മുംബൈ: പ്രതീക്ഷിച്ചിരുന്നതു പോലെ ഗൗതം ഗംഭീർ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിതനായി. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2027 ലെ ഏകദിന ലോകകപ്പ് വരെയാണ് കാലാവധി.
പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവരിൽ രണ്ടു പേരെ മാത്രമാണ് ബിസിസിഐ അഭിമുഖത്തിനു ക്ഷണിച്ചിരുന്നത്. മുൻ ഇന്ത്യൻ ഓപ്പണറും വനിതാ ടീമിന്‍റെ പരിശീലകനുമായിരുന്ന ഡബ്ല്യു.വി. രാമൻ ആയിരുന്നു രണ്ടാമൻ.
ഇവരിൽ നിന്ന് ഗംഭീറിനെ തന്നെ തെരഞ്ഞെടുത്തെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഒരാഴ്ചയിലധികം വൈകിയാണ് പുറത്തുവരുന്നത്. പ്രതിഫലം സംബന്ധിച്ച് ധാരണയാകാത്തതാണ് വൈകാൻ കാരണമെന്നാണ് സൂചന.
പരിശീലകസ്ഥാനത്ത് രാഹുൽ ദ്രാവിഡിന്‍റെ കാലാവധി ഏകദിന ലോകകപ്പോടെ തന്നെ അവസാനിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ബിസിസിഐയുടെയും അഭ്യർഥന പ്രകാരം ട്വന്‍റി20 ലോകകപ്പ് വരെ തുടരുകയായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയതോടെ ദ്രാവിഡ് തുടരണമെന്ന അഭിപ്രായം ഉയർന്നെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല.
ദ്രാവിഡ് മാറുമ്പോൾ പരിശീലക സംഘത്തിലും മാറ്റം വരും. ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബൗളിങ് കോച്ച് പരസ് മാംബ്രെ, ഫീൽഡിങ് കോച്ച് ടി. ദിലീപ് എന്നിവരിൽ ആരെയെങ്കിലും ഗംഭീർ തന്‍റെ സംഘത്തിൽ നിലനിർത്തുമോ എന്ന് വ്യക്തമായിട്ടില്ല.
അതേസമയം, മുംബൈയുടെയും ഇന്ത്യയുടെയും മുൻ ഓൾറൗണ്ടറായിരുന്ന അഭിഷേക് നായരെ തന്‍റെ അസിസ്റ്റന്‍റ് കോച്ചാക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഗംഭീർ മെന്‍ററായിരുന്ന കോൽക്കത്ത നൈറ്റ് റൈഡൈഴ്സ് ഐപിഎൽ ടീമിന്‍റെ കിരീട നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അഭിഷേക് നായർ. ടീമിനു വേണ്ടി ഇന്ത്യൻ താരങ്ങളെ കണ്ടെത്തി വാർത്തെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ അവിടത്തെ ദൗത്യം.