ഹാംബർഗ്: യൂറോ കപ്പിൽ ക്രൊയേഷ്യയുടെ നിരാശ തുടരുന്നു. ആദ്യ മത്സരത്തിൽ സ്പെയിനോടു തോറ്റ ക്രൊയേഷ്യ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ അൽബേനിയയോട് സമനില വഴങ്ങി. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. ഈ രണ്ടു ടീമുകൾ അന്താരാഷ്‌ട്ര ഫുട്ബോളിൽ ഏറ്റുമുട്ടുന്നത് ഇതാദ്യം.
തുടക്കത്തിൽ കളി കൈയടക്കി വച്ചത് ക്രൊയേഷ്യ ആയിരുന്നെങ്കിലും ആദ്യം ഗോളടിച്ചത് അൽബേനിയ. വലതു പാർശ്വത്തിൽ നിന്നു ലഭിച്ച ക്രോസിൽ കൃത്യമായി തലവച്ച കാസിം ലാസി 11ാം മിനിറ്റിൽ ഗോൾ വല ചലിപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ ആന്ദ്രെ ക്രമാരിച്ചിലൂടെ ക്രൊയേഷ്യ സമനില ഗോളും കണ്ടെത്തി.
രണ്ടാം പകുതിയിൽ ക്ലോസ് ജാസുലയുടെ സെൽഫ് ഗോൾ ക്രൊയേഷ്യക്ക് ലീഡും നേടിക്കൊടുത്തു. എന്നാൽ, ജാസുല തന്നെ ഇതിനു പ്രായശ്ചിത്തം ചെയ്തപ്പോൾ, സ്റ്റോപ്പേജ് ടൈമിൽ സമനില ഉറപ്പിച്ച ഗോൾ പിറന്നു.
ആദ്യ മത്സരത്തിൽ ഇറ്റലിക്കെതിരേയും ലീഡ് നേടിയ ശേഷം തോൽവി വഴങ്ങിയ ടീമാണ് അൽബേനിയ. സമനിലയോടെ ക്രൊയേഷ്യക്കൊപ്പം അൽബേനിയയും പുറത്താകലിന്‍റെ വക്കിലാണ്.
നിലവിലുള്ള പോയിന്‍റ് നില പ്രകാരം സ്പെയിനും ഇറ്റലിയും നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറാനാണ് സാധ്യത.