യൂട്യൂബ് നോക്കി പഠിച്ച് ട്രാക്കിലേക്ക്, എറിഞ്ഞു നേടിയത് സ്വർണം

കഴിഞ്ഞ വർഷത്തെ പിഴവുകൾ പരിഹരിച്ച് ഇക്കുറി അദ്വൈതിന്‍റെ നേട്ടം
Advaith
Advaith
Updated on

ആർദ്ര ഗോപകുമാർ

കുന്ദംകുളം: യൂട്യൂബ് വീഡിയോസ് നോക്കി സ്വയം പരിശീലിച്ച്, കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഹാമര്‍ത്രോ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ചിരുന്നെങ്കിലും ആദ്യറൗണ്ടില്‍തന്നെ ഫൗൾ. എന്നാൽ ഇക്കുറി എല്ലാം തിരുത്തിക്കുറച്ചുകൊണ്ട് മുന്നേറുകയാണ് അദ്വൈത് സന്തോഷ്. വയനാട് മുള്ളൻകൊല്ലി സെന്‍റ് മേരീസ് എച്ച്എസ്എസിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ അദ്വൈത്, സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ഇത്തവണ എറിഞ്ഞിട്ടിരിക്കുന്നത് സ്വര്‍ണം തന്നെ. 55.27 മീറ്റർ ദൂരമാണ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയവരെ പിന്തള്ളിയാണ് അദ്വൈത് ഈ വർഷം ഒന്നാമത് എത്തിയിരിക്കുന്നത്. അദ്വൈതിന്‍റെ മികച്ച ദൂരവും ഇതു തന്നെ. സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട് പുട്ടിലും മത്സരിക്കുന്നുണ്ട്.

യൂട്യൂബ് വീഡിയോസ് നോക്കിയാണ് രണ്ടു വർഷത്തോളമായി സ്വയം പരിശീലനം നടത്തുന്നത്. കൂട്ടുകാരന്‍റെ സാഹയത്തോടെ സ്വന്തം വീഡിയോ ഷൂട്ട് ചെയ്ത് പിഴവുകൾ കണ്ടെത്തി തിരുത്തും. അദ്വൈതിന്‍റെ അമ്മ ജോലി ചെയ്യുന്ന സ്കൂൾ ഗ്രൗണ്ടിലാണ് പ്രാക്‌റ്റിസ്. നെറ്റ് കെട്ടിയിട്ടില്ലാത്തതിനാൽ അതിരാവിലെ തന്നെ പരിശീലനം നടത്തണം. കഴിഞ്ഞ വര്‍ഷം കൃത്യമായ പരിശീലനം പോലുമില്ലാതെയാണ് സംസ്ഥാനതലം വരെ യോഗ്യത നേടിയെത്തിയത്.

എന്നാൽ, ഇപ്പോൾ കഷ്ടപ്പാടിന്‍റെ കാലമൊക്കെ കഴിഞ്ഞു. കഴിഞ്ഞ തവണയുണ്ടായ പിഴവുകള്‍ തിരുത്തുന്നതിന് ഇത്തവണ പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാഡമിയില്‍ ആറു മാസം മുന്‍പ് പരിശീനത്തിനു ചേര്‍ന്നു. ആ തീരുമാനം തെറ്റിയില്ലെന്നു തെളിയിക്കുന്നതായിരുന്നു ഇവിടെ നേടിയ സ്വര്‍ണം.

വയനാട് പുല്‍പ്പള്ളി കുന്നത്തുവീട്ടില്‍ കെഎസ്ഇബി ജീവനക്കാരനായ കെ.എസ്. സന്തോഷിന്‍റെയും ഓഫിസ് അസിസ്റ്റന്‍റായ സി.കെ. ഷില്ലിമോളുടെയും മകനായ അദ്വൈത് ഇപ്പോള്‍ പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാഡമിയിലെ ജോസ്പ്രകാശിന്‍റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

കോഴിക്കോട് നടന്ന ജൂനിയര്‍ മീറ്റില്‍ ഹാമർ ത്രോയിൽ വെള്ളി നേടിയിരുന്നു. 49 മീറ്ററായിരുന്നു അന്നത്തെ ദൂരം. ഹാമർത്രോ, ഡിസ്കസ്ത്രോ, ഷോട്ട്പുട്ട് എന്നീ മത്സരങ്ങളിൽ വയനാട്ടിൽ നിന്ന് സ്വർണം കരസ്ഥമാക്കിയാണ് സംസ്ഥാന തലത്തിലേക്കെത്തിയത്. ഹാമർത്രോയിലും ഷോട്ട്പുട്ടിലുമാണ് കുന്നംകുളത്ത് മത്സരിക്കുന്നത്.

Trending

No stories found.

Latest News

No stories found.