മെസിക്ക് 2026 ലോകകപ്പിലും കളിക്കണം

കോപ്പ അമേരിക്കയിൽ കളിക്കുന്നുണ്ട്. അതിനു ശേഷം ലോകകപ്പിനുണ്ടാകുമോ എന്ന് വ്യക്തമാകും
Lionel Messi with world cup trophy
Lionel Messi with world cup trophyfile
Updated on

ബ്യൂണസ് ഐറിസ്: 2026ല്‍ അമെരിക്കയിലും ക്യാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹവുമായി അര്‍ജന്‍റീന ക്യാപ്റ്റന്‍ ലയണല്‍ മെസി. മെസി അടുത്ത ലോകകപ്പിനുണ്ടാകുമെന്ന് നേരത്തെ പരിശീലകന്‍ സ്‌കലോമിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുക എന്നതിനാണ് മുന്‍ഗണനയെന്ന് മെസി പറഞ്ഞു.

നേരത്തേ അര്‍ജന്‍റീനയെ 2022 ലോകകപ്പ് ജയത്തിലേക്ക് നയിച്ച ശേഷം ഇതായിരിക്കും തന്‍റെ അവസാന ലോകകപ്പെന്ന സൂചനകള്‍ മെസി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ അടുത്ത ലോകകപ്പിലും കളിക്കാനുളള ആഗ്രഹം താരം തുറന്നുപറഞ്ഞിരിക്കുന്നത്.

''നന്നായി കളിക്കാനും ടീമിനായി അവസരങ്ങളൊരുക്കാനും സാധിക്കുന്നിടത്തോളം കാലം ഞാന്‍ അര്‍ജന്‍റീനയ്ക്കായി കളിക്കും. അത് ഇല്ലാതാകുമ്പോള്‍ മതിയാക്കും. ഇന്നിപ്പോള്‍ കോപ്പ അമേരിക്കയില്‍ കളിക്കാന്‍ സാധിക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. പിന്നീട് ലോകകപ്പിന് ഞാന്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് സമയം പറയും. സാധാരണ ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ അനുവദിക്കാത്ത പ്രായത്തിലേക്കാണ് ഞാന്‍ എത്താന്‍ പോകുന്നത്. 2022 ലോകകപ്പിനു ശേഷം ഞാന്‍ വിരമിക്കുമെന്നായിരുന്നു തോന്നിയിരുന്നത്.

എന്നാലിപ്പോള്‍ മറ്റെന്തിനേക്കാളും ടീമിനൊപ്പം നില്‍ക്കുക എന്നതാണ് എന്‍റെ ആഗ്രഹം. ഞങ്ങളിപ്പോള്‍ ഒരു പ്രത്യേക നിമിഷം അനുഭവിക്കുകയാണ്. രണ്ടോ മൂന്നോ വര്‍ഷം മുന്നോട്ട് ചിന്തിക്കാതെ അത് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' -മെസി പറഞ്ഞു. അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും മെസിക്ക് 39 വയസാകും. എന്തായാലും ആരാധകര്‍ക്ക് മെസിയുടെ ഈ ആഗ്രഹം ആവേശംപകരുന്ന ഒന്നാണ്.

Trending

No stories found.

Latest News

No stories found.