റിയാദ്: സൂപ്പര്‍ താരങ്ങളുടെ ഒഴുക്ക് തുടരുന്നതോടെ സൗദി പ്രോ ലീഗ് താരസമ്പന്നമാവുകയാണ്. ലോകത്തെ ഏറ്റവും മികച്ച ലീഗായി സൗദി ലീഗ് മാറിയെന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രഖ്യാപനത്തിനു പിന്നാലെ വീണ്ടും യൂറോപ്യന്‍ താരങ്ങള്‍ സൗദിയിലേക്കെത്തുകയാമ്. പണക്കൊഴുപ്പില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് രണ്ട് വമ്പന്‍ താരങ്ങളെയാണ് സൗദി ഒടുവില്‍ സ്വന്തമാക്കിയിരിക്കുന്നത്. ലിവര്‍പൂളില്‍ നിന്ന് നായകന് ജോര്‍ദാന്‍ ഹെന്ഡേഴ്സണ്, മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് റിയാദ് മഹ്റെസ് എന്നീ സൂപ്പര്‍ താരങ്ങളെ സൗദി ക്ലബ്ബുകള്‍ റാഞ്ചി.
ഇംഗ്ലണ്ട് ദേശീയ ടീം അംഗം കൂടിയായ ഹെന്‍ഡേഴ്സണെ അല്‍ എടിഫാഖാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഇതിഹാസതാരം സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലകനായ ടീമാണ് അല്‍ എടിഫാഖ്. താരത്തെ സ്വന്തമാക്കിയ വിവരം ക്ലബ്ബ് ഉടന്‍ ഔദ്യോഗികമായി പുറത്തുവിടും. 12 മില്യണ്‍ പൗണ്ടിനാണ് താരം സൗദിയിലേക്ക് ചേക്കേറുന്നത്. മൂന്ന് വര്‍ഷമാണ് കരാര്‍.
ലിവര്‍പൂളിനായി 360 മത്സരങ്ങള്‍ കളിച്ച ഹെന്ഡേഴ്സണ് 29 ഗോളുകള്‍ നേടി. 2011 തൊട്ടാണ് ഹെന്ഡേഴ്സണ് ലിവര്‍പൂളിന്റെ ഭാഗമായത്. ഇംഗ്ലണ്ട് ദേശീയ ടീമിനായി 77 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.
റിയാദ് മഹ്റെസിനെ അല്‍ അഹ്ലി ക്ലബ്ബാണ് സ്വന്തമാക്കിയത്. നാല് വര്‍ഷത്തെ കരാറിലാണ് സിറ്റി മുന്നേറ്റ താരത്തെ അല്‍ അഹ്ലി റാഞ്ചിയത്. താരത്തിന് 35 മില്യണ്‍ യൂറോ പ്രതിഫലമായി ലഭിക്കും. മെഡിക്കല്‍ ടെസ്റ്റിനായി മഹ്റെസ് ഉടന്‍ തന്നെ സൗദിയിലേക്ക് പറക്കും. മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് വേണ്ടി 145 മത്സരങ്ങള്‍ കളിച്ച മഹ്റെസ് 43 ഗോളുകള്‍ നേടിയിട്ടുണ്ട്. ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് 2018-ലാണ് മഹ്റെസ് സിറ്റിയിലെത്തിയത്.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായ അലക്സ് ടെല്ലെസും ഇതിനോടകം സൗദി പ്രോ ലീഗിന്റെ ഭാഗമായിട്ടുണ്ട്. റൊണാള്‍ഡോയുടെ അല്‍ നസര്‍ ക്ലബ്ബാണ് ടെല്ലസിനെ സ്വന്തമാക്കിയത്. സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയും ബ്രസീലിയന്‍ താരം ഫാബിഞ്ഞോയും ബെര്‍നാഡോ സില്‍വയും റൊമേലു ലുക്കാക്കുവും പോള്‍ പോഗ്ബയുമൊക്കെ സൗദി ലീഗുമായി അവസാനവട്ട ചര്‍ച്ചയിലാണ്.
നിലവില്‍ സൗദി ക്ലബ്ബുകളുമായി കരാറിലായ വമ്പൻ താരങ്ങള്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
കരിം ബന്‍സേമ
എന്‍ഗോളോ കാന്റെ
റൂബന്‍ നെവസ്
കോലിഡോവു കൗളിബാലി
എഡ്വാര്‍ഡോ മെന്‍ഡി
മിലിങ്കോവിച്ച് സാവിച്ച്
മാഴ്സെലോ ബ്രോസോവിക്ക്
റോബര്‍ട്ടോ ഫിര്‍മിനോ
ജോട്ട
സെകോ ഫൊഫാന
ജോര്‍ദന്‍ ഹെന്ഡേഴ്സണ്
റിയാദ് മെഹ്റസ്
അലക്സ് ടെല്ലസ്
കരാറിലാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന താരങ്ങള്‍
അലന് മാക്സിമന്
ഫാബിഞ്ഞോ
മാല്‍ക്കം
ലൂയിസ് ഡയസ്
ബെര്‍ണാഡോ സില്‍വ
പോള്‍ പോഗ്ബ
റൊമേലു ലുക്കാക്കു
മിട്രോവിച്ച്
സാദിയോ മാനെ