വോളിബോളിലെ ചേതോഹരമായ അട്ടിമറികൾ

ഇന്ത്യൻ വോളിബോളിന്‍റെ ലണ്ടൻ സ്റ്റേജുകളിലൊന്ന് വടകരയാണെന്നത് അന്നാട്ടുകാരുടെ തറവാടിത്ത ഘോഷണമല്ല; 1960കളുടെ രണ്ടാം പകുതി മുതൽ കാൽ നൂറ്റാണ്ടുകാലം വടകരയിലെത്തിയ മറുനാടൻ കളിക്കാരുടെ സാക്ഷ്യമാണ്
വോളിബോളിലെ ചേതോഹരമായ അട്ടിമറികൾ
എം.എൻ. രാജപ്പൻ, ജോസ് ജോർജ്, അലക്സ്, ജിമ്മി ജോർജ്.
Updated on

കെ.പി. സുനിൽകുമാർ

ബഹുമുഖ പ്രതിഭയായ കള്ളിക്കാട് രാമചന്ദ്രൻ ഫുട്ബോളിനെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ എഴുതി:

''ലണ്ടൻ സ്റ്റേജിൽ നാടകം കളിക്കുമ്പോൾ മുൻനിരയിൽ കളി കാണാൻ സർ വിൻസ്റ്റൺ ചർച്ചിലിനെപ്പോലുള്ളവർ ഉള്ളപ്പോൾ കിങ് ലിയറും മാർക്ക് ആന്‍റണിയും ഒഥല്ലോയും ഒരു ബാധ പോലെ ധമനികളിൽ പ്രവേശിക്കുമായിരുന്നുവെന്ന് നടൻമാരുടെ ഇടയിൽ രാജസംഹമായി പറന്ന റിച്ചാർഡ് ബർട്ടൺ തന്‍റെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നല്ല കളിക്ക് നല്ല കാഴ്ചക്കാരനും വേണ്ടതുണ്ടെന്ന നേര് ഫുട്ബോൾ കളിയുടെ കാര്യത്തിലാവുമ്പോൾ നേരിന്‍റെയും നേരാകുന്നു. ചുറ്റിലും കളി കണ്ടിരിക്കുന്നവരുടെ ഉന്മാദം വൈദ്യുതി തരംഗം പോലെ കളിക്കാരനിൽ പ്രവേശിക്കുന്നു.''

ഇന്ത്യൻ വോളിബോളിന്‍റെ ലണ്ടൻ സ്റ്റേജുകളിലൊന്ന് വടകരയാണെന്നത് അന്നാട്ടുകാരുടെ തറവാടിത്ത ഘോഷണമല്ല; 1960കളുടെ രണ്ടാം പകുതി മുതൽ കാൽ നൂറ്റാണ്ടുകാലം വടകരയിലെത്തിയ മറുനാടൻ കളിക്കാരുടെ സാക്ഷ്യമാണ്. മറ്റു പല കേന്ദ്രങ്ങളിലും നിറം മങ്ങിയ ടീമുകൾ വടകരയുടെ മണ്ണിൽ വീറോടെ, വാശിയോടെ പൊരുതിത്തിളങ്ങിയത് അവിടത്തെ കാഴ്ചക്കാരുടെ ഉന്മാദസാന്നിധ്യം കൊണ്ടുകൂടിയാണ്.

Balwant Singh
ബൽവന്ത് സിങ്

ഇന്ത്യൻ വോളിബോളിലെ ഗ്ലാമർ ടീമായിരുന്നു ബിഎസ്എഫ് ജലന്ധർ. നൃപ്‌ജിത് സിങ് ബേദിയായിരുന്നു അറുപതുകളിൽ ടീമിന്‍റെ വെട്ടിത്തിളങ്ങുന്ന താരം. അറുപതുകളുടെ അവസാനത്തോടെ ബൽവന്ത് സിങ്ങിന്‍റെ രംഗപ്രവേശമായി. രാജ്യത്തെ വോളിബോളിലെ അതികായനായി മാറിയ ബല്ലു നിറഞ്ഞുനിന്ന ബിഎസ്എഫിനെ അട്ടിമറിക്കുക എന്നത് ഏതൊരു സംഘത്തിന്‍റെയും സ്വപ്നമായിരുന്നു അക്കാലത്ത്. അര നൂറ്റാണ് മുൻപ്, 1974 ഏപ്രിലിൽ അത്തരം അട്ടിമറികൾക്ക് വടകര സാക്ഷ്യം വഹിച്ചു. അതാവട്ടെ, തൊട്ടു മുൻപത്തെ മാസം ഉദ്യോഗമണ്ഡലിൽ നടത്തിയ എഫ്എസിടി ട്രോഫി വോളിബോൾ ടൂർണമെന്‍റിൽനിന്നുള്ള മുന്നോട്ടുപോക്കുമാണ്. ഉദ്യോഗമണ്ഡലലിൽ കലാശക്കളിയിലാണ് ആർട്ടിലറി സെന്‍ററിനു മുന്നിൽ ബിഎസ്എഫ് വീണതെങ്കിൽ, വടകരയിൽ പ്രാഥമിക റൗണ്ടിൽ തന്നെയാണ് ഇരട്ട പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. 1967ൽ ആരംഭിച്ച എ.സി.കെ. നമ്പ്യാർ സ്മാരക അഖിലേന്ത്യാ ടൂർണമെന്‍റ് അപ്പോഴേക്കും രാജ്യത്തെ തന്നെ എണ്ണം പറഞ്ഞ ടൂർണമെന്‍റായി അറിയപ്പെട്ടുകഴിഞ്ഞിരുന്നു.

