മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടര ദിവസം മഴ കവർന്നെടുത്തിട്ടും ഇന്ത്യക്കു ജയിക്കാൻ സാധിച്ചത് ബാറ്റർമാർ സ്വീകരിച്ച ആക്രമണോത്സുക ശൈലി കാരണമാണ്. ഇതിന്‍റെ ക്രെഡിറ്റ് ആർക്ക് എന്ന കാര്യത്തിൽ അന്നു മുതൽ തർക്കവും തുടരുകയാണ്.
ഇംഗ്ലണ്ടിന്‍റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോൻ പറഞ്ഞത് ഇംഗ്ലണ്ടിന്‍റെ ബാസ്ബോൾ ശൈലി ഇന്ത്യ പകർത്തിയെന്നാണ്. എന്നാൽ, ഇത് ബാസ്ബോൾ അല്ല ഗംബോൾ ആണെന്ന മറുപടി തൽക്ഷണം നൽകിയിരുന്ന ഓസ്ട്രേലിയൻ ഇതിഹാസം ആഡം ഗിൽക്രിസ്റ്റ്. ഇതിന്‍റെ ചുവടുപിടിച്ച് ഇന്ത്യയിലും ചർച്ചകൾ സജീവമായി.
ന്യൂസിലൻഡ് ക്രിക്കറ്ററായിരുന്ന ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ടിന്‍റെ പരിശീലകനും ബെൻ സ്റ്റോക്സ് ക്യാപ്റ്റനുമായ ശേഷം സ്വീകരിച്ച ആക്രമണോത്സുക ബാറ്റിങ് ശൈലിയാണ് ബാസ്ബോൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മക്കല്ലത്തിന്‍റെ ചെല്ലപ്പേരാണ് ബാസ്. എന്നാൽ, വീരേന്ദർ സെവാഗും പിന്നീട് ഋഷഭ് പന്തുമെല്ലാം നേരത്തെ തന്നെ പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതിനാൽ വീരുബോൾ എന്നോ പന്ത്ബോളെന്നോ ഇന്ത്യയുടെ പുതിയ ശൈലിയെ വിശേഷിപ്പിക്കണമെന്നാണ് ചില ഇന്ത്യൻ ആരാധകർ അവകാശപ്പെട്ടത്.
ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തമായൊരു അഭിപ്രായവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് കമന്‍റേറ്ററും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളുമായ സുനിൽ ഗവാസ്കർ.
ബാസ്ബോളിന്‍റെ ഇന്ത്യൻ ബദലിനെ ഗംബോൾ എന്നു വിളിക്കുന്നതിനെ നിശിതമായി വിമർശിക്കുകയാണ് അദ്ദേഹം. രണ്ടു ദിവസം കൊണ്ടു ടെസ്റ്റ് ജയിച്ചതിന്‍റെ ക്രെഡിറ്റ് ഗംഭീറിനു കൊടുക്കുന്നത് കാല് നക്കികളാണെന്നാണ് അദ്ദേഹം തന്‍റെ കോളത്തിൽ തുറന്നെഴുതിയിരിക്കുന്നത്.
ഈ വിജയത്തിന്‍റെ ക്രെഡിറ്റ് ഗംഭീറിനു കൊടുക്കുന്ന ഇന്ത്യയുടെ മുൻതാരങ്ങൾ ''ഉന്നത നിലവാരത്തിലുള്ള കാല് നക്കൽ'' മാത്രമാണു ചെയ്യുന്നതെന്നാണ് ഗവാസ്കർ എഴുതിയിരിക്കുന്നത്.
ഈ ജയത്തിന്‍റെ ക്രെഡിറ്റ് ഒരിക്കലും ഗംഭീറിനല്ല. അദ്ദേഹം ഇന്ത്യൻ ടീമിന്‍റെ പരിശീലനച്ചുമതല ഏറ്റെടുത്തിട്ട് ഏതാനും മാസങ്ങളായിട്ടേയുള്ളൂ. ക്യാപ്റ്റൻ രോഹിത് ശർമയാകട്ടെ, വർഷങ്ങളായി ഇതേ ആക്രമണോത്സുക ശൈലിയിൽ ബാറ്റ് ചെയ്യുകയും, തന്‍റെ സഹതാരങ്ങളെ അതേ രീതിയിൽ കളിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു. അതിനാൽ, ക്രെഡിറ്റ് രോഹിത്തിനാണെന്നും ഗവാസ്കർ പറയുന്നു.
രോഹിത് എന്ന ക്യാപ്റ്റനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ബോസ്. അതിനാൽ ബാസ്ബോളിന്‍റെ ഇന്ത്യൻ ബദലിനെ ബോസ്ബോൾ എന്ന പേരും ഗവാസ്കർ നിർദേശിക്കുന്നുണ്ട്.
ഇതുമാത്രമല്ല, മക്കല്ലം കളിച്ചിരുന്ന കാലത്തും ആക്രമണോത്സുക ശൈലി സ്വീകരിച്ചിരുന്ന ആളാണ്. ഗംഭീർ ഒരിക്കലും ആ രീതിയിൽ ബാറ്റ് ചെയ്യുന്നതു താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മുംബൈ ലോബിയുടെ ഭാഗമായി നിന്നാണ് ഗവാസ്കർ ഈ അഭിപ്രായം പറയുന്നതെന്ന വിമർശനങ്ങൾ ഉയരാനും ഒട്ടും വൈകിയില്ല. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ പരമ്പരാഗത വൈരികളാണ് ഡൽഹി. അവരോട് ഇന്നും അടങ്ങാത്ത പക കാരണമാണ് ഡൽഹിക്കാരനായ ഗംഭീറിനെ മുംബൈക്കാരനായ ഗവാസ്കർ അംഗീകരിക്കാത്തതെന്നും കമന്‍റുകൾ വരുന്നു.