'അതിഥികളുടെ' കരുത്തുമായി കേരളം; ഇനി രഞ്ജി ട്രോഫി പോരാട്ടം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണിലെ കേരളത്തിന്‍റെ ആദ്യ മത്സരം വെള്ളിയാഴ്ച ആരംഭിക്കും. പഞ്ചാബാണ് എതിരാളികൾ
Jalaj Saxena, Baba Aparajith, Aditya Sarwate
ജലജ് സക്സേന, ബാബാ അപരാജിത്, ആദിത്യ സർവാതെ
Updated on

കേരള ക്രിക്കറ്റ് ലീഗിനു ശേഷം വീണ്ടും ക്രിക്കറ്റ് ആവേശത്തിനു വേദിയാവുകയാണ് തലസ്ഥാന നഗരി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണിലെ കേരളത്തിന്‍റെ ആദ്യ മത്സരം വെള്ളിയാഴ്ച ആരംഭിക്കും. പഞ്ചാബാണ് എതിരാളികൾ. തുമ്പ സെന്‍റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് ചതുർദിന മത്സരം.

മുൻ ഇന്ത്യന്‍ താരവും ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിന്‍റെ വെടിക്കെട്ട് ബാറ്ററുമായിരുന്ന അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്‍റെ പരിശീലകന്‍. ഇന്ത്യൻ ടീമിനൊപ്പമുള്ള സഞ്ജു സാംസൺ കേരളത്തിനു വേണ്ടി കളിക്കുന്നില്ലെങ്കിലും, സച്ചിൻ ബേബി നയിക്കുന്ന ടീം ഇത്തവണ കൂടുതൽ അതിഥി താരങ്ങളെ ഉൾപ്പെടുത്തി ശക്തമാക്കിയിട്ടുണ്ട്.

മധ്യപ്രദേശിൽനിന്നുള്ള ജലജ് സക്സേന മുൻ സീസണുകളിലേതു പോലെ കേരള ടീമിൽ തുടരുന്നു. ദേശീയ ശ്രദ്ധയാകർഷിച്ച പ്രകടനങ്ങൾ ബാറ്റുകൊണ്ടും പന്തുകൊണ്ടും കേരളത്തിനു വേണ്ടി സക്സേന നടത്തിയിട്ടുണ്ട്. ഇത്തവണ തമിഴ്നാടിന്‍റെ വിശ്വസ്ത ബാബാ അപരാജിത്, വിദർഭയിൽ നിന്നുള്ള ആദിത്യ സർവാതെ എന്നിവരെ കൂടി കേരള ടീമിലേക്കു കൊണ്ടുവന്നു. മൂവരും ഓൾറൗണ്ടർമാരാണ് എന്നത് കേരള ടീമിനെ സന്തുലിതമാക്കുന്നു.

ഇവരെ കൂടാതെ, കഴിഞ്ഞ സീസണിൽ തകർപ്പൻ ഫോമിലായിരുന്ന സച്ചിന്‍ ബേബി നയിക്കുന്ന ബാറ്റിങ് നിരയിൽ രോഹന്‍ കുന്നുമ്മൽ, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരും മികവ് തെളിയിച്ചവരാണ്. ബേസില്‍ തമ്പിയും കെ.എം. ആസിഫും ഉൾപ്പെട്ട ഫാസ്റ്റ് ബൗളിങ് യൂണിറ്റും പരിചയസമ്പന്നമാണ്. വ്യത്യസ്ത ഫോർമാറ്റിൽ ആയിരുന്നെങ്കിലും, കേരള ക്രിക്കറ്റിൽ ലീഗിൽ സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍ തുടങ്ങിയവർ നടത്തിയ മികച്ച പ്രകടനം അവർക്കും ടീമിനാകെയും ആത്മവിശ്വാസം പകരും.

കഴിഞ്ഞ സീസണില്‍ ബംഗാളിനെതിരേ മാത്രമാണു കേരളത്തിന് ജയിക്കാനായത്. ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ലക്ഷ്യമിടുന്ന ടീമിനെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാകും കൂടുതല്‍ നിര്‍ണായകമാവുക. കാരണം രഞ്ജിയില്‍ ആദ്യ ഇന്നിങ്‌സ് ലീഡാണ് പലപ്പോഴും പോയിന്‍റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക.

Amay Khurasiya
അമയ് ഖുറാസിയ

എതിരാളികളും കരുത്തർ

കഴിഞ്ഞ സീസണിൽ സയ്യദ് മുഷ്താഖ് അലി ട്വന്‍റി20 ടൂര്‍ണമെന്‍റിൽ ജേതാക്കളായിരുന്നു പഞ്ചാബ്. രഞ്ജി ട്രോഫി ടീമിൽ ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, അര്‍ഷദീപ് സിങ് എന്നിവർ ഉൾപ്പെടുന്നില്ലെങ്കിലും, ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രന്‍ സിങ്, അന്‍മോല്‍പ്രീത് സിങ്, സിദ്ധാർഥ് കൗള്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്‍റെ പരിശീലകന്‍.

ഈ സീസണില്‍ നാല് മത്സരങ്ങള്‍ക്കാണ് കേരളം വേദിയാവുക. പഞ്ചാബിനു പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ ടീമുകളാണ് കേരളത്തിൽ കളിക്കാനെത്തുന്നത്. ഉത്തർ പ്രദേശ്, മധ്യ പ്രദേശ് ടീമുകളും നിരവധി ഐപിഎൽ താരങ്ങളാൽ സമ്പന്നമാണ്. യുപി ടീമില്‍ നിതീഷ് റാണ, യഷ് ദയാല്‍ തുടങ്ങിയവർ ഉൾപ്പെടുന്നു. മധ്യപ്രദേശ് ടീമില്‍ രജത് പട്ടീദാര്‍, വെങ്കിടേഷ് അയ്യര്‍, ആവേശ് ഖാന്‍ തുടങ്ങിയവരുമുണ്ട്. ഇവരുടെയൊക്കെ പ്രകടനം നേരിട്ടു കാണാനുള്ള അവസരം കൂടിയാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് കിട്ടുക.

മത്സരങ്ങൾ രണ്ടു ഘട്ടം

കാലാവസ്ഥ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ രഞ്ജി മല്‌സരങ്ങള്‍. ആദ്യ ഘട്ടം ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 13 വരെയാണ്. ജനുവരി 23നാണ് രണ്ടാം ഘട്ടം തുടങ്ങുക. നവംബര്‍ ആറ് മുതല്‍ ഒന്‍പത് വരെയാണ് ഉത്തര്‍പ്രദേശുമായുള്ള കേരളത്തിന്‍റെ മത്സരം. മധ്യപ്രദേശുമായുള്ള മത്സരം ജനുവരി 23നും ബിഹാറുമായുള്ള മത്സരം ജനുവരി 30നും ആരംഭിക്കും.

Trending

No stories found.

Latest News

No stories found.