ഇറ്റലിയെ വിറപ്പിച്ച് അൽബേനിയ കീഴടങ്ങി

യൂറോ കപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ എന്ന റെക്കോഡ് അൽബേനിയൻ താരം നദിം ബജ്റാമിയുടെ പേരിൽ
ഇറ്റലിയുടെ ആദ്യ ഗോൾ ആഘോഷിക്കുന്ന പെല്ലഗ്രിനിയും ബാസ്റ്റോണിയും.
ഇറ്റലിയുടെ ആദ്യ ഗോൾ ആഘോഷിക്കുന്ന പെല്ലഗ്രിനിയും ബാസ്റ്റോണിയും.

ഡോർട്ട്മുണ്ട്: യൂറോ കപ്പിൽ നിലവിലുള്ള ചാംപ്യൻമാരായ ഇറ്റലിക്ക് നിറം മങ്ങിയ ജയത്തോടെ തുടക്കം. അലസാന്ദ്രോ ബാസ്റ്റോണിയും നിക്കോളോ ബരേലയും ആദ്യ പകുതിയിൽ നേടിയ ഗോളുകൾ അൽബേനിയയെ മറികടക്കാൻ അവരെ സഹായിച്ചെങ്കിലും, ചാംപ്യൻമാരെ വിറപ്പിച്ച പ്രകടനം തന്നെയാണ് അൽബേനിയ പുറത്തെടുത്തത്.

മത്സരം തുടങ്ങി ഇരുപത്തിമൂന്നാം സെക്കൻഡിൽ തന്നെ ഇറ്റലിയുടെ വല കുലുങ്ങി. ഈ ഗോളോടെ, യൂറോ കപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഗോളാണ് അൽബേനിയൻ താരം നെദിം ബജ്റാമിയുടെ പേരിൽ കുറിക്കപ്പെട്ടത്.

മൂന്നു വർഷം മുൻപ് കിരീടം നേടിയ ഇറ്റാലിയൻ ടീമിന്‍റെ ഛായ തന്നെ ഇക്കുറി മാറിപ്പോയിരുന്നു. ചാംപ്യൻ ടീമിലെ ഭൂരിപക്ഷം പേരും വിരമിക്കുകയോ പരുക്കു കാരണം പുറത്താവുകയോ ചെയ്തിരുന്നു. ഫെഡറിക്കോ ഡിമാർക്കോയുടെ അലക്ഷ്യമായ ത്രോയാണ് ബജ്റാമി പിടിച്ചെടുത്ത് ജിയാൻലൂയിജി ഡോണാരുമയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചത്.

ഇറ്റാലിയൻ ആരാധകരെക്കാൾ കൂടുതൽ അൽബേനിയൻ ആരാധകർ തിങ്ങിനിറഞ്ഞ ഗ്യാലറി ആർത്തിരമ്പുന്ന കാഴ്ച.

എന്നാൽ, പരുക്കിൽ നിന്നു തിരിച്ചുവന്ന ബരേമയുടെ നേതൃത്വത്തിൽ ഇറ്റലി പെട്ടെന്നു തന്നെ ആക്രമണങ്ങൾ മെനഞ്ഞു തുടങ്ങി. പത്ത് മിനിറ്റിനുള്ളിൽ പെല്ലഗ്രിനിയുടെ ക്രോസിൽ നിന്ന് ബാസ്റ്റോണി സമനില ഗോളും കണ്ടെത്തി. ബരേലയിലൂടെ ലീഡ് നേടാൻ പിന്നെയൊരു ആറ് മിനിറ്റ് കൂടിയേ വേണ്ടിവന്നുള്ളൂ. അത്രയും ശക്തമായ സമ്മർദമാണ് ആദ്യ ഗോൾ വഴങ്ങിയ ശേഷം ഇറ്റലി അൽബേനിയൻ പോസ്റ്റിൽ ചെലുത്തിക്കൊണ്ടിരുന്നത്.

എന്നാൽ, ഇതേ ആക്രമണോത്സുക രണ്ടാം പകുതിയിൽ ഇറ്റലിയിൽനിന്നുണ്ടായില്ല. അൽബേനിയ അവസാന മിനിറ്റുകളിൽ ഒന്നുകൂടി ഉണർന്നു കളിച്ചെങ്കിൽ റെയ് മനാജിന്‍റെ ഫ്ളിക്ക് ഗോൾ പോസ്റ്റിനു പുറത്തേക്കാണു പോയത്.

Trending

No stories found.

Latest News

No stories found.