പോര്‍ട്ട് ഓഫ് സ്‌പെയിന്‍: സന്ദർശക ടീമിനു വേണ്ട ‘അടിസ്ഥാന ആവശ്യങ്ങൾ’ ഉറപ്പാക്കാൻ പോലും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനു സാധിക്കുന്നില്ലെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വമ്പന്‍ ജയം നേടിയ ശേഷം സമ്മാനദാനച്ചടങ്ങിനിടെയാണ്, ഹാർദിക് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചത്. രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക്കാണ് മത്സരത്തിൽ ടീമിനെ നയിച്ചത്.
"ഞങ്ങള്‍ കളിച്ചതില്‍വച്ചേറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നാണ് ‘ട്രിനിഡാഡിലേത്. അടുത്ത തവണ ടൂർണമെന്‍റിന് എത്തുമ്പോൾ യാത്രയുള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളെങ്കിലും മെച്ചപ്പെടുത്താൻ ശ്രമിക്കണം. ഇത്തരം കാര്യങ്ങളിൽ പ്രശ്നങ്ങളില്ലാതിരിക്കാന്‍ വെസ്റ്റിൻഡീസ് ബോർഡ് ശ്രദ്ധിക്കുമെന്നാണു പ്രതീക്ഷ. ഞങ്ങള്‍ ആഡംബരം ആവശ്യപ്പെടുന്നില്ല, കുറഞ്ഞപക്ഷം അടിസ്ഥാനപരമായ ആവശ്യങ്ങളെങ്കിലും സാധിച്ചുതരണം'', ഹാർദിക് പാണ്ഡ്യ പറഞ്ഞു.
നിര്‍ണായക മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ 200 റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കുകയായിരുന്നു. 3 ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ മത്സരം ഇന്ത്യ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ജയം സ്വന്തമാക്കിയതോടെ ഇന്ത്യയ്ക്ക് അവസാന മത്സരം നിർണായകമാവുകയായിരുന്നു. അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യയെ ഹാര്‍ദിക്കാണ് നയിച്ചത്. അതേസമയം ഇന്ത്യയ്ക്ക് ഇനി അഞ്ച് ട്വന്‍റി20 മത്സരങ്ങളാണ് കളിക്കാനുള്ളത്. വ്യാഴാഴ്‌ചയാണ് ആദ്യ മത്സരം.