ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിച്ച് കേരള ടൂറിസം

കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം ഹബ്ബാക്കി മാറ്റുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ ആരംഭിച്ച ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സംസ്ഥാന ടൂറിസം വകുപ്പ് സഹകരിക്കുന്നു
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിച്ച് കേരള ടൂറിസം
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സഹകരിച്ച് കേരള ടൂറിസം
Updated on

തിരുവനന്തപുരം: കൊച്ചിയെ സ്‌പോര്‍ട്‌സ് ടൂറിസം ഹബ്ബാക്കി മാറ്റുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തോടെ ആരംഭിച്ച ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി സംസ്ഥാന ടൂറിസം വകുപ്പ് സഹകരിക്കുന്നു. കൊച്ചി ആസ്ഥാനമായ ക്ലിയോസ്‌പോര്‍ട്‌സാണ് ഫെബ്രുവരി 11-ന് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

സ്‌പോര്‍ട്‌സ് ടൂറിസം ഭൂപടത്തില്‍ കൊച്ചിയെ അടയാളപ്പെടുത്തുന്നതിനായി തുടക്കംകുറിച്ച ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ വന്‍ വിജയമാക്കുന്നതിനായി ടൂറിസം വകുപ്പിന്‍റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് ക്ലിയോസ്പോര്‍ട്സ് അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി പിന്തുണ വാഗ്ദാനം ചെയ്തത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജന പങ്കാളിത്തമുള്ള പരിപാടിയായി മാരത്തണ്‍ മാറട്ടെയെന്നും മന്ത്രി ആശംസിച്ചു.

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണുമായി ബന്ധപ്പെട്ട് വരും വര്‍ഷങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കുന്ന വിനോദസഞ്ചാര പരിപാടി രൂപപ്പെട്ടു വരാനുള്ള സാധ്യതയുണ്ടെന്ന് ക്ലിയോസ്പോര്‍ട്സ് ഡയറക്ടര്‍മാരായ ശബരി നായര്‍, അനീഷ് പോള്‍ എന്നിവര്‍ പറഞ്ഞു. ഇത് കൊച്ചിയെ ഒരു പ്രമുഖ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള തങ്ങളുടെ ലക്ഷ്യത്തിന് കരുത്ത് പകരും. കേരള ടൂറിസവുമായുള്ള പങ്കാളിത്തം ഇതിന് ഏറെ സഹായകരമാകുമെന്നും അവര്‍ പ്രത്യാശിച്ചു.

42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ റണ്‍, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങള്‍ക്കൊപ്പം ഇത്തവണ ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്കും വേണ്ടി സ്‌പെഷ്യല്‍ റണ്‍ കാറ്റഗറി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷ സൊസൈറ്റിയുമായി ചേര്‍ന്നാണ് ഒരു കിലോമീറ്റര്‍ സ്പെഷ്യല്‍ റണ്‍ നടക്കുക. ഇന്ത്യന്‍ അത്ലറ്റുകള്‍ക്കൊപ്പം ഇത്തവണ വിദേശ അത്ലറ്റുകളും മാരത്തണില്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് www.kochimarathon.inസന്ദര്‍ശിക്കുക.

Trending

No stories found.

Latest News

No stories found.