എ.സി.കെ. നമ്പ്യാർ ടൂർണമെന്‍റിന്‍റെ 1974ലെ കന്നി മത്സരത്തിൽ ഏപ്രിൽ 11ന് എം.എൻ. രാജപ്പന്‍റെ നേതൃത്വത്തിൽ അലക്സ്, ജിമ്മി ജോർജ്, ജോസ് ജോർജ്, ദേവസിക്കുട്ടി, പി.ജെ. പോൾ, ജോയ് തോമസ് എന്നിവരടങ്ങിയ പ്രീമിയർ ടയേഴ്സ് ഒന്നിനെതിരേ മൂന്നു സെറ്റുകൾക്കാണ് ബിഎസ്എഫിനെ കീഴടക്കിയത്. ബല്ലുവിനെ കൂടാതെ ഇന്ദർ സിങ്, ബും സിങ്, മൊഹീന്ദർ, കമൽജിത്ത്, ജാഗീർ സിങ്, ശിവകുമാർ എന്നിവരായിരുന്നു ബിഎസ്എഫ് നിരയിലുണ്ടായിരുന്നത്. വിഷു ദിവസം എസ്ബിഐക്കെതിരായ പോരാട്ടത്തിൽ ബിഎസ്എഫ് ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റിൽ 5-3 ലീഡുമായി മത്സരം പുരോഗമിക്കവെയാണ്, നിർഭാഗ്യമെന്നു പറയട്ടെ, സ്റ്റേഡിയത്തിന്‍റെ വടക്കുഭാഗത്തായുള്ള ഗ്യാലറി നിലംപൊത്തിയത്.

വോളിബോളിലെ ചേതോഹരമായ അട്ടിമറികൾ
നവാബ് ജാൻ, രമണ റാവു, രാമലിംഗം, മനോഹരൻ.

ഒരാഴ്ചയ്ക്കുള്ളിൽ ഗ്യാലറി വീണ്ടും നിർമിച്ച് മത്സരം നടത്തിയപ്പോൾ നവാബ് ജാന്‍റെ നേതൃത്വത്തിൽ രമണ റാവു, രാമലിംഗം, മനോഹരൻ, ധനപാലൻ, രഘുരാമൻ എന്നിവർ അണിനിരന്ന എസ്ബിഐയിൽ നിന്ന് ബിഎസ്എഫിന് അടുത്ത പ്രകരം ഏറ്റുവാങ്ങേണ്ടി വന്നു. ഐസിഎഫ്, ആർട്ടിലറി സെന്‍റർ തുടങ്ങിയ ടീമുകൾക്കെതിരേ നേടിയ വിജയം മാത്രമാണ് ബിഎസ്എഫിന് ആശ്വാസം പകർന്നത്.

എ.സി.കെ. നമ്പ്യാർ ടൂർണമെന്‍റിന്‍റെ മുൻവർഷങ്ങളിൽ പങ്കെടുത്ത നാല് വട്ടവും ട്രോഫി നേടിയ ടീമാണ് ബിഎസ്എഫ്. ആദ്യ മൂന്നെണ്ണത്തിൽ ഫാക്ടിനെയും നാലാമത്തേതിൽ യുപി പൊലീസിനെയും ഫൈനലിൽ വകഞ്ഞുമാറ്റിയ ബിഎസ്എഫ് ഇത്രത്തോളം ഉലഞ്ഞുപോയതു കണ്ട് ആസ്വാദക്കൂട്ടം അന്ധാളിച്ചു.

ബിഎസ്എഫിനെ അട്ടിമറിച്ച രണ്ടു ടീമുകൾ കിരീടത്തിനായി പോരാടിയപ്പോൾ പ്രീമിയർ ടയേഴ്സ് അവിസ്മരണീയ നേട്ടം കൈവരിച്ചു. ജിമ്മി - ജോസ് സഹോദരന്മാർ ക്ലബ് വോളിയിൽ അരങ്ങേറ്റം കുറിച്ച വർഷമായിരുന്നു അത്. കളിച്ച ഒരു ഡസനോളം ടൂർണമെന്‍റുകളിൽ മുക്കാൽപ്പങ്കിലും പ്രീമിയർ ജേതാക്കളായത് ആ സീസണിലായിരുന്നു. വടകര ടൂർണമെന്‍റിൽ മികച്ച കളിക്കാരനുള്ള പൊൻപതക്കം അണിഞ്ഞത് പ്രീമിയർ രാജപ്പനും.

തീർച്ചയായും അതീവദുഃഖിതനായിരുന്നു ബല്ലു. വെറുംകൈയോടെയുള്ള മടക്കം തന്‍റെ ഇഷ്ടകേന്ദ്രമായ വടകരയിൽനിന്നായത് ബല്ലുവിന്‍റെ ദുഃഖത്തിന് ആഴം കൂട്ടിയിരുന്നിരിക്കണം. പതിറ്റാണ്ടുകൾ അഞ്ച് കടന്നുപോയിട്ടും ചേതോഹരമായ അട്ടിമറികൾ അന്നത്തെ കാണികളും കളിക്കാരും ഒളിമങ്ങാതെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നുണ്ട്. ഈയടുത്ത് സ്റ്റേറ്റ് ബാങ്ക് താരം മനോഹരന്‍റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം അദ്ഭുതം കൂറി, ''ഫൈവ് ഡെക്കേഡ്സ്! ഹാഫ് എ സെഞ്ചുറി! അൺബിലീവബിൾ...!''

Trending

No stories found.

Latest News

No stories found.