തലമുറകളുടെ സംഗമം: ഗോൾമഴയുമായി സ്പെയിൻ

ലൂക്ക മോഡ്രിച്ച് നിറം മങ്ങി, ക്രൊയേഷ്യയ്ക്ക് മൂന്നു ഗോൾ തോൽവി
തലമുറകളുടെ സംഗമം: ഗോൾമഴയുമായി സ്പെയിൻ
ലമൈൻ യമാൽ, ഡാനി കാർവായൽ.

ബർലിൻ: സ്പെയിന്‍റെ റൈറ്റ് ബാക്ക് ഡാനി കാർവായലിന് 32 വയസായി. വിങ്ങർ ലമൈൻ യമാലിന് അതിന്‍റെ പകുതി മാത്രം, അതെ, വെറും 16 വയസ്. ഇതൊരു ഉദാഹരണം മാത്രം. സ്പാനിഷ് ഫുട്ബോളിലെ രണ്ടു തലമുറകളുടെ സംഗമമാണ് യൂറോ കപ്പിൽ കരുത്തുറ്റ ക്രൊയേഷ്യൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി നേടിയ മൂന്നു ഗോൾ വിജയത്തിൽ തെളിഞ്ഞു നിന്നത്.

യൂറോ കപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ബാഴ്സലോണ താരം യമാലിന്‍റെ പേരിൽ കുറിക്കപ്പെട്ടു. ഒപ്പം, യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ഏറ്റവും ഉയർന്ന പ്രായത്തിൽ ഗോളടിക്കുന്ന താരം എന്ന റെക്കോഡ് കാർവായലും സ്വന്തമാക്കി. ആ ഗോൾ പിറന്നതാകട്ടെ, യമാലിന്‍റെ ക്രോസിൽനിന്നും.

കളി തുടങ്ങി 32 മിനിറ്റിനുള്ളിൽ തന്നെ സ്പെയിൻ രണ്ടു ഗോളിന്‍റെ ലീഡ് നേടിയിരുന്നു. അൽവാരോ മൊറാറ്റയും ഫാബിയൻ റൂയിസുമായിരുന്നു സ്കോറർമാർ. ആദ്യ പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു കാർവായലിന്‍റെ ഗോൾ.

രണ്ടാം പകുതിയിൽ സ്പെയിന്‍റെ ആക്രമണങ്ങൾക്ക് മൂർച്ച കുറഞ്ഞു. ക്രൊയേഷ്യയുടെ ലോകോത്തര മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് നിറം മങ്ങിയത് അവരുടെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചു. ഒരു മണിക്കൂർ മാത്രമാണ് മോഡ്രിച്ച് കളത്തിലുണ്ടായിരുന്നത്. എങ്കിലും രണ്ടാം പകുതിയിൽ പന്തിനു മേൽ കൂടുതൽ ആധിപത്യം പുലർത്തിയത് ക്രൊയേഷ്യയായിരുന്നു. പക്ഷേ, ഷാർപ്പ് ഷൂട്ടർമാരുടെ അഭാവം ഗോളില്ലായ്മയിൽ നിഴലിച്ചുനിന്നു.

Trending

No stories found.

Latest News

No stories found.