ഇപിഎൽ: ജയം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി

കളിയുടെ ഗതിക്ക് വിപരീതമായി മൂന്നാം മിനിറ്റില്‍ത്തന്നെ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ജീന്‍ ഫിലിപ്പെ മറ്റേറ്റ ഗോള്‍ നേടി
ഇപിഎൽ: ജയം തുടര്‍ന്ന്  മാഞ്ചസ്റ്റര്‍ സിറ്റി
Updated on

ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരിടപ്പോരില്‍ ഒട്ടും പിന്നിലല്ല എന്നു തെളിയിച്ചിരിക്കുന്നു. ലീഗിലെ തങ്ങളുടെ 31-ാം മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. കെവിന്‍ ഡി ബ്രുയിനെയുടെ ഇരട്ടഗോളും ഹാലന്‍ഡിന്‍റെയും റിക്കോ ലൂയിസിന്‍റെയും ഗോളുകള്‍ സിറ്റിക്ക് നാലു ഗോള്‍ നേട്ടം നല്‍കി. ക്രിസ്റ്റല്‍ പാലസിനായി ജീന്‍ ഫിലിക്കെ മറ്റേറ്റയും ഒഡ്‌സോണ്‍ എഡോവാര്‍ഡുമാണ് സ്‌കോര്‍ ചെയ്തത്. പോയിന്‍റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനൊപ്പമെത്താന്‍ വിജയമനിവാര്യമായ സാഹചര്യത്തില്‍ അത്യന്തം ആവേശകരമായതും ആക്രമണത്തിനു മുന്‍തൂക്കം നല്‍കുന്നതുമായ പോരാട്ടമാണ് സിറ്റി കാഴ്ചവച്ചത്.

എന്നാല്‍, കളിയുടെ ഗതിക്ക് വിപരീതമായി മൂന്നാം മിനിറ്റില്‍ത്തന്നെ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ജീന്‍ ഫിലിപ്പെ മറ്റേറ്റ ഗോള്‍ നേടി. എന്നാല്‍, ഗോള്‍ വീണതിന്‍റെ ഞെട്ടല്‍ വേഗത്തില്‍ മറന്ന ഗാര്‍ഡിയോളയുടെ സംഘം കെവിന്‍ ഡിബ്രുയിനെയിലൂടെ തിരിച്ചടിച്ചു. 13-ാം മിനിറ്റില്‍ ഹാലന്‍ഡിന്‍റെ അസിസ്റ്റില്‍ ഡിബ്രുയിനെ സമനില ഗോള്‍ നേടി. പിന്നീട് ചിത്രത്തില്‍ സിറ്റിയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ തകര്‍ത്തപോലെ ഒരു മികച്ച പപോരാട്ടം തന്നെ സിറ്റി പുറത്തെടുത്തു.ഒന്നാം പകുതി സമനിലയിലവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡിബ്രുയിനെ, ഹാലന്‍ഡ്, റിക്കോ ലൂയിസ് സഖ്യം നിരന്തരം ക്രിസ്റ്റല്‍ പാലസ് വളഞ്ഞു. ഇതിന്‍റെ ഫലമെന്നോണം 47-ാം മിനിറ്റില്‍ ഗോള്‍.

റിക്കോ ലൂയിസിന്‍റെ വകയായിരുന്നു ലീഡ് ഗോള്‍. 66-ാം മിനിറ്റില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡും 70-ാം മിനിറ്റില്‍ ഡി ബ്രുയിനെയും സ്‌കോര്‍ ചെയ്തതോടെ സിറ്റി 4-1ന്‍റെ ലീഡ് സ്വന്തമാക്കി. കളി തീരാന്‍ നാല് മിനിറ്റ് മാത്രം ശേഷിക്കേ എഡുവാര്‍ഡ് പാലസിന് ഒരു ഗോളിന്‍റെ ആശ്വാസം കൂടി സമ്മാനിച്ചു. സിറ്റിക്കായി ഡിബ്രുയിനെ 100 ഗോളെന്ന നാഴികക്കല്ലും ഈ മത്സരത്തിൽ തികച്ചു.

31 മത്സരങ്ങളില്‍നിന്ന് 21 ജയവും ഏഴ് സമനിലയും മൂന്നു തോല്‍വിയുമായി 70 പോയിന്‍റോടെ സിറ്റി രണ്ടാം സ്ഥാനത്തെത്തി. 30 കളികളില്‍നിന്ന് അത്ര തന്നെ പോയിന്‍റുള്ള ലിവര്‍പൂളാണ് ഒന്നാമത്. ഞായറാഴ്ച ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. ഈ മത്സരത്തില്‍ ലിവര്‍ ജയിച്ചാല്‍ അവര്‍ക്ക് 73 പോയിന്‍റാകും. മൂന്നാം സ്ഥാനത്ത് ആഴ്‌സണലാണ്.

Trending

No stories found.

Latest News

No stories found.