സും (13) ബെയര്‍സ്റ്റോയും (5) സ്റ്റാര്‍ക്കിന്റെ പന്തില്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഒരിക്കല്‍ക്കൂടി പരാജയം മണത്തു. എന്നാല്‍, അവസരോചിത ബാറ്റിങ്ങിലൂടെ ക്രിസ് വോക്സും (32) എട്ടു പന്തില്‍ 16 റണ്‍സ് നേടി ഭയപ്പാടില്ലാതെ ബാറ്റ് ചെയ്ത മാര്‍ക്ക് വുഡും ചേര്‍ന്ന് ഇംഗ്ലണ്ടിനു ത്രസിപ്പിക്കുന്ന വിജയം നല്കി. 75 റണ്‍സെടുത്ത ബ്രൂക്കിനെ കമിന്‍സിന്റെ കൈകളിലെത്തിച്ച് സ്റ്റാര്‍ക്ക് വീണ്ടും ആഞ്ഞടിച്ച ശേഷമായിരുന്നു വോക്സിന്റെയും വുഡിന്റെയും അപരാജിത കൂട്ടുകെട്ട്.
ഓസീസിനു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചു വിക്കറ്റ് നേടി.